വിമാനങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് യാത്രക്കാർക്കും സമ്മിശ്രമായ അഭിപ്രായമാണ് ഉള്ളത്. വിമാനത്തിൽ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അനുവദനീയമായ പരിധി എന്താണ് എന്നതും ചർച്ചയാകുന്നു. മദ്യം വിളമ്പാൻ ഒരു നിശ്ചിത പരിധി നിർണയിക്കേണ്ടതില്ല എന്ന് ഒരു വിഭാഗം പറയുമ്പോൾ, അതിന് പരിധി വേണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. വിമാനത്തിലെ മദ്യം വിളമ്പൽ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അത് മനസ്സിലാക്കാൻ, ഇതിന് പിന്നിലെ ചരിത്രത്തിലേക്ക് കൂടി ഒന്നു നോക്കാം.
എപ്പോഴാണ് വിമാനങ്ങളിൽ ആദ്യമായി മദ്യം നൽകി തുടങ്ങിയത്?
advertisement
വിമാനത്തിനുള്ളിലെ മദ്യപാനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു റിപ്പോർട്ട് ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്തിനുള്ളിലെ മദ്യപാനം ആഡംബരമായാണ് വിലയിരുത്തപ്പെടുന്നത്. 1783 ഡിസംബറിൽ ഫ്രഞ്ച് സഹോദരൻമാരായ ജോസഫ്-മൈക്കൽ, ജാക്വസ്-എറ്റിയെൻ മോണ്ട്ഗോൾഫിയർ എന്നിവർ രൂപകൽപ്പന ചെയ്‌ത ഹോട്ട് എയർ ബലൂണിൽ ഒരു കൂട്ടം യാത്രക്കാർ നടത്തിയ യാത്രയിലാണ് ആദ്യമായി വിമാനയാത്രയ്ക്കിടെ മദ്യം വിളമ്പിയത് എന്നാണ് കരുതപ്പെടുന്നത്.
‘ഫുഡ് ഇൻ ദി എയർ ആൻഡ് സ്‌പേസ്: ദി സർപ്രൈസിംഗ് ഹിസ്റ്ററി ഓഫ് ഫുഡ് ആൻഡ് ഡ്രിങ്ക് ഇൻ ദി സ്‌കൈസ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് റിച്ചാർഡ് ഫോസ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: “ബലൂൺ അതിന്റെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ആദ്യയാത്ര തുടങ്ങിയപ്പോൾ ഭൗതികശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് ഒരു കുപ്പി ഷാംപെയ്ൻ തുറന്ന് സഹയാത്രികനായ നിക്കോളാസ്-ലൂയിസ് റോബർട്ടിന് ചിയേർസ് പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് നൽകി” എന്നാണ്. ആകാശത്തിലെ ആ ആദ്യ ഗ്ലാസ് ഷാംപെയ്ൻ വരാനിരിക്കുന്ന വിമാനയാത്രകളുടെ ഗ്ലാമർ യുഗത്തിലേക്കുള്ള വാതിൽ തുറന്നിട്ടു. വിമാന യാത്രകൾ ദൈർഘ്യമേറിയതും കൂടുതൽ സാധാരണവുമായതോടെ ഭക്ഷണത്തിനു പുറമെ, വിമാനത്തിനുള്ളിൽ മദ്യം വിളമ്പുന്നത് പിന്നീട് സാധാരണയായി മാറി
വിമാനങ്ങളിൽ മദ്യം നൽകാനാകാത്ത നിരോധന കാലഘട്ടത്തിൽ (1920-1933) പോലും മരുന്ന് എന്ന ലേബലൊട്ടിച്ച കുപ്പികളിൽ യാത്രക്കാർ മദ്യം വിമാനത്തിൽ കടത്തിയതായി പറയപ്പെടുന്നു. ഇത് ചെയ്തിരുന്നവരിൽ അധികവും വീര്യമുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന യാത്രക്കാരായിരുന്നുവത്രേ.
പാൻ ആം എന്ന പേരിലുള്ള അമേരിക്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനികളിലൊന്ന് 1927 ൽ ആരംഭിച്ചത് മുതൽ 1991ൽ സർവീസ് നിർത്തുന്ന വരെയും അവരുടെ വിമാനങ്ങളിൽ മദ്യം വിളമ്പിയിരുന്നു. മറ്റൊരു യുഎസ് കാരിയറായ നാഷണൽ എയർലൈൻസ്, ന്യൂയോർക്കിൽ നിന്ന് മിയാമിയിലേക്കുള്ള ഫ്ലൈറ്റുകളിൽ മാത്രം മദ്യം നൽകി. അക്കാലത്ത് മിയാമി യുഎസ് വ്യോമാതിർത്തിക്ക് പുറത്തായിരുന്നു എന്നതായിരുന്നു കാരണം.
