ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ ഉപഭോക്തൃ അക്കൗണ്ട്, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്നാണ് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്കിൽ നിലവിലുള്ള ബാക്കി തുക പിൻവലിക്കാനും വാലറ്റുകളിൽ ഉപയോഗിക്കാനും സാധിക്കും. എന്നാൽ ഫെബ്രുവരി 29 ന് ശേഷം അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്നാണ് പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്.
advertisement
പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്തുകൊണ്ട്?
ഇന്ത്യയിൽ ഫിൻടെക് വിപ്ലവം ആരംഭിച്ചപ്പോൾ പേടിഎം ആയിരുന്നു നേതൃ നിരയിൽ. എന്നാൽ 2018 മുതൽ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ആർബിഐ നിരീക്ഷണത്തിലാണ്. പേടിഎമ്മിനെതിരായ ഏറ്റവും പുതിയ നടപടിയുടെ കാരണങ്ങൾ സെൻട്രൽ ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കെവൈസിയുമായി ബന്ധപ്പെട്ടതോ ഐടിയുമായി ബന്ധപ്പെട്ടതോ ആകാം ആർബിഐയുടെ വിലക്കിന് കാരണമെന്നാണ് വിലയിരുത്തൽ. ആർബിഐ നിർദേശങ്ങൾ നിരന്തരം ലംഘിക്കുന്നതും പേടിഎമ്മിനെതിരെ ഏറ്റവും പുതിയ നടപടിയെടുക്കാൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ആർബിഐ ഉത്തരവ്
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ എല്ലാ പ്രധാന സേവനങ്ങളും ആർബിഐ വിലക്കി. ഫെബ്രുവരി 29 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടിലെ വാലറ്റുകളിൽ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കാൻ പാടില്ല. എഇപിഎസ്, ഐഎംപിഎസ്, ബിൽ പേയ്‌മെൻ്റുകൾ, യുപിഐ സൗകര്യങ്ങൾ തുടങ്ങിയ ഫണ്ട് കൈമാറ്റം പോലുള്ള മറ്റ് സേവനങ്ങളും പേടിഎം പേയ്‌മെൻ്റ് ബാങ്ക് നൽകരുതെന്ന് ആർബിഐ അറിയിച്ചു.
ഫെബ്രുവരി 29-നോ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകളുടെ സെറ്റിൽമെൻ്റ് മാർച്ച് 15-നകം പൂർത്തിയാക്കണം. പ്രസ്തുത സമയപരിധിക്ക് ശേഷം ഇടപാടുകൾ അനുവദിക്കില്ലെന്നും ആർബിഐ അറിയിച്ചു.
ആർബിഐ നിർദേശം ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ?
ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം പേയ്‌മെൻ്റ് ബാങ്കിലേക്ക് ഫെബ്രുവരി 29 വരെ മാത്രമേ പണം നിക്ഷേപിക്കാനാകൂ. വാലറ്റുകൾ വഴിയുള്ളവ ഉൾപ്പെടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കില്ല. ഉപയോക്താക്കൾക്ക് അവരുടെ പേടിഎം അക്കൗണ്ടിൽ നിന്ന് പണം സ്വീകരിക്കാനോ അയയ്ക്കാനോ കഴിയില്ല. പണമിടപാടുകളോ ബിൽ പേയ്‌മെൻ്റുകളോ യുപിഐ ഇടപാടുകൾ നടത്താനോ കഴിയില്ല.
പേടിഎമ്മിൽ ബാഹ്യ ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ വിലക്ക് ബാധിക്കുമെന്ന് പരാമർശിക്കുന്നില്ല. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് പേടിഎം ഒരു ബാഹ്യ ബാങ്കുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ പേടിഎം വഴി നിങ്ങൾക്ക് യുപിഐ പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. എന്നാൽ പേടിഎം വാലറ്റ് നൽകുന്നത് പേടിഎം പേയ്‌മെൻ്റ് ബാങ്കായതിനാൽ വാലറ്റ് ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല.
ആർബിഐയുടെ നിർദേശങ്ങൾ പാലിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് അറിയിച്ചു. നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ, പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ 5.39 കോടി രൂപ പിഴ ചുമത്തിയിരുന്നു.