TRENDING:

വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്ക് വഴി ടെക് ഭീമൻ നെവിൽ റോയ് സിംഘം ഇന്ത്യയിൽ ചൈനീസ് പ്രൊപ്പ​ഗാൻഡ പ്രചരിപ്പിച്ചത് എങ്ങനെ?

Last Updated:

ന്യൂസ് ക്ലിക്ക് ചൈനീസ് സർക്കാരുമായി സഹകരിച്ചു പ്രവർത്തിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഇതേക്കുറിച്ചുള്ള പ്രതികരണം തേടാൻ ന്യൂസ് 18 ന്യൂസ് ക്ലിക്കിനെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാർത്താ വെബ്‌സൈറ്റായ ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്ന ടെക്ക് ഭീമനും കോടീശ്വരനുമായ നെവിൽ റോയ് സിംഘം (Neville Roy Singham) വിദേശശക്തികളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ് എന്ന ഇന്ത്യയുടെ ഭയം ശരിവെയ്ക്കുകയാണ് ന്യൂയോർക്ക് ടൈംസ് നടത്തിയ പുതിയ അന്വേഷണം. ന്യൂസ്‌ക്ലിക്ക് മീഡിയ പോർട്ടലിന് വിദേശത്ത് നിന്ന് 38 കോടി രൂപയുടെ ഫണ്ട് ലഭിച്ചതായി 2021-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ കോടീശ്വരനായ സിംഘമിന്റെ വരുമാന സ്രോതസുകളും പിന്നാലെ ഇഡി കണ്ടെത്തി. വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്തെ അപമാനിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ലക്ഷ്യം വയ്ക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ബിജെപി ആരോപിച്ചിരുന്നു. ഈ ആശങ്കകളെല്ലാം ശരിവെയ്ക്കുകയാണ് ന്യൂയോർക്ക് ടൈംസിന്റെ പുതിയ അന്വേഷണം.
 (AFP)
(AFP)
advertisement

ന്യൂസ് ക്ലിക്ക് ചൈനീസ് സർക്കാരുമായി സഹകരിച്ചു പ്രവർത്തിച്ചു എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഇതേക്കുറിച്ചുള്ള പ്രതികരണം തേടാൻ ന്യൂസ് 18 ന്യൂസ് ക്ലിക്കിനെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. തങ്ങളുടെ പ്രൊപ്പ​ഗാൻഡ നെറ്റ്‍വർക്കുകളിലൂടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളിൽ നിന്നും മുഖം രക്ഷിക്കാൻ ചൈനക്കു സാധിച്ചെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണത്തിൽ എടുത്തു പറയുന്നുണ്ട്.

”ചൈനയെ പ്രതിരോധിക്കുകയും രാജ്യം നടത്തുന്ന പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഒരു ശൃംഖലയുടെ ഭാ​ഗമാണിത്. ഒരു അമേരിക്കൻ കോടീശ്വരനാണ്, നെവിൽ റോയ് സിംഘം”, എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് അനുകൂല സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇയാളുടെ സംഘം പ്രത്യേകം യൂട്യൂബ് വീഡിയോകൾ നിർമിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പഗാൻഡ വാർത്തകൾക്ക് വലിയ കവറേജ് നല്‍കിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

advertisement

ഇഡി അന്വേഷണം

പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് (PPK Newsclick Studio Private Limited) നടത്തുന്ന വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട്, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി 2021 ഫെബ്രുവരി 9-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കമ്പനിയിൽ എത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കമ്പനിയുടെ പ്രൊമോട്ടറായ പ്രബിർ പുർക്കയസ്തയുടെ വസതി ഉൾപ്പെടെ പത്തോളം സ്ഥലങ്ങൾ റെയ്ഡ് ചെയ്യുകയുമുണ്ടായി. സംശയാസ്പദമായി നടത്തിയ വിദേശ പണമിടപാടുകളിലൂടെ പിപികെക്ക് 38 കോടി രൂപ ലഭിച്ചതായും ഇഡി പറഞ്ഞിരുന്നു. ഈ പണം 2018 ഏപ്രിൽ മുതൽ 9.59 കോടി രൂപയുടെ എഫ്ഡിഐ ആയും ബാക്കി 28.29 കോടി രൂപ സേവനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള രസീതുകൾക്കായും ചെലവഴിച്ചതായും പ്രസ്താവനയിൽ പറയുന്നു.

advertisement

Also Read- ശതകോടീശ്വരൻ സിംഘവുമായുള്ള പ്രകാശ് കാരാട്ട് ഇ മെയിൽ ED പരിശോധിക്കുന്നു; ചൈനീസ് അനുകൂല വാർത്തകൾക്ക് ഓൺലൈൻ മാധ്യമത്തിന് പണം നൽകിയെന്ന ആരോപണം

