ശനിയാഴ്ച വൈകുന്നേരം പാരീസിലെ ലെ ബൂര്‍ഗെറ്റ് വിമാനത്താവളത്തില്‍വെച്ചാണ് ടെലിഗ്രാമിന്റെ സിഇഒയും സഹസ്ഥാപകനും കോടീശ്വരനുമായ പവല്‍ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. 'റഷ്യയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്' എന്ന പേരിലാണ് ദുറോവ് അറിയപ്പെടുന്നത്.
ടെലിഗ്രാമില്‍ ക്രിമിനല്‍ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്. പാരീസില്‍ സ്വകാര്യജെറ്റില്‍ വെച്ച് ദുറോവിനെ അറസ്റ്റ് ചെയ്തപ്പോൾ കൂടെ ജൂലിയുമുണ്ടായിരുന്നു. അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വലിയ ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. പ്രത്യേകിച്ച് ദുറോവിന്റെ അറസ്റ്റിൽ ജൂലിയുടെ പങ്ക് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു.
advertisement
ആരാണ് ജൂലി വാവിലോവ?
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കോച്ചും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമാണ് ജൂലിയെന്ന് അവരുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറയുന്നു. ഗെയിമര്‍ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്, അറബി എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാമെന്ന് അവര്‍ ബയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 20000 പേരാണ് ജൂലിയെ പിന്തുടരുന്നത്.
യാത്രകള്‍, ഗെയിമിംഗ്, ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട കണ്ടന്റുകളാണ് അവര്‍ സാമൂഹികമാധ്യമത്തില്‍ കൂടുതലായും പങ്കുവയ്ക്കുന്നത്. ദുറോവുമായി ജൂലിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിൽ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ആഴമേറിയ വ്യക്തിബന്ധമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഹണിട്രാപോ അതോ മൊസാദ് ഏജന്റോ?
ദുറോവിനൊപ്പമുള്ള ജൂലിയുടെ അറസ്റ്റ് പലവിധ ഊഹാപോഹങ്ങളും സൃഷ്ടിക്കുന്നുണ്ട്. ജൂലി വളരെക്കാലമായി നിരീക്ഷണത്തിലായിരുന്നുവെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു. സാമൂഹികമാധ്യമത്തിലുള്ള ഉയര്‍ന്ന ഇടപെടലും ടെലിഗ്രാം സിഇഒയുമായുള്ള അവരുടെ അടുത്ത ബന്ധവും കണക്കിലെടുത്ത് ജൂലി നിയമപാലകരുടെ നിരീക്ഷണത്തിലായിരിക്കാമെന്നും ഇതാണ് അറസ്റ്റില്‍ കലാശിച്ചതെന്നും അവര്‍ പറഞ്ഞു.
ജൂലി നിരന്തരമായി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റുകള്‍ അവര്‍ എവിടെയാണെന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കി. അറസ്റ്റിന് മുമ്പുള്ള ദിവസങ്ങളില്‍ കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അസര്‍ബൈജാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതേസമയം തന്നെ ഇവിടങ്ങളില്‍ ദുറോവും യാത്ര ചെയ്തിട്ടുണ്ട്. ഇതും അറസ്റ്റിലേക്ക് നയിച്ചേക്കാം.
അതേസമയം, ദുറോവിനെ പിടികൂടാനുള്ള ഗൂഢാലോചനയില്‍ ജൂലിയും പങ്കാളിയാകാന്‍ ഇടയുണ്ടെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ജൂലി ഹണിട്രാപ് അല്ലെങ്കില്‍ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റാണെന്ന ഊഹാപോഹവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം വാദങ്ങള്‍ക്കൊന്നും സ്ഥിരീകരിച്ച തെളിവ് ഇതുവരെയും ലഭിച്ചിട്ടില്ല.
ജൂലി ഇപ്പോള്‍ എവിടെയാണ് ഉള്ളത്?
അറസ്റ്റിന് ശേഷം ജൂലി എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. ജൂലിയുമായി ബന്ധപ്പെടാന്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് സൈബർ ലോകം കരുതുന്നത്.