സന്ദര്‍ശനവും പങ്കാളിത്തവും
2023 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ അഞ്ച് ഉന്നതതല സന്ദര്‍ശനങ്ങളാണ് നടന്നത്. ഉഭയകക്ഷി സന്ദര്‍ശനത്തിനായി 2023 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദുമായി അബുദാബിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്നുവരെ അദ്ദേഹം വീണ്ടും യുഎഇയില്‍ എത്തി. ദുബായില്‍വെച്ച് നടന്ന കോപ്പ് 28ല്‍(COP28) പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 2023 സെപ്റ്റംബറില്‍ യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുകയും ജി20 സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. 2024 ജനുവരിയില്‍ അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിച്ച് പത്താമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി20 സമ്മേളനത്തില്‍ യുഎഇ പ്രത്യേക ക്ഷണിതാവായിരുന്നു.
advertisement
ഇതിന് പുറമെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലും യുഎഇ പങ്കാളിയയി. കോപ്പ് 28 സമ്മേളനത്തിനിടെ ഉദ്ഘാടനച്ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ഏക ര്‍ ഭരണാധികാരി എന്ന പ്രത്യേകപദവി പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. യുഎഇ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി മോദി ഗ്ലോബല്‍ ക്രെഡിറ്റ് ഇനീഷ്യേറ്റീവിനും തുടക്കം കുറിച്ചു. 2023-ലെ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ഇന്ത്യയും യുഎഇയും മറ്റ് രാജ്യങ്ങളും ചേര്‍ന്ന് ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയും(ഐഎംഇഇസി) ആഗോള ജൈവ ഇന്ധന സഖ്യത്തിനും തുടക്കം കുറിച്ചു.
വ്യാപാരം വളരുന്നു
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാരം 16 ശതമാനം വര്‍ധിച്ച് 85 മില്ല്യണ്‍ ഡോളറില്‍ എത്തി. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായും മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമായും യുഎഇ മാറി. പരസ്പരമുള്ള ഇടപാടുകളില്‍ രൂപയും ദിര്‍ഹവും ഉപയോഗിക്കുന്നതിന് ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്സം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നു. സ്വര്‍ണം, പെട്രോളിയം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് സുപ്രധാന ഇടപാടുകളാണ് ഇതുവരെ ഏറ്റെടുത്തിരിക്കുന്നത്.
യുഎഇയുടെ 'ജയ്‌വാന്‍' ദേശീയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തിന്റെ പൂര്‍ണരൂപം ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നതിന് ആര്‍ബിഐയും സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയും കഴിഞ്ഞവര്‍ഷം ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. 300 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഗുജറാത്തില്‍ ഹൈബ്രിജ് എനര്‍ജി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനഗറിലെ പ്രാന്തപ്രദേശത്ത് 500 കോടി രൂപ ചെലവിട്ട് ഷോപ്പിങ് മാളും മള്‍ട്ടിപര്‍പ്പസ് ടവറും സ്ഥാപിക്കാന്‍ എമാര്‍ ഗ്രൂപ്പും തയ്യാറെടുക്കുകയാണ്. ജമ്മുകശ്മീരിലെ സുപ്രധാന പദ്ധതികളിലൊന്നാണിത്.
ഊര്‍ജവും വിദ്യാഭ്യാസവും
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (ഐഒസിഎൽ) അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും(അഡ്‌നോക്-ADNOC) 14 വര്‍ഷത്തെ ദീര്‍ഘകാല എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2026 മുതല്‍ 2039 വരെയുള്ള 14 വര്‍ഷകാലാവധിയില്‍ 1.2 എഎംടി എല്‍എന്‍ജി വാങ്ങുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ആദ്യത്തെ ദീര്‍ഘകാല കരാറാണിത്. അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹിയുടെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഐഐടി-ഡി കാമ്പസില്‍ കഴിഞ്ഞമാസം ആദ്യ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചിരുന്നു. ബിരുദകോഴ്‌സുകളും മറ്റ് പ്രോഗ്രാമുകളും ഈ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും.
പ്രതിരോധ സഹകരണം
ഇന്ത്യ-യുഎഇ ഉഭയകക്ഷി സൈനിക അഭ്യാസമായ ഡെസേര്‍ട്ട് സൈക്ലോണ്‍ ജനുവരിയില്‍ രാജസ്ഥാനില്‍വെച്ച് നടന്നു. ഡെസേര്‍ട്ട് നൈറ്റ് എക്‌സര്‍സൈസ്(Desert Knight Exercise) എന്ന പേരിലുള്ള ഇന്ത്യന്‍ വ്യോമസേനയുടെയും യുഎഇയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സൈനിക അഭ്യാസവും യുഎഇയില്‍വെച്ച് നടന്നിരുന്നു. മിസൈല്‍ സംവിധാനങ്ങളുടെയും ആളില്ലാ വിമാനങ്ങളുടെയും സംയുക്ത രൂപകല്‍പ്പനയും വികസനവും ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കാനും തീരുമാനമായിട്ടുണ്ട്.