നാല് വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ കയറ്റുമതിക്കായി 2018 നും 2021 നും ഇടയിൽ ന്യൂസ്‌ക്ലിക്കിന് കോടിക്കണക്കിന് രൂപ ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. അമേരിക്കയിലെയും ബ്രസീലിലെയും അടക്കം കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നിന്നും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ ഗൗതം നവ്‌ലാഖയ്ക്ക് 20.53 ലക്ഷം രൂപ കൈമാറിയതായും സിപിഎം ഐടി സെൽ അംഗമായ ബപ്പാടിത്യ സിൻഹയ്ക്ക് 52.09 ലക്ഷം രൂപ നൽകിയതായും കണ്ടെത്തിയിരുന്നു. ഇതു കൂടാതെ, നിരവധി മാധ്യമപ്രവർത്തകർക്ക് ഇവർ വൻതുക നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

advertisement

കേന്ദ്ര സർക്കാരിന്റെ പ്രതികരണം

കോൺഗ്രസ് ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ തിങ്കളഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ”ന്യൂസ്‌ക്ലിക്കിനെക്കുറിച്ച് ഞങ്ങൾ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. കോൺഗ്രസും ചൈനയും ന്യൂസ്‌ക്ലിക്കുമെല്ലാം ഒരേ ഗൂഢാലോചനയുടെ ഭാഗമാണ്. ഇന്ത്യയെ തകർക്കാനുള്ള പ്രചരണമാണ് ഇവർ നടത്തുന്നത്. ന്യൂസ്‌ക്ലിക്കിന് റോയ് സിംഘം ധനസഹായം നൽകി. ചൈനയാണ് അയാൾക്ക് ധനസഹായം നൽകുന്നത്. പണ്ട് കോൺഗ്രസ് പ്രശംസിച്ച ഒരു പത്രമാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ നിന്നാണ് ഈ ഫണ്ടിംഗ് വരുന്നത്, അതിവിടെ വിൽക്കുന്നതാകട്ടെ, ഇന്ത്യക്കാരും. കോൺഗ്രസിന്റെയും ചൈനയുടെയും ന്യൂസ്‌ക്ലിക്കിന്റെയും യഥാർത്ഥ മുഖം വിദേശ മാധ്യമങ്ങൾ തുറന്നുകാട്ടി. ഡോക്‌ലാം സംഘർഷം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി ചൈനീസ് നയതന്ത്രജ്ഞർക്കൊപ്പമുണ്ടായിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയിൽ നിന്നാണ് ധനസഹായം ലഭിച്ചത്. രാഹുൽ ഗാന്ധി ചൈനയെ പുകഴ്ത്തിയത് നമ്മൾ കേംബ്രിഡ്ജിൽ കണ്ടതാണ്. രാഹുൽ ഗാന്ധിക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലിനും ന്യൂസ്‌ക്ലിക്കിന്റെ പിന്തുണ ഉണ്ടായിരുന്നു. ചൈനയുടെ അജണ്ട പ്രചരിപ്പിക്കാൻ പല മുതിർന്ന മാധ്യമപ്രവർത്തകർക്കും പണം ലഭിച്ചിട്ടുണ്ട് ”, താക്കൂർ പറഞ്ഞു.

advertisement

ഈ വിഷയം പാർലമെന്റിലും ചർച്ചയായി. ചൈനയിൽ നിന്നുള്ള പണം ന്യൂസ് ക്ലിക്കിന് ലഭിച്ചെന്നും ചൈനീസ് ഫണ്ട് ഉപയോഗിച്ച് കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഇന്ത്യയെ തകർക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ നയമെന്നും കോൺഗ്രസ് പാർട്ടിയുടെ ചൈനീസ് ഫണ്ടിംഗിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം എന്നും ദുബെ ആവശ്യപ്പെട്ടു.

ദുബെയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെ, ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. ബിജെപി എംപിയുടെ പരാമർശം ലോക്‌സഭയുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”റൂൾ 380 പ്രകാരം അദ്ദേഹത്തിന്റെ പരാമർശങ്ങൾ പൂർണമായി നീക്കം ചെയ്യണം. എങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ സാധിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം”, എന്നും അധിർ രഞ്ജൻ ചൗധരി കത്തിൽ ആവശ്യപ്പെട്ടു.

നെവിൽ റോയ് സിംഘത്തിന്റെ പ്രതികരണം

അന്വേഷണത്തിന്റെ ഭാ​ഗമായി ന്യൂയോർക്ക് ടൈംസ് നെവിൽ റോയ് സിംഘത്തിൽ നിന്നും പ്രതികരണം തേടിയിരുന്നു. എന്നാൽ, ചൈനയുമായുള്ള ബന്ധം സംബംന്ധിച്ച് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. “ഞാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയോ സർക്കാരിനു വേണ്ടിയോ അവരുടെ പ്രതിനിധികൾക്കു വേണ്ടിയോ പ്രവർത്തിക്കുകയും ഉത്തരവുകൾ സ്വീകരിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം ഞാൻ നിഷേധിക്കുന്നു”, എന്ന് ന്യൂയോർക്ക് ടൈംസിന് മറുപടിയായി അയച്ച ഇമെയിലിൽ നെവിൽ റോയ് സിംഗം ചൂണ്ടിക്കാട്ടി. “ഞാൻ എന്റെ വിശ്വാസങ്ങളാലാണ് നയിക്കപ്പെടുന്നത്. അത് എന്റെ ദീർഘകാലത്തെ വ്യക്തിപരമായ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്”, എന്നും നെവിൽ റോയ് സിംഗം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്ക് വഴി ടെക് ഭീമൻ നെവിൽ റോയ് സിംഘം ഇന്ത്യയിൽ ചൈനീസ് പ്രൊപ്പ​ഗാൻഡ പ്രചരിപ്പിച്ചത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories