നളന്ദ സര്‍വകലാശാല പണികഴിപ്പിച്ചതാര്?
പുരാതന രാജ്യമായ മഗധയില്‍ (ഇന്നത്തെ ബിഹാറില്‍) സ്ഥിതി ചെയ്യുന്ന സര്‍വകലാശാല അഞ്ചാം നൂറ്റാണ്ടിലാണ് സ്ഥാപിതമായത്. ഇന്ന് രാജ്ഗിര്‍ എന്നറിയപ്പെടുന്ന പഴയ രാജഗൃഹത്തിനും ഇന്നത്തെ പാറ്റ്‌നയ്ക്കും(പഴയ പാടലീപുത്ര) സമീപത്തായാണ് നളന്ദ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ഇവിടെ ചൈന, കൊറിയ, ജപ്പാന്‍, ടിബറ്റ്, മംഗോളിയ, ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനത്തിനായി എത്തിയിരുന്നു.
വൈദ്യശാസ്ത്രം, ആയുര്‍വേദം, ബുദ്ധമതം, ഗണിതശാസ്ത്രം, വ്യാകരണം, ജ്യോതിശാസ്ത്രം, ഇന്ത്യന്‍ തത്വശാസ്ത്രം എന്നിവയെല്ലാം നളന്ദയില്‍ അക്കാലത്ത് പഠിപ്പിച്ചിരുന്നു. സിഇ (എഡി) എട്ട്, ഒന്‍പത് നൂറ്റാണ്ടുകളില്‍ പാലാ രാജവംശത്തിന്റെ കീഴില്‍ ഈ സര്‍വകലാശാല ഉന്നതിയിലെത്തുകയും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുകയും ചെയ്തിരുന്നു. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും നളന്ദ സര്‍വകലാശാല സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന്‍റെ തുടക്കക്കാരനും പൂജ്യത്തിന്റെ ഉപജ്ഞാതാവുമായ ആര്യഭട്ട സിഇ ആറാം നൂറ്റാണ്ടില്‍ നളന്ദയിലെ അധ്യാപകരില്‍ ഒരാളായിരുന്നു.
advertisement
ഇന്നത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം തുടങ്ങിയവയിലേതെന്ന പോലെ കഠിനമായിരുന്നു നളന്ദയിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം. പ്രവേശനം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കടുകട്ടിയാര്‍ന്ന അഭിമുഖങ്ങള്‍ നേരിടേണ്ടിയിരുന്നു. ഇങ്ങനെ പ്രവേശനം നേടിയവര്‍ ധര്‍മപാല, സിലഭദ്ര തുടങ്ങിയ ആദരണീയരായ ബുദ്ധമത ആചാര്യന്മാരുടെ ശിക്ഷണത്തിലാണ് പഠനം തുടര്‍ന്നത്. 'ധര്‍മ ഗുഞ്ച്' അഥവാ 'സത്യത്തിന്റെ പര്‍വതം' എന്നറിയപ്പെടുന്ന സര്‍വകലാശാലയുടെ ലൈബ്രറിയില്‍ കൈകള്‍ കൊണ്ടെഴുതിയ 90 ലക്ഷം താളിയോല ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ബുദ്ധമത വിജ്ഞാനം സംബന്ധിച്ചുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ശേഖരമായി ഇത് കണക്കാക്കപ്പെടുന്നു.
നളന്ദ സര്‍വകലാശാല തകര്‍ത്തത് ആര്?
1190കളില്‍ തുര്‍ക്കോ-അഫ്ഗാന്‍ സൈനിക ജനറലായിരുന്ന ഭക്തിയാര്‍ ഖില്‍ജിയുടെ ആക്രമണത്തില്‍ ഈ സ്ഥാപനം അഗ്നിക്കിരയായി. ബുദ്ധമത ജ്ഞാനത്തിന്റെ ഏറ്റവും മൂല്യവത്തായ താളിയോല ഗ്രന്ഥങ്ങള്‍ നശിപ്പിച്ച ആ തീ മൂന്ന് മാസത്തോളം ആളിക്കത്തിയെന്ന് പറയപ്പെടുന്നു.
