സ്വകാര്യ ആവശ്യങ്ങള്‍ക്ക് സേവനം നൽകാൻ നിയമങ്ങൾ ഉണ്ടെങ്കിലും കല്യാണത്തിനും മറ്റും വീട്ടുകാർക്ക് ഷോ കാണിക്കാനുള്ളതല്ല കേരളാ പൊലീസ് എന്ന് വിമർശനം ഉയർന്നിരുന്നു. പാനൂരിൽ ഇതേവീട്ടിൽ രണ്ടാംതവണയാണ് പണമടച്ച് പോലീസിനെ കൊണ്ടുപോയത്. പ്രശ്നം വിവാദമായതോടെ ഉത്തരവിട്ടവർ വിശദീകരണം നല്‍കാതെ തടിയൂരുകയും ചെയ്തു.
കർണാടകയില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ വി.ഐ.പി. എത്തുന്നുണ്ടെന്ന് പറഞ്ഞാണ് വീട്ടുകാർ പൊലീസിനെ ആവശ്യപ്പെട്ടത്. അതിനായി സിവിൽ പോലീസ് ഓഫീസർ ഒന്നിന് 1400 രൂപവീതം ഈടാക്കിയാണ് സേവനം വിട്ടുകൊടുത്തത്. സംഭവം വിവാദമായതോടെ അഡീഷണൽ എസ്.പി. തന്നെ ചില ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. പൊലീസ് സേവനം എന്തിനായിരുന്നെന്ന് കൃത്യമായി അന്വേഷിക്കാതെയാണ് ഉത്തരവിട്ടത്.
advertisement
Also Read- കണ്ണൂരിൽ കല്യാണത്തിന് കാവൽ നിൽക്കാൻ 4 പൊലീസുകാർ; പ്രദർശന വസ്തുവാക്കുന്നതിനെതിരെ സേനയിൽ അമർഷം
പുതുക്കിയ നിരക്കനുസരിച്ച് സ്വകാര്യാവശ്യത്തിനും സിനിമാ ഷൂട്ടിങ്ങിനും പല ആഘോഷങ്ങൾക്കും പൊലീസിനെ വിട്ടുകൊടുക്കുമ്പോൾ റാങ്കനുസരിച്ചാണ് നിരക്ക് ഈടാക്കുക. * സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥന് പകൽ 3795 രൂപയും, രാത്രി 4750 രൂപയുമാണ് നിരക്ക്. എസ്ഐമാര്‍ക്ക് 2560, 4360 എന്നിങ്ങനെയാണ് പകലും രാത്രിയിലുമുള്ള നിരക്ക് .
- എ.എസ്.ഐ.യ്ക്ക് 1870, രാത്രി 2210
- സിവിൽ പോലീസ് ഓഫീസർ-പകൽ 700, രാത്രി 1040
- പോലീസ് നായയെ ആവശ്യമുണ്ടെങ്കിൽ 6950 രൂപ നൽകണം
- പോലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ വയർലസ് സെറ്റും കൊടുക്കും. ചാർജ് 2315 രൂപ.
- ഷൂട്ടിങ്ങിനോ മറ്റോ പോലീസ് സ്റ്റേഷൻ തന്നെ വേണമെങ്കിൽ ദിവസം 33,100 രൂപ വാടക കൊടുത്താല്‍ മതി
- വിരലടയാളവിദഗ്ധരുടെ സേവനം സ്വകാര്യ ആവശ്യത്തിന് വേണ്ടിവന്നാൽ നിശ്ചിത സമയത്തേക്ക് 6070 രൂപ ഈടാക്കാം.
- ഫൊറൻസിക് ലബോറട്ടറി സേവനമാണെമെങ്കിൽ ഓരോ കേസിലും 12,130രൂപ നല്‍കണം.
കല്യാണവീട്ടിലെ ഡ്യൂട്ടിക്കെതിരേ പോലീസ് സംഘടനകൾ രംഗത്തെത്തിയ പശ്ചാത്തലത്തിൽ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കാമെന്ന സർക്കാർ ഉത്തരവും വിവാദമായി.
നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ നിയോഗിക്കാൻ പാടില്ലെന്ന നിലപാടിലാണ് പോലീസുകാരുടെ സംഘടനകൾ. സ്വകാര്യ വ്യക്തിക്ക് സൗജന്യമായോ, പണം നൽകിക്കൊണ്ടോ പോലീസിനെ ഉപയോഗിക്കാൻ അവകാശമില്ലെന്ന് കേരള പോലീസ് ആക്ട് സെക്‌ഷൻ 62(2)ൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ സുരക്ഷ ആവശ്യമാണെങ്കിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ നിയോഗിക്കാം.
സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.