ഇന്ത്യ ഭീകരവാദിയായായി പ്രഖ്യാപിച്ച ഖലിസ്ഥാൻ നേതാവാണ് ഗുര്‍പത്‍വന്ത് സിങ് പന്നൂന്‍. ഇയാളെ അമേരിക്കയില്‍ വെച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങള്‍ അടുത്തിടെ പരാജയപ്പെടുത്തിയതായും ഇന്ത്യന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായും ഇക്കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നു.
ആരാണ് നിഖിൽ ഗുപ്ത? വധശ്രമത്തെക്കുറിച്ചുള്ള കുറ്റപത്രത്തിൽ എന്താണ് പറയുന്നത്? നിഖിൽ ഗുപ്തയുമായി ബന്ധമുണ്ടെന്നു പറയുന്ന ഈ ഇന്ത്യൻ ഉദ്യോഗസ്ഥൻ ആരാണ്? സംഭവത്തിൽ ഗുര്‍പത്‍വന്ത് പന്നൂനിന്റെ പ്രതികരണം എന്താണ്? തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
അമേരിക്കൻ മണ്ണിൽ വെച്ചു തന്നെ ഒരു യുഎസ് പൗരനെതിരായ വധശ്രമം പരാജയപ്പെടുത്തിയതായി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് ഫെഡറൽ അധികൃതർ അറിയിച്ചത്. കേസിൽ 52 കാരനായ ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത അറസ്റ്റിലായതായും ഇവർ പറഞ്ഞു. യുഎസ് ഫെഡറൽ അധികൃത തയ്യാറാക്കിയ കുറ്റപത്രത്തിൽ ഗുര്‍പത്‍വന്ത് സിങ് പന്നൂന്റെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ, ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ ഗുര്‍പത്‍വന്ത് സിംഗ് പന്നൂവിനെ തന്നെയാണ് നിഖിൽ ഗുപ്ത ലക്ഷ്യം വെച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
advertisement
സംഭവത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനും അമേരിക്കൻ പൗരത്വമുള്ള, ഒരു ഇന്ത്യൻ വംശജനായ രാഷ്ട്രീയക്കാരനും പങ്കുള്ളതായും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ ഈ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. CC-1 എന്ന പേരിലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് പറയുന്നത്. നിഖിൽ ഗുപ്ത നിരന്തരമായി ഈ ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയിരുന്നെന്നും ഇന്ത്യയിൽ വെച്ചാണ് ഈ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തക്ക് നിർദേശങ്ങൾ നൽകിയിരുന്നത് എന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം നടത്തുന്നതിനായി യുഎസ് അണ്ടർകവർ ഏജന്റിന് 100,000 അമേരിക്കൻ ഡോളർ (83 ലക്ഷം) നിഖിൽ ഗുപ്ത കൈമാറി എന്നും പറയുന്നുണ്ട്.
ആരാണ് നിഖിൽ ഗുപ്ത?
അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ എന്നതിലുപരി നിഖിൽ ഗുപ്തയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
ഗുര്‍പത്‍വന്ത് സിങ് പന്നൂനിന്റെ പ്രതികരണം
പഞ്ചാബ് ഒരു സ്വതന്ത്ര രാജ്യമാകണമോ എന്ന കാര്യത്തിൽ താൻ ഒരു സർവേ നടത്തുന്നുണ്ടെന്നും അതിനാൽ ഇന്ത്യയുടെ ലക്ഷ്യം താനാണ് എന്നു തന്നെ വിശ്വസിക്കുന്നുവെന്നും ഗുര്‍പത്‍വന്ത് സിംഗ് പന്നൂൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ഇത്, തികഞ്ഞ മനുഷ്യാവകാശ ലംഘകനായ നരേന്ദ്രമോദിക്കെതിരായ കുറ്റപത്രമാണ് എന്നു കരുതാനാണ് തനിക്കിഷ്ടം എന്നും പന്നൂൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രതികരണം
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല. ഈ വിഷയത്തിൽ തങ്ങൾ അന്വേഷണം നടത്തുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.