ഈ കലണ്ടർ ഓരോ വർഷവും വ്യത്യസ്ത മൃഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഷ്യയിലുടനീളമുള്ള വ്യത്യസ്‌ത രാജ്യങ്ങൾ പല തരത്തിൽ ആണ് ഈ പുതുവർഷം ആഘോഷമാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ രാശിചക്രങ്ങളും (സോഡിയാക്) വ്യത്യസ്തമായിരിക്കാം. ഈ വർഷം ഡ്രാഗൺ വർഷമായതിനാൽ പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട് .
എന്താണ് ലൂണാർ ന്യൂ ഇയർ?
ലൂണാർ ന്യൂ ഇയർ ചൈനയിൽ സ്പ്രിംഗ് ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. യറ്റ്നാമിൽ 'ടെറ്റ്' , കൊറിയയിൽ 'സിയോളാൽ' എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. പല ഏഷ്യൻ രാജ്യങ്ങളും ഈ പുതുവർഷം ആഘോഷിക്കാറുണ്ട്. ചാന്ദ്ര കലണ്ടറിലെ ആദ്യത്തെ അമാവാസി ദിനത്തിലാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക . ചാന്ദ്ര കലണ്ടർ ചന്ദ്രൻ്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ഇതിന്റെ അവധി ദിവസങ്ങൾ ഓരോ വർഷവും അല്പം വ്യത്യാസപ്പെടും. ജനുവരിക്കും ഫെബ്രുവരി പകുതിയ്ക്കും ഇടയിൽ വരുന്ന അമാവാസി ദിനത്തിലാണ് ഈ പുതുവർഷ ആഘോഷം. ചൈനീസ് രാശിചക്രത്തിൽ എലി, കാള, കടുവ, മുയൽ, ഡ്രാഗൺ , പാമ്പ്, കുതിര, ആട്, കുരങ്ങ്, പൂവൻകോഴി, നായ, പന്നി തുടങ്ങിയ മൃഗങ്ങളെ പ്രതിനിധീകരിച്ചാണ് ഇതിന്റെ കാലചക്രം.
advertisement
ഈ വർഷത്തെ മൃഗം ഡ്രാഗൺ ആയതുകൊണ്ട് ചൈനയിലെ ആളുകൾ വീടുകൾ ചുവപ്പുനിറം കൊണ്ട് അലങ്കരിക്കും. ആളുകൾ അവരുടെ വീടിന്റെ വാതിലുകളിൽ ചുവന്ന പേപ്പർകൊണ്ടുള്ള ഡ്രാഗണുകളെയും സ്ഥാപിക്കും .രാത്രി മുഴുവൻ ചുവന്ന വിളക്കുകൾ കത്തിക്കുകയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തുകയും രാക്ഷസനെ തുരത്തുകയും ചെയ്യുന്ന ഒരു ആചാരവും ഇവർ പിന്തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളും നിര്‍ഭാഗ്യങ്ങളും മാറ്റി ഭാഗ്യവും സമൃദ്ധിയും ഈ ആഘോഷത്തിലൂടെ വന്നു ചേരുമെന്നാണ് ഇവരുടെ വിശ്വാസം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ തങ്ങൾക്ക് ഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നും ആളുകൾ കരുതുന്നു.
പുതുവർഷത്തിനായി പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും പണം നൽകാൻ ചുവന്ന കവറുകളും ഇവർ ഉപയോഗിക്കുന്നു. ചൂതാട്ടവും പരമ്പരാഗത മത്സരങ്ങളും ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആളുകൾ പിതൃ പൂജയും ഈ സമയത്ത് അനുഷ്ഠിക്കാറുണ്ട്. 'ചാരി' എന്നറിയപ്പെടുന്ന ഈ ചടങ്ങിൽ നിരവധി കൊറിയൻ കുടുംബങ്ങളും പങ്കെടുക്കും. തുടർന്ന് സ്ത്രീകൾ ഭക്ഷണം തയ്യാറാക്കുകയും പുരുഷന്മാർ അവരുടെ പൂർവികർക്കായി ആ ഭക്ഷണം വിളമ്പുകയും ചെയ്യും.
യുഎസിലുടനീളമുള്ള പല ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റികളിലെ അംഗങ്ങളും ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പരേഡുകൾ, കാർണിവലുകൾ, ഉത്സവങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. വീടുകൾ വൃത്തിയാക്കുകയും വീട്ടിലേക്ക് പുതിയ ഫർണിച്ചറുകൾ വാങ്ങുകയും ഓർക്കിഡുകളും മറ്റ് കടും നിറമുള്ള പൂക്കൾ ഉപയോഗിച്ച് വീടുകൾ അലങ്കരിക്കുകയും ചെയ്യും. ഇതിനുപുറമേ യുഎസിലെ നിരവധി കത്തോലിക്കാ രൂപതകളും പള്ളികളും ഈ ഉത്സവം വലിയ ആഘോഷമാക്കാറുണ്ട്. ഓരോ സംസ്കാരത്തിനും അനുസരിച്ച് ആളുകൾ പിന്തുടർന്ന ഭക്ഷണക്രമവും വ്യത്യസ്തമാണ്. അരി ദോശ, സ്പ്രിംഗ് റോളുകൾ, ടാംഗറിൻ, മത്സ്യം, മാംസം എന്നിവ ആഘോഷവേളയിൽ പ്രധാനമായും ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ ആണ്.