പുതിയ ജാതി സെൻസസ് ദേശീയ രാഷ്ട്രീയത്തിൽ നിതീഷ് കുമാറിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു. പിന്നാക്ക വിഭാഗങ്ങൾ (ഇബിസി), യാദവരല്ലാത്ത മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), മഹാദളിതുകൾ എന്നിവർക്കിടയിൽ തന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ സർവേ നിതീഷ് കുമാറിനെ സഹായിക്കും.
ഡെവലപ്‌മെന്റ് കമ്മീഷണർ വിവേക് സിംഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 13.07 കോടിയിൽ കൂടുതലാണ് ബീഹാറിലെ മൊത്തം ജനസംഖ്യ. അതിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വിഭാഗങ്ങൾ (Extremely Backward Classes) 36 ശതമാനം ആണ്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (Other Backward Classes ) 27.13 ശതമാനവും വരും. ഇരു വിഭാഗങ്ങളും ചേർന്നാൽ ബീഹാറിലെ ജനസംഖ്യയുടെ 63 ശതമാനത്തിലധികം വരും.
advertisement
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടുന്ന ഒബിസി വിഭാഗമായ യാദവ വിഭാഗം ജനസംഖ്യയുടെ കാര്യത്തിൽ ബീഹാറിലെ ഏറ്റവും വലിയ സമുദായമാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14.27 ശതമാനവും യാദവരാണ്. പട്ടികജാതി എന്നറിയപ്പെടുന്ന ദളിതർ, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 19.65 ശതമാനം വരും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏകദേശം 22 ലക്ഷം (1.68 ശതമാനം) ആളുകളും ഇവിടെയുണ്ട്.
1990 കളിലെ മണ്ഡൽ തരംഗം വരെ രാഷ്ട്രീയത്തിൽ ബീഹാറിലെ രാഷ്ട്രീയ രംഗത്ത് ആധിപത്യം പുലർത്തിയിരുന്ന ഉന്നത ജാതികൾ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15.52 ശതമാനം വരും.
പുതിയ ജാതി സർവേ നിതീഷ് കുമാറിന് ഗുണം ചെയ്യുന്നത് എങ്ങനെ?
സംസ്ഥാനത്തെ മുൻ ജാതി സർവേ 1931-ലാണ് നടത്തിയത്. സംവരണമുണ്ടായിട്ടു പോലും, ജനസംഖ്യാനുപാതികമായി സർക്കാർ ജോലികളിൽ ഏറിയ പങ്കും മുന്നോക്ക ജാതിക്കാർക്കാണ് ലഭിക്കുന്നതെന്ന് ഒബിസി വിഭാഗം നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. സ്വന്തം ജാതിയായ കുർമികൾക്ക് ഗുണം ചെയ്യാൻ ഇബിസികൾക്കായും മഹാദളിതർക്കായും ആദ്യമായി രാഷ്ട്രീയ മണ്ഡലങ്ങൾ സൃഷ്ടിച്ചത് നിതീഷ് കുമാറാണ്. ഇത് ഒരു പതിറ്റാണ്ടിലേറെക്കാലം ബീഹാർ രാഷ്ട്രീയത്തിൽ അജയ്യനായി വാഴാൻ നിതീഷിനെ സഹായിച്ചു.
ഹിന്ദി ഹൃദയഭൂമിയിലെ പിന്നാക്ക ജാതികളുടെയും ഒബിസി വിഭാഗങ്ങളുടെയും നേതാവായി സ്വയം ചിത്രീകരിക്കാനാണ് ഈ സർവേയിലൂടെ നിതീഷ് കുമാർ ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ പോരാട്ടത്തിന്റെ നേതൃനിരയിൽ എത്താനും ഇത് സഹായിക്കും.
ബീഹാറിലെ ജാതി സർവേ ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകുന്നത് എങ്ങനെ?
ഇക്കഴിഞ്ഞ ജൂണിൽ പാറ്റ്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിതീഷ് കുമാർ ജാതി സെൻസസിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. സഖ്യത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ചില പാർട്ടികൾ ഈ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മറ്റ് ചില സംസ്ഥാനങ്ങൾ സമാനമായ സർവേ നടത്താൻ ആലോചിക്കുന്നുണ്ട്.
ബീഹാർ സർക്കാർ നടത്തിയ ജാതി സർവേയുടെ വിശദാംശങ്ങൾ മഹാരാഷ്ട്ര സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, ആം ആദ്മി പാർട്ടി, എൻസിപി, സമാജ്‌വാദി പാർട്ടി, ബിജെഡി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ജാതി സർവേയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലേതിന് സമാനമായ ജാതി സെൻസസ് വേണമെന്ന് രാഹുൽ ഗാന്ധിയും ആവശ്യം ഉന്നയിച്ചിരുന്നു.