രാജ് ഭവനിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെ ഗവർണർ മോശമായി സ്പർശിച്ചുവെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നുമാണ് പരാതിക്കാരി പോലീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 19നും 24നുമാണ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി. ജീവനക്കാരിക്ക് പ്രമോഷന് വേണ്ടി താൻ ശ്രമിക്കാമെന്ന് ആനന്ദ ബോസ് പറഞ്ഞതായും പരാതിയിൽ പറയുന്നു. പോലീസിന് ജീവനക്കാരിയുടെ പരാതി ലഭിച്ചിട്ടുള്ളതായി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി സ്ഥിരീകരിച്ചു. ഗവർണർക്കെതിരായ പരാതി ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷന് കൈമാറിയതായും മുഖർജി വ്യക്തമാക്കി.
advertisement
നേരത്തെ തന്നെ നേർക്കുനേർ പോരാടുകയായിരുന്ന തൃണമുൽ സർക്കാരും ഗവർണർ ആനന്ദ ബോസും തമ്മിലുള്ള തർക്കം ഈ കേസോടെ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. രാജ് ഭവൻെറ പവിത്രത കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് തൃണമൂൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ് ഭവനിൽ സന്ദർശനത്തിനായി എത്തുന്നതിന് മുമ്പാണ് വനിതാ ജീവനക്കാരിക്കെതിരെ ലൈംഗിക ആരോപണത്തിന് ശ്രമം നടന്നിട്ടുള്ളതെന്നും തൃണമുൽ കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് ഗവർണർ. രാജ് ഭവനിൽ അദ്ദേഹം പോലീസിനെ നിരോധിച്ചിരിക്കുകയാണ്. “തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ സ്ഥാപിത താൽപര്യപ്രകാരം രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ കൊണ്ട് കെട്ടിച്ചമച്ച കേസിൻമേലാണ് അന്വേഷണം നടക്കുന്നത്. രാജ് ഭവൻ പരിസരത്ത് പോലീസിന് നിലവിൽ പ്രവേശനം അനുവദിക്കുന്നതല്ല. അറ്റോർണി ജനറലിനോട് കൂടുതൽ നിയമോപദേശം തേടിയിട്ടുണ്ട്,” ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയുടെ 361ാം വകുപ്പ് പ്രകാരം കേസിൽ നിന്ന് ഗവർണർക്ക് സംരക്ഷണം ലഭിക്കും. ഈ വകുപ്പ് അനുസരിച്ച് പദവിയിലിരിക്കെ പ്രസിഡൻറിനെതിരെയോ ഗവർണർക്കെതിരെയോ കോടതി നടപടികൾ പാടില്ല. അതിനാൽ ഈ വകുപ്പ് പ്രകാരം ലൈംഗികാരോപണ പരാതിയിൽ ആനന്ദ ബോസ് ഉത്തരം പറയേണ്ടതില്ല. ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ് മാറുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിനെതിരെ നിയമ നടപടികൾ ഉണ്ടാവുകയുള്ളൂ.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്ങിനെതിരായ അന്വേഷണം നിർത്തിവെച്ച സാഹചര്യം 2017ൽ ഉണ്ടായിട്ടുണ്ട്. അക്കാലത്ത് കല്യാൺ സിങ് രാജസ്ഥാൻ ഗവർണർ ആയിരുന്നു എന്നതായിരുന്നു കാരണം. ഗവർണർ സ്ഥാനത്ത് നിന്ന് മാറിയാൽ മാത്രമേ കല്യാൺ സിങ്ങിനെതിരെ അന്വേഷണം നടത്താൻ പാടുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മുൻ ആന്ധ്രപ്രദേശ് ഗവർണർ എൻഡി തിവാരി, മുൻ മേഘാലയ ഗവർണർ വി ഷൺമുഖ നാഥൻ എന്നിവർ ലൈംഗിക പരാതികളെ തുടർന്ന് സ്ഥാനം ഒഴിയേണ്ടി വന്നവരാണെന്ന ചരിത്രവുമുണ്ട്.