ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഹൂതി സംഘം പറയുന്നത്. എന്നാല്‍ ആക്രമണം നേരിടുന്ന എല്ലാ കപ്പലും ഇസ്രായേലിലേക്കാണോ പോകുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?
ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഹൂതികളും രംഗത്തെത്തിയത്. ഹമാസിനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നത് ഇവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇറാന്‍ പിന്തുണയ്ക്കുന്ന സംഘമാണ് ഹൂതികള്‍.
ഇവര്‍ ബാബ് അല്‍ മന്ദാബ് കടലിടുക്കിലൂടെ ചരക്ക് കടത്തുന്ന വിദേശ കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി വരികയാണ്.
advertisement
ഈ ആക്രമണത്തെ ഭയന്ന് ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം ഒഴിവാക്കിയിരിക്കുകയാണ്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി പോലുള്ള വലിയ കമ്പനികളാണ് ഈ വഴിയുള്ള ഗതാഗതം ഉപേക്ഷിച്ചത്. പകരം ആഫ്രിക്കയുടെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ യാത്രയാണ് കപ്പലുകള്‍ ഇപ്പോള്‍ നടത്തുന്നത്. പത്ത് ദിവസം അധികമാണ് ഓരോ യാത്രയ്ക്കും ഇപ്പോള്‍ എടുക്കുന്നത്. യാത്ര ചെലവും ഗണ്യമായി കൂടിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഈ റൂട്ട് പ്രാധാന്യമര്‍ഹിക്കുന്നത്?
സൂയസ് കനാലിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കോ പുറത്തേക്കോ പോകുന്ന ഏതൊരു കപ്പലിനും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും ആണ് യാത്ര ചെയ്യേണ്ടി വരിക. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ റൂട്ടാണ് സൂയസ് കനാല്‍.
ഇന്ധനം, എല്‍എന്‍ജി എന്നിവയുടെ വിതരണത്തിനായി കപ്പലുകള്‍ പ്രധാനമായും ആശ്രയിക്കുന്ന കടല്‍പ്പാതയാണിത്. 2023ന്റെ ആദ്യ പകുതിയില്‍ സൂയസ് കനാല്‍ വഴി പ്രതിദിനം ഏകദേശം ഒമ്പത് ദശലക്ഷം ബാരല്‍ ഇന്ധനമാണ് കയറ്റി അയച്ചിരുന്നത്.
അതേസമയം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ 15 ശതമാനവും ഏഷ്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നും വഴിയാണ് കയറ്റി അയയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതും കടല്‍മാര്‍ഗ്ഗം വഴിയാണ്. ഇന്ധനം മാത്രമല്ല. ടിവി, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കണ്ടെയ്‌നര്‍ കപ്പലുകളും ഈ പാതയിലൂടെ പോകുന്നുണ്ട്.
പ്രതിസന്ധി എങ്ങനെയാണ് ഉപഭോക്താക്കളെ ബാധിക്കുക?
ചെങ്കടലില്‍ നിന്ന് കപ്പലുകള്‍ വഴിതിരിച്ച് വിടുന്നത് വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയാണ് കണ്ടെയ്‌നര്‍ കപ്പലുകള്‍ എത്തുന്നത്. സാധാരണയില്‍ നിന്നും പത്ത് ദിവസം അധികം എടുത്താകും ഓരോ കപ്പലും ലക്ഷ്യസ്ഥാനത്ത് എത്തുക. ഇത് ഉല്‍പ്പന്നങ്ങള്‍ കടകളിലെത്താന്‍ കാലതാമസമുണ്ടാകും. അധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നത് കപ്പല്‍യാത്ര ചെലവും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി എണ്ണ വിലയുയര്‍ത്തുമോ എന്ന ആശങ്കയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ധന വിലയിലെ വര്‍ധന പണപ്പെരുപ്പത്തിലേക്കും നയിച്ചേക്കാം.