TRENDING:

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യക്ക് തന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നതെങ്ങനെ?

Last Updated:

കേന്ദ്രസര്‍ക്കാരിന്റെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് എംപി സോണിയാ ഗാന്ധി വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്രസര്‍ക്കാരിന്റെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് എംപി സോണിയാ ഗാന്ധി വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ആസൂത്രിതമായ ഒരു അപകടം' എന്നാണ് തിങ്കളാഴ്ച ദി ഹിന്ദുവില്‍ എഴുതിയ ഒരു കോളത്തില്‍ അവര്‍ പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി ഗോത്ര വര്‍ഗങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും നിര്‍ണായകമായ ഭരണഘടന, നിയമ, പാരിസ്ഥിതിക സുരക്ഷാ സംവിധാനങ്ങളെ മറികടക്കുകയും ചെയ്യുമെന്ന് അവര്‍ വാദിച്ചു. അവിടുത്തെ നിക്കോബാറീസ് നിലനില്‍ക്കുന്ന ഇടം വികസനമേഖലയ്ക്കുള്ളിലാണ് വരുന്നതെന്നും- 2004ലെ സുനാമിക്ക് ശേഷം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു ഗോത്രവര്‍ഗ സമൂഹമായ നിക്കോബാറീസ് അവരുടെ പൂര്‍വിക ഗ്രാമങ്ങളില്‍ നിന്ന് എന്നന്നേക്കുമായി കുടിയിറക്കപ്പെടുമെന്നും അത് പാരിസ്ഥിതിക, ഗോത്ര വര്‍ഗ ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഗ്രേറ്റ് നിക്കോബാർ പദ്ധതി
ഗ്രേറ്റ് നിക്കോബാർ പദ്ധതി
advertisement

പദ്ധതിയുടെ ഭാഗമായി വലിയ തോതിലുള്ള വനനശീകരണമുണ്ടാകുമെന്നും 8.5 ലക്ഷം മുതല്‍ 58 ലക്ഷം വരെ മരങ്ങള്‍ നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. പകരം വനം വെച്ചുപിടിപ്പിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു. പഴയ മഴക്കാടുകളുടെ സങ്കീര്‍ണതയും പാരിസ്ഥിതിക മൂല്യവും മാറ്റി സ്ഥാപിക്കുന്നതില്‍ ഇത് തീരെ അപര്യാപ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എന്താണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി?

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദീപസമൂഹത്തിലെ തെക്കേ അറ്റത്തുള്ള ദ്വീപായ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി. ഇന്ത്യയുടെ സമുദ്ര സുരക്ഷയും വ്യാപാരവും വര്‍ധിപ്പിക്കുന്നതിനായി ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ വമ്പന്‍ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഒരു തുറമുഖം, വിമാനത്താവളം, വൈദ്യുതി, ടൗണ്‍ഷിപ്പ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന തന്ത്രപരമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണത്. 2022ല്‍ പദ്ധതിക്ക് പരിസ്ഥിതി, വന അനുമതികള്‍ (വ്യവസ്ഥകളോടെ) ലഭിച്ചു. പദ്ധതിയുടെ ആകെ ചെലവ് 81,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. നീതി ആയോഗിന്റെ നേതൃത്വത്തില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡ്‌സ് ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എഎന്‍ഐഐഡിസിഒ) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രേറ്റ് നിക്കോബാറിനെ തന്ത്രപരവും സാമ്പത്തികവും വിനോദസഞ്ചാര പ്രധാന്യവുമുള്ളതാക്കി മാറ്റുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

advertisement

പ്രധാന പദ്ധതികള്‍

ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍(ICTT): ഏകദേശം 16 മില്ല്യണ്‍ ശേഷിയുള്ള ഗലാത്തിയ ബേയിലെ ഒരു ആഴക്കടല്‍ തുറമുഖമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളില്‍ ഒന്നായ മലാക്ക കടലിടുക്കിനോട് ചേര്‍ന്നുള്ള ഗ്രേറ്റ് നിക്കോബാറിന്റെ സ്ഥാനം പ്രയോജനപ്പെടുത്താനും കഴിയും.

ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം: സിവിലിയന്‍, പ്രതിരോധ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വിമാനത്താവളത്തിന് 2050 ആകുമ്പോഴേക്കും മണിക്കൂറില്‍ 4000 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

advertisement

ടൗണ്‍ഷിപ്പ് വികസനം: ഏകദേശം മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന നഗരം, റെസിഡന്‍ഷ്യല്‍, വാണിജ്യ, സ്ഥാപന ഇടങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

പവര്‍ പ്ലാന്റും അടിസ്ഥാന സൗകര്യങ്ങളും: റോഡുകള്‍, ജലവിതരണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം 450 മെഗാവാട്ട് ശേഷിയുള്ള ഗ്യാസ്, സോളാര്‍ അധിഷ്ഠിത പവര്‍ പ്ലാന്റ്

തന്ത്രപരമായ പ്രാധാന്യവും ദേശീയ സുരക്ഷയും

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപാരത്തിനും മാത്രമല്ല, രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും തന്ത്രപരമായ പ്രധാന്യമര്‍ഹിക്കുന്നു.

advertisement

1. മലാക്ക കടലിടുക്കിന് അടുത്തുള്ള തന്ത്രപരമായ സ്ഥാനം

ആഗോള വ്യാപാരത്തിന്റെ 30 മുതല്‍ 40 ശതമാനവും ചൈനയുടെ ഊര്‍ജ ഇറക്കുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന മലാക്ക കടലിടുക്കിന് സമീപമുള്ള നിര്‍ണായക പാതയായ സിക്‌സ് ഡിഗ്രി ചാനലിന് സമീപമാണ് ഗ്രേറ്റ് നിക്കോബാര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖവും വിമാനത്താവളവും വികസിപ്പിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും തിരക്കേറിയതും നിര്‍ണായകവുമായ ചോക്ക്‌പോയിന്റുകളിലൊന്നിലൂടെ ഇന്ത്യക്ക് സമുദ്രഗതാഗതം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും കഴിയും.

2. സൈനിക, നാവികപരമായ നേട്ടങ്ങള്‍

advertisement

ഇവിടെ നിര്‍മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം സിവിലിയന്‍, പ്രതിരോധ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ഇത് ഇന്ത്യയുടെ ട്രൈ-സര്‍വീസസ് കമാന്‍ഡായ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡില്‍ നാവികസേനയെയും വ്യോമസേനയെയും വേഗത്തില്‍ വിന്യസിക്കാന്‍ പര്യാപ്തമാക്കും. മറ്റുരാജ്യങ്ങള്‍ക്കും മേല്‍ക്കൈയുള്ള പ്രധാന സമുദ്രമേഖലകളായ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യയുടെ നിരീക്ഷണം ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

3. ചൈനയുടെ ഇടപെടലുകള്‍ നിരീക്ഷിക്കാം

മ്യാന്‍മന്‍, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഗ്രേറ്റ് നിക്കോബാറില്‍ നിര്‍മിക്കുന്ന ലോകോത്തര നിലവാരമുള്ള ഇന്ത്യന്‍ തുറമുഖം പ്രാദേശികവും ആഗോളതലത്തിലുമുള്ള ഷിപ്പിംഗിനായി ചൈനീസ് തുറമുഖങ്ങള്‍ക്ക് ഒരു ബദലായി പ്രവര്‍ത്തിക്കും. ഇന്തോ-പസഫിക്കിലെ ഒരു ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കും. കൂടാതെ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷ സാധ്യതയുണ്ടായാല്‍ അത് ഇന്ത്യക്ക് നേട്ടമായും തീരും.

4. മാരിടൈം ഡൊമെയ്ന്‍ അവയര്‍നെസ്(എംഡിഎ)

തുറമുഖവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കപ്പല്‍ പാതകള്‍ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമുള്ള ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കും. ക്വാഡ് സുരക്ഷാ നടപടികളില്‍(യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുമായുള്ള) ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തും.

5. ദുരന്ത പ്രതികരണവും പ്രാദേശികമായ സുരക്ഷയും

2004ല്‍ വീശിയടിച്ച സുനാമി തിരകള്‍ ഈ മേഖലയുടെ പോരായ്മകളെ എടുത്തു കാണിച്ചു. ഗ്രേറ്റ് നിക്കോബാറില്‍ ഒരു ആധുനിക തുറമുഖവും വിമാനത്താവളവും ഹ്യുമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിലീപ്(എച്ച്എഡിആര്‍) ശേഷി വര്‍ധിപ്പിക്കും. ഇത് തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളം ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയും മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന രാജ്യമെന്ന നിലയില്‍ അതിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്യും.

ആശങ്കകള്‍

ഈ പദ്ധതി പാരിസ്ഥിതിക, സാമൂഹിക പരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

പാരിസ്ഥിതിക ആഘാതം: വന്‍തോതിലുള്ള വനനശീകരണം (എട്ട് ലക്ഷത്തിലധികം മരങ്ങള്‍) അപൂര്‍വ ജീവജാലങ്ങള്‍ക്ക് (നിക്കോബാര്‍ മെഗാപോഡ്, ലെതര്‍ബാക്ക് ആമകള്‍ പോലെയുള്ളവ) ഭീഷണിയാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  8.5 ലക്ഷം മരങ്ങള്‍ വെട്ടിമാറ്റുമെന്നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തന്നെ നല്‍കുന്ന കണക്കുകള്‍. എന്നാല്‍ 32 ലക്ഷം മുതല്‍ 58 ലക്ഷം വരെ മരങ്ങള്‍ മുറിക്കപ്പെടുമെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ് കഴിഞ്ഞ വര്‍ഷം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഇതിനായി ഈ പദ്ധതി താത്കാലികമായി നിറുത്തിവെച്ച് സ്വതന്ത്രവും പ്രൊഫഷണലായും പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഈ പദ്ധതിയുടെ ദുരന്തഫലങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യണമെന്നും അന്തസ്സും അഹങ്കാരവും മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശീയ സമൂഹങ്ങള്‍: ഈ ദ്വീപില്‍ അധിവസിക്കുന്ന ഷോംപെന്‍സ്, നിക്കോബാറീസ് ഗോത്ര വിഭാഗങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള സ്ഥാനഭ്രംശത്തെക്കുറിച്ചും സാംസ്‌കാരിക ആഘാതത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അവര്‍ താരതമ്യേന ദുര്‍ബലരായ ഗോത്രവിഭാഗത്തിലാണ്(Particularly Vulnerable Tribal Groups (PVTGs)) ഉള്‍പ്പെടുന്നത്.  പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ വനാവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവല്‍ ഓറാമിന് കത്തെഴുതിയിരുന്നു. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2004-ലെ സുനാമിയില്‍ കുടിയിറക്കപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ പൂര്‍വ്വിക ഭൂമിയിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. പദ്ധതി അവരുടെ ജീവിതരീതിക്ക് ഭീഷണിയാകുമെന്നും അവരുടെ ഭൂമി വഴിതിരിച്ചുവിടുന്നത് മൂലം കൂടുതല്‍ പാര്‍ശവത്ക്കരിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നതായും രാഹുല്‍ ഗാന്ധി തന്റെ കത്തില്‍ പറഞ്ഞു.

ഭൂകമ്പ സാധ്യത: 2004ലെ സുനാമിയില്‍ തകര്‍ന്ന ഗ്രേറ്റ് നിക്കോബാര്‍ ഭൂകമ്പ-സുനാമി എന്നിവയ്ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 2004ലെ സുനാമിയില്‍ ദ്വീപ് ഏകദേശം 15 അടിയോളം താഴ്ന്നിരുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഭൂകമ്പ മേഖലയില്‍ ഇത്രയും വലിയ പദ്ധതികള്‍ നിര്‍മിക്കുന്തന് ദുരന്തത്തെ ക്ഷണിച്ചുവരുത്തുകയാണെന്ന് ജയറാം രമേശ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യക്ക് തന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories