കൂടാതെ വെള്ളിയാഴ്ച പ്രധാനമന്ത്രി എക്‌സിൽ ( ട്വിറ്റർ) ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിന്റെ ഫോട്ടോ തന്റെ പ്രൊഫൈൽ പിക്ചർ ആക്കി മാറ്റിയിരുന്നു. ഈ പ്രധാന വേദിക്ക് മുന്നില്‍ ഒരു നടരാജ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നതും ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. ജൂലൈ 26നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സമുച്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എക്സിബിഷൻ ഹാളുകൾ, കൺവെൻഷൻ സെന്റർ, ഒരു ആംഫി തിയേറ്റർ എന്നിവയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ഭാരത് മണ്ഡപം ഒരുക്കിയിരിക്കുന്നത്.
advertisement
ജി 20 ഉച്ചകോടിയിൽ 29 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പാരമ്പര്യങ്ങളുടെ സമ്പന്നമായ ഒരു വേദിയായി ഭാരത് മണ്ഡപം മാറും. ഫിസിക്കൽ, വെർച്വൽ എക്സിബിഷനുകളും ഇവിടെ അതിഥികൾക്കായി പ്രദർശിപ്പിക്കും. കൂടാതെ പ്രവേശന കവാടത്തിൽ 27 അടി ഉയരമുള്ള നടരാജ വിഗ്രഹം ആണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വെങ്കല പ്രതിമയ്ക്ക് 18 ടൺ ഭാരം ഉണ്ട്. തമിഴ്‌നാട് സ്വാമി മലയിലെ പ്രശസ്ത ശില്പിയായ രാധാകൃഷ്ണൻ സ്ഥപതിയാണ് ഏഴ് മാസത്തിനുള്ളിൽ ഈ ശിൽപം നിർമ്മിച്ചത്.
അതേസമയം ഭാരത് മണ്ഡപം ഇനി മുതൽ ഇന്ത്യയുടെ ഒരു പ്രധാന ആഗോള ബിസിനസ് ഹബ്ബായി പ്രവർത്തിക്കും. കൂടാതെ വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രദർശനങ്ങൾ, ട്രേഡ് എക്‌സ്‌പോകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ തുടങ്ങി വിവിധ പരിപാടികൾക്ക് വേദിയായി ഇവിടം മാറുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഒപ്പേറ ഹൗസിനേക്കാൾ വലുതാണിത്. ഏകദേശം ഏഴായിരം ആളുകൾക്ക് വരെ ഒരേ സമയം പങ്കെടുക്കാൻ സാധിക്കുന്ന ആകർഷകമായ മൾട്ടി പർപ്പസ് ഹാളും പ്ലീനറി ഹാളും ഈ വേദിയിലുണ്ട്. 2,700 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്.
123 ഏക്കർ വിസ്തൃതിയുള്ള ഭാരത് മണ്ഡപത്തിൽ ഏറ്റവും വലിയ MICE (Meetings, Incentives, Conferences & Exhibitions ) ഡെസ്റ്റിനേഷനാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഒരു വലിയ കാമ്പസ് ഏരിയയും അത്യാധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്നതിനാൽ ആഗോളതലത്തിൽ മികച്ച എക്സിബിഷൻ, കൺവെൻഷൻ കോംപ്ലക്സുകളിൽ ഇത് സ്ഥാനം പിടിക്കുന്നു. ബസവേശ്വരന്റെ ‘അനുഭവ് മണ്ഡപ്’ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഭാരത് മണ്ഡപം എന്ന പേരിലെത്തിയത്. കെട്ടിടത്തിന്റെവാസ്തുവിദ്യ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളെ മുൻനിർത്തികൊണ്ടുള്ളതാണ്. ശംഖിന്റെ ആകൃതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം.