ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയിൽ പ്രാദേശിക സമയം 4. 10 ന് ആണ് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. ഈ ഭൂകമ്പം ഉണ്ടായ പ്രദേശത്തിന് സമീപം 31 ഓളം ചെറിയ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇത്തരം തുടർഭൂചലനങ്ങൾ മാസങ്ങൾ വരെ നീണ്ടുനിൽക്കാനുള്ള സാധ്യതയും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ചൂണ്ടിക്കാട്ടി. കൂടാതെ ഈ പ്രദേശത്ത് അനുഭവപ്പെട്ട 31 തുടർചലനങ്ങളിൽ ഏറ്റവും വലുത് ആദ്യത്തെ ഭൂകമ്പത്തിന് 8 മിനിറ്റ് ശേഷം ഉണ്ടായതാണ്. ഇത് ഏകദേശം 6.2 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ്‌ജിഎസ് ഭൂകമ്പ വിദഗ്ധൻ ജെസിക്ക ടർണർ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അതേസമയം ഭൂകമ്പത്തെ തുടർന്ന് ഇഷിക്കാവയിലെ തീരപ്രദേശമായ നോട്ടോ പ്രദേശത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. ഭൂകമ്പത്തിൽ നിരവധി വീടുകളും ക്ഷേത്രങ്ങളും തകരുകയും റോഡുകളുടെ നടുവിൽ വലിയ ഗർത്തങ്ങളും വിള്ളലുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തത്തിൽ പതിമൂന്നോളം ആളുകൾ മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. ഭൂകമ്പം ആദ്യമായി ഉണ്ടായ നിമിഷത്തെക്കുറിച്ചും ചിലർ പങ്കുവെച്ചു. ആയിരക്കണക്കിന് വീടുകൾ ഭൂകമ്പത്തിൽ തകർന്നു വീണതായാണ് റിപ്പോർട്ട്. ജപ്പാനിലെ ഇഷികാവ പ്രിഫെക്ചറിൽ ഏകദേശം 45,000 വീടുകളിൽ നിലവിൽ വൈദ്യുതി ഇല്ലെന്ന് ഹോകുരികു ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു.
എന്നാൽ ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രതിരോധ മന്ത്രാലയം ഇതിനോടകം 1,000 ത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട് എന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഭൂകമ്പം ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിനെ പൂർണമായും തകർത്തു. ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ആദ്യത്തെ ഭൂകമ്പത്തിൽ ഏകദേശം 1,400 ഓളം യാത്രക്കാർ ബുള്ളറ്റ് ട്രെയിനുകളിൽ കുടുങ്ങിപ്പോയി. തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, 11 മണിക്കൂറിന് ശേഷം സർവീസുകൾ പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.
അതേസമയം നിരവധി ആളുകൾ പരിക്കുകളുമായും മറ്റും ഇഷിക്കാവയിലെ ആശുപത്രികളിൽ എത്തുന്നതോടെ അത്യാഹിത വിഭാഗങ്ങളിൽ വലിയ രീതിയിലുള്ള തിരക്കും അനുഭവപ്പെടുന്നുണ്ട്. വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും നിരവധി ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ സാധ്യതയുണ്ട്. നിലവിൽ ജപ്പാനിലെ നാല് എക്‌സ്പ്രസ് വേകൾ, രണ്ട് അതിവേഗ റെയിൽ സർവീസുകൾ, 34 ലോക്കൽ ട്രെയിൻ ലൈനുകൾ, 16 ഫെറി ലൈനുകൾ എന്നിവയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ ഭൂകമ്പത്തെത്തുടർന്ന് 38 വിമാനങ്ങളും റദ്ദാക്കി.
ദുരിതബാധിത മേഖലകളില്‍ നിന്നും ഒഴിപ്പിച്ച ആളുകൾ ഇപ്പോൾ ഓഡിറ്റോറിയങ്ങളിലും സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ആണ് അഭയം തേടിയിരിക്കുന്നത് . "വീടുകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഉടൻ രക്ഷപ്പെടുത്തേണ്ടതുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കേണ്ടതും വളരെ പ്രധാനമാണെന്ന് സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് ആളുകളോട് മാറാനും അദ്ദേഹം നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ ജാപ്പനീസ് ജനതയ്ക്ക് ആവശ്യമായ ഏത് സഹായവും നൽകാൻ തയ്യാറാണെന്ന് അമേരിക്ക ഉറപ്പ് നൽകി. ദുരന്തത്തെത്തുടർന്ന് യുകെയും ജപ്പാനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഭൂകമ്പവും സുനാമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനായി ജപ്പാനിലെ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.