അവാർഡിന് അർഹത ആർക്ക്?
സ്വീഡിഷ് വ്യവസായി ആൽഫ്രഡ് നൊബേൽ ഏർപ്പെടുത്തിയ അഞ്ചു നൊബേൽ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം. "രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങൾക്കാണ്" ഈ അവാർഡ് ലഭിക്കാനുള്ള അർഹതയുള്ളത്.
പാർലമെന്റ് അംഗങ്ങൾ, നിലവിലെ രാഷ്ട്രത്തലവന്മാർ, ചരിത്രം, സാമൂഹിക ശാസ്ത്രം, നിയമം, തത്ത്വചിന്ത എന്നീ വിഷയങ്ങളുടെ യൂണിവേഴ്സിറ്റി പ്രൊഫസർമാർ, മുൻ സമാധാന നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ളവരാണ് അവാർഡ് ലഭിക്കാനുള്ള അർഹതയുള്ളവരുടെ പേരുകൾ നിർദ്ദേശിക്കുന്നത്.
advertisement
ഈ വർഷം 343 നോമിനികളാണുള്ളത്. അർഹതയുള്ളവരുടെ പേരുകൾ ഉൾപ്പെടുന്ന പട്ടിക 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കും.
ആരാണ് ജേതാവിനെ തീരുമാനിക്കുന്നത്?
നോർവീജിയൻ പാർലമെന്റ് നിയോഗിച്ച അഞ്ച് വ്യക്തികൾ അടങ്ങുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് ജേതാവിനെ തീരുമാനിക്കുന്നത്. മിക്കപ്പോഴും വിരമിച്ച രാഷ്ട്രീയ പ്രവർത്തകരാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി അംഗങ്ങൾ. എന്നാൽ നിലവിലെ കമ്മിറ്റിയെ നയിക്കുന്നത് ഒരു അഭിഭാഷകനും ഒരു അക്കാദമിക് വിദഗ്ധനുമാണ്.
നോർവീജിയൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് നൊബേൽകമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നത്.
എങ്ങനെയാണ് ജേതാവിനെ തീരുമാനിക്കുന്നത്?
അവാർഡ് ലഭിക്കാനുള്ള അർഹതയുള്ളവരുടെ നാമനിർദ്ദേശങ്ങൾ ജനുവരി 31-ന് അവസാനിക്കും. ഫെബ്രുവരിയിൽ നടക്കുന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം കമ്മിറ്റിയിലെ അംഗങ്ങൾക്ക് സ്വന്തമായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
അവർ എല്ലാ നോമിനേഷനുകളും ചർച്ച ചെയ്യുകയും തുടർന്ന് ഒരു ഷോർട്ട്‌ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നു. ഓരോ നോമിനിയെയും ഒരു കൂട്ടം സ്ഥിരം ഉപദേശകരും മറ്റ് വിദഗ്ധരും വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യും.
നോമിനേഷനുകൾ ചർച്ച ചെയ്യാൻ സമിതി മാസത്തിലൊരിക്കൽ യോഗം ചേരും. ഒക്ടോബറിന്റെ തുടക്കത്തിൽ നടക്കുന്ന അന്തിമ കമ്മിറ്റി യോഗത്തിൽ ജേതാവിനെ തീരുമാനിക്കും. തിരഞ്ഞെടുപ്പിൽ സമിതിയിലെ എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായം അല്ലെങ്കിൽ ഭൂരിപക്ഷ വോട്ടിലൂടെയാണ് തീരുമാനത്തിലെത്തുക.
1994-ൽ ഫലസ്തീൻ നേതാവ് യാസർ അറാഫത്ത് ഇസ്രയേലിന്റെ ഷിമോൺ പെരസിനും യിത്സാക് റാബിനുമൊപ്പം സമ്മാനം പങ്കിട്ടപ്പോൾ പ്രതിഷേധമായി ഒരു അംഗം രാജിവച്ചിരുന്നു.
ഇത്തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടത് ആരൊക്കെ?
നാമനിർദ്ദേശങ്ങളുടെ മുഴുവൻ പട്ടികയും രഹസ്യമായി സൂക്ഷിക്കുമ്പോഴും നോമിനേറ്റർമാർക്ക് അവ വെളിപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നോർവീജിയൻ നിയമനിർമ്മാതാക്കൾ അവരുടെ നോമിനികളുടെ പേരുകൾ മുൻകൂട്ടി പുറത്തുവിടുന്നുണ്ട്. അവസാന ഒമ്പത് വിജയികളിൽ ഏഴു പേരും ആ പട്ടികയിൽ പ്രത്യക്ഷപ്പെട്ടരുന്നു.
നോർവീജിയൻ നിയമനിർമ്മാതാക്കളിൽ നിന്ന് റോയിട്ടേഴ്‌സ് നടത്തിയ സർവേ പ്രകാരം ഈ വർഷം സ്വീഡനിലെ ഗ്രേറ്റ തൻബെർഗ്, ഫ്രൈഡേ ഫോർ ഫ്യൂച്ചർ, ബെലാറസ് വിമതരായ സ്വിയാറ്റ്‌ലാന സിഖാനോസ്കായ, മരിയ കോൾസ്‌നിക്കോവ, വെറോണിക്ക സെപ്‌കലോ എന്നിവർ പട്ടികയിൽ ഉൾപ്പെടുന്നു.
റഷ്യയുടെ അലക്‌സി നവാൽനി, പോപ്പ് ഫ്രാൻസിസ്, ബ്രിട്ടീഷ് പ്രകൃതി സംപ്രേഷണം ചെയ്യുന്ന ഡേവിഡ് ആറ്റൻബറോ, തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ, എന്നിവരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
സമ്മാന ജേതാവിന് ലഭിക്കുന്നതെന്ത്?
നൊബേൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ ( ഏതാണ്ട് 3 കോടി 32 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ആഗോള ശ്രദ്ധയും ജേതാവിനു ലഭിക്കുന്നു.
നോബൽ സമ്മാന ജേതാവാകുന്നത് ഇരുതല മൂർച്ചയുള്ള വാളാണെന്ന് 1984 ലെ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറഞ്ഞു.
സമ്മാന പ്രഖ്യാപന ചടങ്ങ് എപ്പോഴാണ്?
വെള്ളിയാഴ്ച ഓസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1100 സിഇടിയിൽ (0900 ജിഎംടി) നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്‌സ്-ആൻഡേഴ്‌സൺ പ്രഖ്യാപനം നടത്തും.
ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10-ന് ഓസ്ലോ സിറ്റി ഹാളിലാണ് ചടങ്ങുകൾ നടത്തുക.