ആഗസ്റ്റില്‍ പാകിസ്ഥാന്‍ (Pakistan) പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു മതസംഘടന നേതാവ് നല്‍കിയ പരാതി പരിഗണിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് (central censor board) ചിത്രം പ്രദര്‍ശന യോഗ്യമല്ലെന്ന് വിധിയെഴുതുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പൊതു സംസ്‌കാരത്തിന് യോജിച്ചതല്ല ചിത്രം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.
നവംബര്‍ 18ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഇതോടെ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എന്താണ് ജോയ്‌ലാൻഡിന് പ്രദര്‍ശനം നിഷേധിക്കാനുണ്ടായ കാരണമെന്ന് കൂടുതല്‍ അറിയാം.
advertisement
എന്തുകൊണ്ട് ജോയ്‌ലാൻഡിന് നിരോധനം ഏര്‍പ്പെടുത്തി?
ലാഹോര്‍ (lahore ) പശ്ചാത്തലമാക്കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് ജോയ്‌ലാൻഡ്. വിവാഹിതനായ ഹൈദര്‍ (haider ) ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്റെ മകളോടുള്ള ഭാര്യസഹോദരിയുടെ പെരുമാറ്റം ഹൈദറിനെ വല്ലാത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. പിന്നീട് അയാള്‍ ബിബ (biba) എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പരിചയപ്പെടുന്നു. അവരുമായി പ്രണയത്തിലാകുന്നു. അത് ഹൈദറുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം. ഈ ഭാഗമാണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.
രാജ്യത്തിന്റെ സംസ്‌കാരത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും യോജിച്ചതല്ല ചിത്രമെന്ന രീതിയില്‍ നിരവധി പേര്‍ രേഖാ മൂലം പരാതി നല്‍കിയിരുന്നു. ഇതുകൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
ചിത്രത്തിന്റെ നിരോധനത്തെ പിന്‍താങി ജമാഅത്തെ ഇസ്ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് അലി രംഗത്തെത്തി. പാകിസ്ഥാന്‍ ഒരു ഇസ്ലാമിക റിപ്പബ്ലിക് രാജ്യമാണെന്നും അതിനാല്‍ ഇസ്ലാമിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സിനിമ കണ്ടിട്ടില്ലെങ്കിലും വിശ്വസനീയമായ ചില വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് ഈ ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, എന്നീ വിഭാഗങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നാണ്. അതായത് പാകിസ്ഥാന്‍ പോലൊരു ഇസ്ലാമിക രാജ്യത്ത് സ്ഥാനമില്ലാത്ത വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്,' മുഷ്താഖ് പറഞ്ഞു.
അതേസമയം ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഹൈദര്‍ രാജ്യത്തിന്റെ മതമൂല്യത്തെ അപമാനിക്കുന്ന രീതിയുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
ചിത്രം പാകിസ്ഥാന് മേല്‍ ഒരു സാംസ്‌കാരിക ഭീകരവാദത്തിന് അടിത്തറ പാകുകയാണ്. രാജ്യത്തിന്റെ വിവാഹ സങ്കല്‍പ്പങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും ചിത്രം തകര്‍ക്കുമെന്നും അതിനെ ഏതുവിധേനയും എതിര്‍ക്കണമെന്നും മുഷ്താഖ് പറഞ്ഞു.
സംവിധായകനും അഭിനേതാക്കളും നിരാശയില്‍
സര്‍ക്കാര്‍ ഉത്തരവിലൂടെ ചിത്രത്തിന്റെ പ്രദര്‍ശാനുമതി നിഷേധിച്ച വാര്‍ത്ത ജോയ്‌ലാൻഡിന്റെ സംവിധായകന്‍ കൂടിയായ സായിം സാദിഖ് അലിയെ (saim sadiq ali) വളരെയധികം നിരാശപ്പെടുത്തിയിരിക്കുകയാണ്. നിരോധന വാര്‍ത്ത വന്നതു മുതല്‍ അതിനെതിരെ തന്റെ പ്രതിഷേധം അദ്ദേഹം അറിയിച്ചിരുന്നു. ജോയ്‌ലാൻഡിന് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ടാഗ് ചെയ്ത് സാദിഖ് ഇന്‍സ്റ്റഗ്രാമില്‍ ഹാഷ്ടാഗ് ക്യാംപയിനിന് തുടക്കം കുറിക്കുകയും ചെയ്തു. ചിത്രത്തിന്റെ റിലീസിനായി #ReleaseJoyland എന്ന ക്യാംപെയ്ന്‍ ശക്തമാക്കണമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു.
'എല്ലാ സിനിമകളും പ്രേക്ഷകരെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രമല്ല പുറത്തിറങ്ങുന്നത്. നിങ്ങള്‍ക്ക് ഒരു ചിത്രം ഇഷ്ടമായില്ലെങ്കില്‍ അത് കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. എല്ലാവരെയും സന്തോഷിപ്പിച്ച് സിനിമ പുറത്തിറക്കാന്‍ പറ്റില്ല. എന്തിനാണ് 220 മില്യണ്‍ ആള്‍ക്കാരുടെ സമ്മതം വാങ്ങി മാത്രം ഒരു സിനിമ ചെയ്യുന്നത്. അത് ശരിക്കും വ്യക്തിഹത്യയ്ക്ക് തുല്യമാണ്,' സാദിഖ് പറഞ്ഞു.
അതേസമയം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നിരോധനത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.
ജോയ്‌ലാൻഡില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സര്‍വത് ഗിലാനി (sarvat gilani) ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായി അപലപിച്ചു. പെയ്ഡ് ക്യാംപെയ്ന്‍ ആണ് ചിത്രത്തിനെതിരെ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സിനിമ മുഴുവന്‍ കണ്ടിട്ടില്ലാത്ത ചില കുബുദ്ധികളുടെ സമ്മര്‍ദ്ദമാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചതെന്നും അതാണ് ചിത്രത്തിന്റെ നിരോധനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ അബ്ദുള്ള സിക്കിഖ്വിയും (abdullah siqqiki) പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പാകിസ്ഥാനിലെ കലാകാരന്‍മാരുടെ ഇരുണ്ട ദിനമാണിതെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
'അവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്. ജോയ്‌ലാൻഡിനെ നിരോധിക്കാനുള്ള അപവാദപ്രചരണങ്ങളാണ് ഈ നടക്കുന്നത്. പാകിസ്ഥാനിലെ എല്ലാ കലാകാരന്‍മാരുടെയും ജീവിതത്തിലെ ഇരുണ്ടദിനമാണിന്ന്. ഈ അക്രമസക്തരും വിവേകശൂന്യരുമായ തീവ്രവാദികളെ ജയിക്കാന്‍ അനുവദിക്കരുത്. അവര്‍ക്കെതിരെ പോരാടാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ വേണം,' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ആഗോള പ്രശംസ നേടിയ ജോയ്‌ലാൻഡ്
ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും ലോകത്താകമാനമുള്ള പ്രേക്ഷകരും വിമര്‍ശകരും ജോയ്‌ലാൻഡ് എന്ന ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ (cane film festival ) പ്രദര്‍ശിച്ച ചിത്രം പ്രത്യേക ജൂറി പുരസ്‌കാരവും ക്വീര്‍ പാം അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. മാത്രമല്ല ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍ മികച്ച യുവ സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് ജോയ്‌ലാൻഡ് സംവിധായകനായ സെയിം സാദിഖിനാണ്.
അതുകൂടാതെ നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പ്രചരാണത്തിനായി മലാല തന്നെ നേരിട്ടെത്തുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കാര്‍ നോമിനേഷനില്‍ ജോയ്‌ലാൻഡും ഉള്‍പ്പെട്ടത്.
ലോകത്തെ തന്നെ പ്രമുഖ ചലച്ചിത്ര മേളകളായ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും, ബൂസാന്‍ ഫിലിം ഫെസ്റ്റിവലിലും ജോയ്‌ലാൻഡ് പ്രദര്‍ശിപ്പിച്ചിരുന്നു.
റിവ്യൂ കമ്മിറ്റി രൂപീകരിച്ച് പ്രധാനമന്ത്രി
ജോയ്‌ലാൻഡിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ ഭരണസിരാകേന്ദ്രത്തിന്റെ തലപ്പത്ത് വരെയെത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിന്റെ നിരോധനത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ റിവ്യൂ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ സ്ട്രാറ്റജിക് റിഫോംസ് (Strategic Reforms) തലവന്‍ സല്‍മാന്‍ സൂഫി (salman sufi) അറിയിച്ചു.
'ചിത്രത്തിനെതിരെയുള്ള പരാതികള്‍ വിലയിരുത്തുന്നതിനും അതിന്റെ ഗുണഫലങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാനമന്ത്രി ഒരു ഉന്നതതല സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്,' സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതേ പോസ്റ്റില്‍ തന്നെ ചിത്രത്തിന്റെ നിരോധനം സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ നിരോധിക്കണമെന്ന് പറയുന്നതില്‍ വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്നും സല്‍മാന്‍ സൂഫി പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ ജനങ്ങള്‍ കാണുകയും ഈ വിഷയങ്ങളില്‍ സ്വന്തമായി ഒരു നിലപാട് ഉണ്ടാക്കാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.