60 ദിവസത്തോളമാണ് യുദ്ധം നീണ്ടുനിന്നത്. ഒടുവില്‍ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും തിരികെ പിടിച്ചാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങിയത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 24-ാം വാര്‍ഷികമാണ് ഇത്തവണ ആചരിക്കുന്നത്. എങ്ങനെയാണ് ഇന്ത്യ ഈ ദിനം ആചരിക്കുന്നത് എന്ന് നോക്കാം.
ലഡാക്കിലെ ദ്രാസിലുള്ള കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ വിപുലമായ പരിപാടികളാണ് ഇന്ത്യന്‍ സൈന്യം ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയാണിവ. ചൊവ്വാഴ്ചയാണ് പരിപാടി ആരംഭിച്ചത്. ജൂലൈ 26ന് നടക്കുന്ന പ്രധാന പരിപാടിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
advertisement
കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഈ പരിപാടിയില്‍ പങ്കെടുക്കും. ആര്‍മി ബാന്‍ഡിന്റെയും പ്രാദേശിക കലാകാരന്‍മാരുടെ പരിപാടികളും മറ്റ് സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.
രാജ്യത്തുടനീളമുള്ള നിരവധി സ്ഥാപനങ്ങള്‍ കാര്‍ഗില്‍ വിജയ് ദിവസം പ്രമാണിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ സംഘടനകളുമാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുക. ഇതോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍, പരേഡുകള്‍ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
കാര്‍ഗില്‍ വിജയ് ദിവസത്തിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ആര്‍മി ഒരു മിനി മാരത്തോണ്‍ നടത്തിയിരുന്നു. ലഡാക്കിലായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്. വിജയ് ദിവസ് ആഘോഷങ്ങളുടെ തുടക്കമായിരുന്നു ഇത്. 300ലധികം പേരാണ് മാരത്തോണില്‍ പങ്കെടുത്തത്. പട്ടാളക്കാര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ തുടങ്ങിയവരും മാരത്തോണില്‍ പങ്കെടുത്തിരുന്നു. ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിച്ചത്.
Also Read- Kargil Vijay Diwas | ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്: ലഡാക്കില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം
അതേസമയം മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷം ന്യൂഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍മാര്‍ക്ക് ആദരാഞ്ജലി സമര്‍പ്പിക്കും. ഇത്തവണത്തെ വിജയ് ദിവസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് സ്ത്രീകളുടെ ഒരു സംഘം ഡല്‍ഹിയില്‍ നിന്ന് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിക്കുന്നുണ്ട്. മോട്ടോര്‍ ബൈക്കിലാണ് ഇവരുടെ യാത്ര.
ട്രൈ സര്‍വ്വീസ് നാരി സശക്തികരണ്‍ വനിതാ മോട്ടോര്‍ സൈക്കിള്‍ റാലി എന്ന പേരിട്ടിരിക്കുന്ന ഈ റാലി ജൂലൈ പതിനെട്ടിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ദേശീയ യുദ്ധ സ്മാരകത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. കരസേന മേധാവി മനോജ് പാണ്ഡേയാണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. ജൂലൈ 25ഓടെ ലഡാക്കിലെത്തുന്ന രീതിയിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.