ഈ അഗ്നിബാധയെ അതിജീവിച്ച ചില കൈയെഴുത്തുപ്രതികള്‍ ഇപ്പോള്‍ ലോസ് ഏഞ്ചലിസിലെ കൗണ്ടി മ്യൂസിയം ഓഫ് ആര്‍ട്ടിലും ടിബറ്റിലെ യാര്‍ലുങ് മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ആറ് നൂറ്റാണ്ടോളം മറഞ്ഞിരുന്ന സർവകലാശാലയുടെ അവശിഷ്ടങ്ങള്‍ സ്‌കോട്ടിഷ് സര്‍വെയറായ ഫ്രാന്‍സിസ് ബുക്കാനന്‍-ഹാമിള്‍ട്ടന്‍ 1812-ല്‍ കണ്ടെത്തി. അതിന് ശേഷം 1861-ല്‍ ഇതൊരു പുരാതന സര്‍വകലാശാലയാണെന്ന് സര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം തിരിച്ചറിഞ്ഞു.
നളന്ദ സര്‍വകലാശാലയുടെ പുനര്‍ജനനം
മുന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം ആണ് 2006-ല്‍ നളന്ദ സര്‍വകലാശാല പുനഃസ്ഥാപിക്കാനുള്ള ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് 2010ല്‍ നളന്ദ സര്‍വകലാശാല ബില്‍ പാസാക്കിയതോടെ ഇതിന് ജീവന്‍ വയ്ക്കുകയും 2014-ല്‍ രാജ്ഗിറില്‍ ഒരുക്കിയ ഒരു താത്കാലിക സൗകര്യത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2016ല്‍ രാജ്ഗിറിലെ പില്‍ഖി ഗ്രാമത്തില്‍ സ്ഥിരം കാംപസിന് തറക്കല്ലിടല്‍ ചടങ്ങ് നടത്തി. 2017-ലാണ് പുതിയ കാംപസിന്റെ നിര്‍മാണം ആരംഭിച്ചത്.
100 ഏക്കറോളം പ്രദേശത്ത് വ്യാപിച്ച് കിടക്കുന്നതാണ് ന്യൂ നളന്ദ യൂണിവേഴ്‌സിറ്റി. പുരാതന വാസ്തുവിദ്യ പരിസ്ഥിതി സൗഹൃദ വാസ്തുവിദ്യയുമായി സമന്വയിപ്പിച്ചാണ് ഈ ക്യാംപസ് പണികഴിപ്പിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കി നിലനില്‍ത്തുന്ന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
മറ്റ് പ്രധാന സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു
40 ക്ലാസ് മുറികളുള്ള രണ്ട് ബ്ലോക്കുകളാണ് ഇവിടെയുള്ളത്. 1900 വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം പഠിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. രണ്ട് ഓഡിറ്റോറിയങ്ങളാണ് ഇവിടെയുള്ളത്. രണ്ടിനും കൂടി 300ല്‍ അധികം പേർക്ക് ഇരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. 550 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാക്കല്‍റ്റി അംഗങ്ങള്‍ക്കായി 197 അക്കാദമിക് ഹൗസിംഗ് യൂണിറ്റുകളും പണികഴിപ്പിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മെഡിക്കല്‍ സെന്റര്‍, കൊമേഷ്യല്‍ സെന്റര്‍, ഫാക്കല്‍റ്റി ക്ലബ് എന്നിവും ഒരുക്കിയിരിക്കുന്നു. ഇതിന് പുറമെ മൂന്ന് ലക്ഷം പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള ലൈബ്രറി സമുച്ചയം സെപ്റ്റംബറോടെ തയ്യാറാകും.
ബുദ്ധമത പഠനം, ചരിത്ര പഠനം, പരിസ്ഥിതി ശാസ്ത്രം, സുസ്ഥിര വികസനം, ഭാഷകള്‍, സാഹിത്യം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയാണ് പുതിയ നളന്ദ സർവകലാശാലയിലെ പാഠ്യവിഷയങ്ങൾ. ബേ ഓഫ് ബംഗാള്‍ സ്റ്റഡീസ്, ഇന്തോ-പേര്‍ഷ്യന്‍ പഠനങ്ങള്‍, കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍, കോമണ്‍ ആര്‍ക്കൈവല്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത നാല് കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, ഡോക്ടറര്‍ ഗവേഷണ കോഴ്‌സുകള്‍, ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
Summary: Nalanda University was founded in the 5th century CE and became one of the most renowned universities in the world. It has been a home to thousands of scholars and the world’s first residential university more than 1,500 years ago in the ancient kingdom of Magadha (present-day Bihar).