എന്താണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ?
യുഎഇയില്‍ ദീര്‍ഘകാലം സ്ഥിരതാമസത്തിന് അനുവദിച്ചുകൊണ്ട് നല്‍കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ. ഇത് വിദേശ പൗരന്മാര്‍ക്ക് ഒരു പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുമതി നല്‍കുന്നു. 2019ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പത്ത് വര്‍ഷമാണ് ഈ വിസയുടെ കാലാവധി. നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഇതില്‍ പ്രധാനമായും പരിഗണിക്കുന്നത്.
യുഎഇയുടെ സാമ്പത്തിക, വികസന വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിന് ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
advertisement
23 ലക്ഷം രൂപയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുമോ?
ഇല്ല. 23 ലക്ഷം രൂപ എന്ന നിശ്ചിത നിരക്ക് നല്‍കിയാല്‍ ഗോള്‍ഡന്‍ വിസ ലഭിക്കുകയില്ല. ഇത്തരമൊരു വ്യാജ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നത് ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടി. ഒരു ലക്ഷം ദിര്‍ഹം (23 ലക്ഷം രൂപ) നല്‍കിയാല്‍ ആജീവനാന്ത വിസ ലഭിക്കുമെന്നതായിരുന്നു ഇത്. ഇത് പലരെയും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ഇത്തരമൊരു പദ്ധതിയില്ലെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ഔദ്യോഗിക മാര്‍ഗങ്ങളെ ആശ്രയിക്കണമെന്നും വ്യാജമായ ഓഫറുകളില്‍ വീഴരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇ ഗോള്‍ഡന്‍ ലഭിച്ചാൽ മറ്റൊരാളെ നാമനിർദേശം ചെയ്യാൻ പുതിയ നിയമമുണ്ടോ?
ഗോള്‍ഡന്‍ വിസ ലഭിച്ചാൽ മറ്റുള്ളവരെ നാമനിര്‍ദേശം ചെയ്യാന്‍ അനുവദിക്കുന്ന പുതിയ നിയമമൊന്നും അവതരിപ്പിച്ചിട്ടില്ല. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ആജീവനാന്ത യുഎഇ വിസയ്ക്കായി അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാമെന്ന് വ്യക്തമാക്കുന്ന ഒരു വാട്ട്‌സ്ആപ്പ്‌സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ യുഎഇ അധികൃതര്‍ ഈ അവകാശവാദം അടിസ്ഥാനരഹിതമാമെന്ന് വ്യക്തമാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള നാമനിര്‍ദേശ പ്രക്രിയയ്ക്ക് യുഎഇയുടെ ഔദ്യോഗിക ഇമിഗ്രേഷന്‍ സംവിധാനത്തില്‍ വ്യവസ്ഥയില്ല.
യുഎഇയുടെ ഗോള്‍ഡന്‍ വിസ ഒരു ആജീവനാന്ത വിസ ആണോ?
അല്ല. യുഎഇ ഗോള്‍ഡന്‍ വിസ ഒരു ആജീവനാന്ത വിസ അല്ല. അത് പത്ത് വര്‍ഷത്തെ മാത്രം കാലാവധിയുള്ള വിസയാണ്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകഴിഞ്ഞാല്‍ ഇത് പുതുക്കാനുള്ള അവസരമുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യക്കാര്‍ക്ക് ആജീവനാന്ത വിസ അനുവദിക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാല്‍, ഇതും വ്യാജമായിരുന്നു. ഒരു രാജ്യത്തിനും ആജീവനാന്ത വിസ എന്നൊന്നില്ലെന്ന് യുഎഇ ഉദ്യോഗസ്ഥന്‍ ഖലീജ് ടൈംസിനോട് വ്യക്തമാക്കി.
ഏതൊരു ഇന്ത്യക്കാരനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുമോ?
യുഎഇ ഗോള്‍ഡന്‍ വിസ ആര്‍ക്കും സ്വയമേവ ലഭിക്കുകയില്ല. മറ്റേതൊരു രാജ്യക്കാരെയും പോലെ ഇന്ത്യക്കാരും യുഎഇയിലെ ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്ന അവകാശവാദങ്ങള്‍ യുഎഇ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
യുഎഇ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതപ്പെട്ടത് ആരൊക്കെ?
യുഎഇ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള ആളുകള്‍ക്ക് പത്ത് വര്‍ഷം യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.
- സര്‍ക്കാര്‍ പദ്ധതികളിലോ റിയല്‍ എസ്‌റ്റേറ്രിലോ നിക്ഷേപം നടത്തുന്നവര്‍
- സംരംഭകര്‍
- ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മറ്റ് ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍
- ശാസ്ത്രജ്ഞര്‍, ഗവേഷകര്‍
- കല, സംസ്‌കാരം, കായികം എന്നീ മേഖലയില്‍ അസാധാരണ കഴിവ് പ്രകടമാക്കിയ പ്രതിഭകള്‍
- മികച്ച പ്രകടനം പുറത്തെടുത്ത വിദ്യാര്‍ഥികളും ബിരുദധാരികളും
- മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകര്‍
അപേക്ഷകര്‍ തങ്ങള്‍ അപേക്ഷിക്കുന്ന വിഭാഗത്തെ അടിസ്ഥാനമാക്കി നിര്‍ദ്ദിഷ്ട സാമ്പത്തിക, അക്കാദമിക് അല്ലെങ്കില്‍ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
യുഎഇ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) പോര്‍ട്ടല്‍
- ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍ശി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പോര്‍ട്ടല്‍
- അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് ടിഎഎംഎം പ്ലാറ്റ്‌ഫോം വഴിയും അപേക്ഷ നല്‍കാം.
നിങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിഭാഗത്തെ ആശ്രയിച്ച് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍, പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ അല്ലെങ്കില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവ തുടങ്ങിയ നിങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ നിങ്ങള്‍ സമര്‍പ്പിക്കണം.
യുഎഇ ഗോള്‍ഡന്‍ വിസയെ സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം എന്തായിരുന്നു?
ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ച ഒരു വ്യാജ സന്ദേശമാണ് തെറ്റിദ്ധരിപ്പിക്കുന്ന ആശയക്കുഴപ്പത്തിന് കാരണമായത്. ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തിന് ആജീവനാന്ത ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നും മറ്റുള്ളവരെ നാമനിര്‍ദേശം ചെയ്യാമെന്നുമാണ് ഈ സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യുഎഇ ഉദ്യോഗസ്ഥര്‍ ഇത്തരം അവകാശവാദങ്ങള്‍ നിഷേധിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.