കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കുന്നത്. ഇന്ത്യയും യെമനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്തതിനാലും ആ വഴിക്കുള്ള സാധ്യതകള്‍ക്ക് പരിമിതി ഉള്ളതിനാലും സ്വകാര്യ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി നിമിഷ പ്രിയയെ രക്ഷിക്കാന്‍ കഴിയുമോയെന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
യെമന്‍ പൗരന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുക്കുകയാണ് ഇതില്‍ സാധ്യമായ ഒരു കാര്യം. എന്നാല്‍ ഇതില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി സമവായത്തിലേക്ക് എത്തുകയെന്നതാണ് പ്രധാനം. അവസാനത്തെ ശ്രമം ദിയാധനം നല്‍കി രക്ഷയ്ക്ക് ശ്രമിക്കുകയെന്നതു മാത്രമാണ്.
advertisement
എന്താണ് ഈ ദിയാധനം?
വധശിക്ഷയ്ക്ക് വിധിച്ച ഒരു പ്രതിക്ക് എങ്ങനെയാണ് ദിയാധനം നല്‍കി മോചനം നേടാനാകുക? ഇസ്ലാമിക നിയമത്തില്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഇതിന്റെ ചരിത്രപരമായ ഉത്ഭവം എവിടെ നിന്നാണ്?
അറബ് പാരമ്പര്യം
ഇസ്ലാമിനും മുമ്പുള്ള കാലഘട്ടം മുതല്‍തന്നെ ജീവനും ശാരീരികമായും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷാ നടപടികള്‍ നിലവിലുണ്ട്. അറബികള്‍ ഒരു കൊലപാതകത്തിനുള്ള ശിക്ഷയായി കണക്കാക്കിയിരുന്നത് വധശിക്ഷ തന്നെയാണ്. അവരുടെ ഗോത്രത്തിന്റെ ശക്തിയോ ബലഹീനതയോ അനുസരിച്ച് ശിക്ഷാനടപടികള്‍ക്ക് പരിധികള്‍ നിശ്ചയിച്ചിരുന്നില്ല എന്നതാണ് വ്യത്യാസം. ഗവേഷകനായ താഹിര്‍ വാസ്തി 'ദി ആപ്ലിക്കേഷന്‍ ഓഫ് ഇസ്ലാമിക് ക്രിമിനല്‍ ലോ ഇന്‍ പാകിസ്ഥാന്‍: ഷരിയ ഇന്‍ പ്രാക്ടീസ് (2009)' എന്ന പുസ്തകത്തില്‍ ഇക്കാര്യത്തെ കുറിച്ച് പറയുന്നുണ്ട്.
ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ ഇരയുടെ കുടുംബത്തിന് കുറ്റവാളിയുടെ കുടുംബത്തിലെ ഇരയ്ക്ക് തുല്യമായ മൂല്യമുള്ള ഓരോ അംഗത്തെയും കൊല്ലാന്‍ കഴിയുമായിരുന്നുവെന്നാണ്
'ദി ഓക്‌സ്‌ഫോര്‍ഡ് ഹാന്‍ഡ്ബുക്ക് ഓഫ് ക്രിമിനല്‍ ലോ (2014)' എന്ന പുസ്തകത്തില്‍ നിയമ വിദഗ്ദ്ധയായ സില്‍വിയ ടെല്ലന്‍ബാക്ക് പറയുന്നത്. എന്നാല്‍ ഇസ്ലാമില്‍ പറയുന്നതുപ്രകാരം ഇരയുടെ കുടുംബത്തിന് കുറ്റവാളിയെ മാത്രമേ വധിക്കാന്‍ അധികാരമുള്ളൂവെന്നും പുസ്തകത്തില്‍ പറയുന്നു.
ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ ഒരു കുറ്റവാളിയെ വധിക്കാനായി തീരുമാനിക്കുമ്പോള്‍ ഇരയെ മനഃപൂര്‍വ്വം കൊലചെയ്തതാണോ എന്നതിന് പ്രസക്തിയുണ്ടായിരിന്നില്ല. എന്നാല്‍ ഇസ്ലാമില്‍ മനഃപൂര്‍വ്വമുള്ള നരഹത്യയ്ക്ക് മാത്രമേ കുറ്റവാളിയെ വധിച്ചുകൊണ്ടുള്ള പ്രതികാരം സാധ്യമാകുകയുള്ളൂ. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ദിയാധനം (നഷ്ടപരിഹാരം) മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നാണ് ഇസ്ലാമികനിയമത്തില്‍ പറയുന്നതെന്നും ടെല്ലന്‍ബാക്ക് വിശദീകരിക്കുന്നു.
ഗോത്ര വിദ്വേഷത്തില്‍ നിന്നുള്ള നരഹത്യകള്‍ തടയുന്നതിനാണ് പ്രതികാരം, ദിയാധനം തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കിയതെന്ന് ടെല്ലന്‍ബാക്ക് വാദിക്കുന്നു. അതേസമയം, ഈ തത്വങ്ങളെല്ലാം സംരക്ഷിത മതത്തില്‍ നിന്നുള്ള അംഗമായ ഇരയ്ക്കു മാത്രമേ ബാധകമാകൂ എന്നാണ് ടെല്ലന്‍ബാക്ക് പറയുന്നത്. അതയാത്, ഇരയായ വ്യക്തി ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, അല്ലെങ്കില്‍ ഇറാനില്‍ സൊറോസ്ട്രിയനിസം എന്നിവയില്‍ നിന്നുള്ള ആളായിരിക്കണം. നിരീശ്വരവാദികള്‍ക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. മതപരിത്യാഗിയോ ശത്രു സൈനികനോ ആയ ഇരയും സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് ടെല്ലന്‍ബാക്ക് പറയുന്നത്.
ഖിസാസും ദിയാധനവും
ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്ന 'ഖിസാസ് 'എന്ന അറബി വാക്കിന്റെ അര്‍ത്ഥം 'പ്രതികാരം' എന്നാണ്. ഖിസാസിനെ ഇസ്ലാമില്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജീവനു പകരം ജീവന്‍ എടുത്തുള്ള പ്രതികാരവും അവയങ്ങള്‍ക്ക് പകരമുള്ള പ്രതികാരവും. ഒരു വ്യക്തിയുടെ ജീവനെടുക്കുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ആദ്യത്തേതില്‍പെടുന്നു. അതേസമയം ജീവനെ ബാധിക്കാത്തതും എന്നാല്‍ ഒരു വ്യക്തിയുടെ അവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ രണ്ടാമത്തേതില്‍ പെടുന്നു. മറുവശത്ത് 'ദിയാത്ത്' അഥവാ ദിയാധനം നല്‍കി കുറ്റവാളിക്ക് മാപ്പ് അപേക്ഷിക്കാനുള്ള അവസരമാണ്. ഇരയുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാരമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അറബ് ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രതികാരത്തിന്റെ സമാധാനപരമായ പകരക്കാരനായാണ് ദിയാധനം അറിയപ്പെട്ടിരുന്നത്. കൊലപാതകിയുടെയും അവന്റെ ഗോത്രത്തിന്റെയും സ്ഥാനം അനുസരിച്ച് ദിയാധനം വ്യത്യാസപ്പെട്ടിരുന്നു. പരമ്പരാഗതമായി ഒരു വ്യക്തിയുടെ മരണത്തിന് 100 ഒട്ടകങ്ങളായും കുറഞ്ഞ പരിക്കുകള്‍ക്ക് ആനുപാതികമായും ദിയാധനം നിശ്ചയിച്ചിരുന്നു. ഇന്ന് കോടതികള്‍ ആണ് നഷ്ടപരിഹാരം കണക്കാക്കുന്നത്.
മനഃപൂര്‍വ്വം, യാദൃശ്ചികം എന്നിങ്ങനെ ഖുര്‍ആനില്‍ രണ്ടുതരം നരഹത്യകളെ കുറിച്ച് വിശദീകരിക്കുന്നതായി വാസ്തി പറയുന്നു. മനഃപൂര്‍വമായ കൊലപാതകത്തിന്റെ കാര്യത്തില്‍ ഇരയുടെ നിയമപരമായ അവകാശികള്‍ ഖിസാസ് (പ്രതികാരം) ആവശ്യപ്പെടുന്നില്ലെങ്കില്‍ കുറ്റവാളിയെ കൊല്ലുകയോ ദിയാധനം നല്‍കുകയോ ആണ് ഖുര്‍ആനില്‍ നിര്‍ദ്ദേശിക്കുന്ന ശിക്ഷ. അറിയാതെ സംഭവിക്കുന്ന കൊലപാതകത്തിന്റെ കാര്യത്തില്‍ ഇരയുടെ അവകാശികള്‍ അത് സ്വതന്ത്രമായി നല്‍കുന്നില്ലെങ്കില്‍ കൊലയാളി ദിയാധനം നല്‍കണം.
കുറ്റകൃത്യം മനഃപൂര്‍വ്വം ചെയ്ത കേസുകളില്‍ കുറ്റവാളിയെ വധിക്കണോ, ദിയാധനം ആവശ്യപ്പെടണോ, അല്ലെങ്കില്‍ അവര്‍ക്ക് മാപ്പ് നല്‍കണോ എന്ന് ഇരയുടെ കുടുംബത്തിന് തീരുമാനിക്കാം. എന്നാല്‍ ആധുനിക കാലത്ത് ഗുരുതരമായ കുറ്റകൃത്യത്തിനുള്ള ശിക്ഷ സംബന്ധിച്ച തീരുമാനം സ്വകാര്യ വ്യക്തികള്‍ക്ക് വിടാന്‍ കഴിയില്ലെന്ന വസ്തുത വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്ന് ടെല്ലന്‍ബാക്ക് പറയുന്നു. അതിനാല്‍ ദിയാധനം നല്‍കാന്‍ തീരുമാനിച്ച കുറ്റവാളിക്ക് ഖിസാസ് പ്രകാരമുള്ള ശിക്ഷ ഒഴിവാക്കിയാലും ഇവര്‍ ചെയ്ത കുറ്റകൃത്യം പൊതു ക്രമത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെങ്കില്‍ ഭരണകൂടത്തിന്റെ ശിക്ഷയ്ക്ക് ആധുനിക ഇസ്ലാമിക ക്രിമിനല്‍ നയങ്ങള്‍ പൊതുവെ വ്യവസ്ഥ ചെയ്യുന്നു.