2008-ൽ ഡെൽറ്റയുമായി ലയിച്ചതിന് ശേഷം പിരിച്ചുവിടപ്പെട്ട നോർത്ത് വെസ്റ്റ് എയർലൈൻസാണ് വിമാനത്തിനുള്ളിലെ മദ്യപാനത്തിന്റെ സാധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞത് എന്ന് ‘നോൺ-സ്റ്റോപ്പ് : എ ടർബുലന്റ് ഹിസ്റ്ററി ഓഫ് നോർത്ത് വെസ്റ്റ് എയർലൈൻസിന്റെ’ രചയിതാവ് ജാക്ക് എൽ-ഹായി പറയുന്നു. 1949-ൽ അതിന്റെ പുതിയ ബോയിംഗ് സ്ട്രാറ്റോക്രൂയിസർ വിമാനത്തിൽ വലിയ അടുക്കളകളും ഡൈനിംഗ് സ്പേസുകളും അവതരിപ്പിച്ചു കൊണ്ടാണ് നോർത്ത് വെസ്റ്റ് എയർലൈൻ വിമാനത്തിനുള്ളിലെ മദ്യപാനത്തിന്റെ സാധ്യതകൾ തുറന്നത്. എന്നാൽ ആഭ്യന്തര വിമാനങ്ങളിൽ സ്ഥലപരിമിതി കാരണം തുടക്കത്തിൽ മാർട്ടിനി, സ്കോച്ച്, മാൻഹട്ടൻസ്, വിസ്കി എന്നിവ മാത്രമാണ് വിളമ്പിയിരുന്നത്.
എന്നാൽ, വിമാനത്തിനുള്ളിലെ മോശം പെരുമാറ്റം ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ഫ്ലൈറ്റുകളിലെ മിതമായ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് പറയുമ്പോഴും ഒരുകാലത്ത് പരിധിയില്ലാത്ത അളവിൽ മദ്യം വിളമ്പിയിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
“മുൻപ് കുറഞ്ഞ നിരക്കിലുള്ള എയർലൈനുകളിൽ മദ്യം സൗജന്യവും ഉദാരവുമായി വിതരണം ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നു, ഒപ്പം ഒരു കോംപ്ലിമെന്ററി ഭക്ഷണവും,” ടെലിഗ്രാഫ് ട്രാവൽസിന്റെ നിക്ക് ട്രെൻഡ് പറയുന്നു.
ലോകത്തിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രക്കാർക്ക് 1970-കളിൽ ഹോട്ട്പാന്റ് ധരിച്ച ഫ്ലൈറ്റ് അറ്റൻഡന്റുകൾ “ലവ് പോഷൻ” എന്ന പേരിൽ കോക്ക്ടെയിലുകൾ നൽകിയിരുന്നുവത്രേ. വൈ-ഫൈ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മറ്റ് രൂപങ്ങൾ എന്നിവയുടെ അഭാവത്തിൽ വിമാനത്തിനുള്ളിലെ വിനോദത്തിന്റെ രൂപമായി മദ്യപാനം കണക്കാക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, അറ്റ്‌ലാന്റിക് ഫ്‌ളൈറ്റുകളിൽ ഇക്കോണമി ക്ലാസ് സീറ്റുകൾ ആദ്യമായി അവതരിപ്പിച്ചതോടെ, വിമാനയാത്രയുടെ എക്‌സ്‌ക്ലൂസീവ് ഫീലും ഗ്ലാമറും മങ്ങാൻ തുടങ്ങി. എക്കണോമി ക്ലാസിൽ കാപ്പി, ചായ, മിനറൽ വാട്ടർ, ‘ലളിതവും തണുത്തതും വിലകുറഞ്ഞതുമായ’ സാൻഡ്‌വിച്ചുകൾ എന്നിവ മാത്രമേ എയർലൈനുകൾ നൽകിയിരുന്നുള്ളൂ.
എന്തുകൊണ്ടാണ് വിമാനങ്ങളിൽ മോശം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത്?
വിമാനങ്ങളിൽ പലതരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ ലോകമെമ്പാടും നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന്, സൗത്ത് വെസ്റ്റ് എയർലൈൻസ് 2022 ജനുവരി വരെ തങ്ങളുടെ ഫ്ലൈറ്റുകളിലെ മദ്യവിൽപ്പന നിർത്തിവച്ചിരുന്നു. അക്രമാസക്തരായ യാത്രക്കാരുടെ ആക്രമണം തടയാൻ എഫ്എഎ ഒരു സീറോ ടോളറൻസ് നയം നടപ്പാക്കി. നാശനഷ്‌ടമുണ്ടാക്കുന്ന യാത്രക്കാർക്ക് ഓരോ ലംഘനത്തിനും 37,000 ഡോളർ വരെ പിഴ ചുമത്തുമെന്ന് സിഎൻബിസി റിപ്പോർട്ടിൽ പറയുന്നു.
2021 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് എക്കണോമി ക്ലാസ് യാത്രക്കാർ ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്നത് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ഇടയിലൂടെ നടക്കുമ്പോൾ ആണത്രേ. അത് അവരുടെ അപകർഷതാബോധം ഇരട്ടിപ്പിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
എയർപോർട്ടുകളിൽ എക്കാലത്തും നിലനിൽക്കുന്ന ഇടുങ്ങിയ വർഗ വ്യത്യാസങ്ങൾ അസമത്വം വർധിപ്പിക്കുന്ന അനീതിയുടെ ഭാഗമാണ്. ആത്യന്തികമായി സമൂഹത്തിലെ വർഗ്ഗപരമായ അന്തരവും സാമ്പത്തിക അസമത്വവും ഒരു മാനസിക പ്രശ്നമായി പരിണമിച്ച് കയ്യൂക്ക് കൊണ്ടായാലും സ്വന്തം അന്തസ്സും സ്ഥാനവും നിലനിർത്താനുള്ള ത്വരയാണ് പല പ്രശ്നങ്ങളും വഷളാക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു.