ഐഎൻഎസ് വിക്രാന്ത് (INS Vikrant) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ഈ വിമാനവാഹിനിക്കപ്പൽ (Aircraft Carrier) രാജ്യത്തിൻെറ അഭിമാനമാണ്. ഐഎൻഎസ് വിക്രമാദിത്യയ്ക്ക് ശേഷം ഇന്ത്യ കമ്മീഷൻ ചെയ്യുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. 1961-ൽ ഇംഗ്ലണ്ടിൽ നിന്ന് വാങ്ങിയ യഥാർത്ഥ ഐഎൻഎസ് വിക്രാന്ത്, നാവികസേനയുടെ ചരിത്രത്തിൽ തന്നെ സുവർണരേഖകളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ 1997-ൽ കപ്പൽ പിന്നീട് ഡീകമ്മീഷൻ ചെയ്തു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ചതിൽ ഐഎൻഎസ് വിക്രാന്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
advertisement
എന്നാൽ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നാവികസേന കൂടുതൽ ആധിപത്യം സ്ഥാപിച്ച് തുടങ്ങിയിട്ടുള്ള സമയത്താണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യാൻ ഇന്ത്യ തീരുമാനിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിയിലും ചൈന പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റൻ യു കെ ദേവനാഥിനെപ്പോലുള്ള നേവി വെറ്ററൻമാർ വിക്രാന്തിന്റെ ശേഷി എന്തെന്ന് പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്.
Also Read- 14 ഡെക്കുകളിലായി 59 മീറ്റർ ഉയരം; 2,300-ലധികം കമ്പാർട്ടുമെന്റുകൾ; ചിത്രങ്ങളിൽ INS വിക്രാന്ത്
“ആവശ്യം വരികയാണെങ്കിൽ വിക്രാന്തിന്റെ കരുത്തിൽ നമുക്ക് കറാച്ചിയിലും ഗ്വാദർ തുറമുഖത്തിലും വരെ കരുത്ത് തെളിയിക്കാൻ സാധിക്കും. മഡഗാസ്‌കർ വരെ കടലിൽ ആധിപത്യം സ്ഥാപിക്കാനും ഈ വിമാനവാഹിനിക്കപ്പൽ കൊണ്ട് നമുക്ക് സാധിക്കും,” ഇന്ത്യയുടെ നാവിക ശക്തിയിൽ ഐഎൻഎസ് വിക്രാന്ത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചോദിച്ചപ്പോൾ യു കെ ദേവനാഥ് പറഞ്ഞു.
റഫാൽ സ്വന്തമാക്കുകയും എഫ്18ന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഇക്കാലത്ത് വിക്രാന്ത് പോലൊരു വിമാനവാഹിനിക്കപ്പൽ ഇന്ത്യയോട് ഇടഞ്ഞ് നിൽക്കുന്ന രാജ്യങ്ങൾക്ക് വലിയ ഭീഷണി ആയിത്തീരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് നേവിയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കരുതുന്നു. ചൈനയുമായുള്ള സംഘർഷത്തിൻെറ കാലത്ത് ഇന്ത്യക്ക് സ്വന്തമായി വിമാനവാഹിനിക്കപ്പൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും സുരക്ഷ ഉറപ്പാക്കാൻ ഈ രണ്ട് കപ്പലുകൾക്ക് കഴിയുമെന്നാണ് സൈന്യം വിശ്വസിക്കുന്നത്.
തായ്‌വാനിലും ശ്രീലങ്കയിലും ലഡാക്കിലുമെല്ലാം ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വെല്ലുവിളി ഉയർത്താൻ ഐഎൻഎസ് വിക്രാന്തിന് സാധിക്കുമെന്നും ഇന്ത്യൻ സൈന്യം വിലയിരുത്തുന്നു.
ചൈനയുടെ നാവിക ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. ചൈനീസ് നാവികസേനയ്ക്ക് കൂടുതൽ യുദ്ധക്കപ്പലുകളും സമുദ്രമേഖലയിൽ കൂടുതൽ ആധിപത്യവുമുണ്ട്. 2022ലെ ആഗോള നാവിക ശക്തികളുടെ റാങ്കിംഗിൽ അമേരിക്കയ്ക്ക് പിന്നിലായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം ആധുനിക സൈനിക യുദ്ധക്കപ്പലുകളുടെ ലോക ഡയറക്ടറി (2022) പ്രകാരം ഇന്ത്യ ഏഴാം സ്ഥാനത്താണുള്ളത്.
ചൈനയുടെ മുൻനിര വിമാനവാഹിനിക്കപ്പലായ ഫുജിയാൻ 80,000 ടൺ ഭാരം താങ്ങാൻ ശേഷിയുള്ളതാണ്. എന്നാൽ വിക്രാന്തിന് ഇതിൻെറ പകുതിമാത്രം ശേഷിയേ ഉള്ളൂ, അതായത് 42,800 ടൺ. ചൈനയിലെ രണ്ടാമത്തെ വലിയ വിമാനവാഹിനിക്കപ്പലായ ഷാൻഡോങ്ങിന് 70,000 ടൺ ഭാരം താങ്ങാൻ ശേഷിയുണ്ട്. മൂന്നാമത്തേത് ലിയോണിംഗിന് 58,000 ടൺ ഭാരവുമായി സഞ്ചരിക്കാൻ കഴിയും. നാലാമത്തെ വിമാനവാഹിനിക്കപ്പലിന്റെ പണിയും ചൈനയിൽ നടക്കുന്നുണ്ട്. എന്നാൽ ഫുജിയാനുമായി വിക്രാന്തിനെ താരതമ്യപ്പെടുത്തുന്നതിൽ അടിസ്ഥാനമില്ലെന്ന് നാഷണൽ മാരിടൈം ഫൗണ്ടേഷനിലെ ക്യാപ്റ്റൻ കമലേഷ് അഗ്നിഹോത്രി പറഞ്ഞു. രണ്ടിന്റെയും പ്രവർത്തനരീതി വ്യത്യസ്തമാണ് എന്നാണ് അദ്ദേഹത്തിൻെറ വിലയിരുത്തൽ.