തൊട്ടുപിന്നാലെ, ജോർജ് സോറോസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ജോർജ് സോറോസിന്റെ പരാമർശങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണെന്നും പ്രധാനമന്ത്രി മോദി ഇത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇത്തരം വിദേശ ശക്തികൾക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ പ്രതികരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തങ്ങള്‍ക്ക് താല്‍പര്യമുളളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
ആരാണ് ജോർജ്ജ് സോറോസ്? ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവാദങ്ങൾ എന്തൊക്കെയാണ്? വിശദമായി മനസിലാക്കാം?
advertisement
നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തനകൻ
ഒരു ജൂത കുടുംബത്തിലാണ് 92-കാരനായ ജോർജ് സോറോസ് ജനിച്ചത്. ഇയാൾ ഒരു മൾട്ടി-ബില്യണയർ നിക്ഷേപകനും ഹെഡ്ജ് ഫണ്ട് മാനേജരും ജീവകാരുണ്യ പ്രവർത്തനകനുമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാൾ കൂടിയാണ് സോറോസ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണ്.
1930-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ മധ്യവർഗ ജൂത കുടുംബത്തിലാണ് ജോർജ് സോറോസ് ജനിച്ചത്. സോറോസിന്റെ കുടുംബം പിന്നീട് ജൂതവിരുദ്ധരിൽ നിന്ന് രക്ഷപെടാൻ കുടുംബപ്പേര് മാറ്റിയതായി ദ ഗാർഡിയന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്ത് യഹൂദ വിരുദ്ധ വികാരം ആളിക്കത്തിയ സമയത്ത് ജൂത വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കാന്‍ കുടുംബപ്പേര് ‘ഷ്വാര്‍ട്‌സ്’ എന്നതില്‍ നിന്ന് ‘സോറോസ്’ എന്നാക്കി മാറ്റുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ഹംഗറി ആക്രമിച്ചപ്പോൾ, സോറോസും കുടുംബവും ക്രിസ്ത്യാനികളായി വേഷം മാറി പലായനം ചെയ്യാൻ നിർബന്ധിതരായി. അദ്ദേഹവും കുടുംബവും അങ്ങനെ യുദ്ധത്തെ അതിജീവിച്ചു.
ഹംഗറിയിൽ കമ്മ്യൂണിസം വ്യാപിച്ചതിനുശേഷം, 1947-ൽ സോറോസ് യുകെയിലേക്ക് കുടിയേറി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം പിന്നീട് ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കറായി മാറി. 1956-ൽ, സോറോസ് ന്യൂയോർക്കിലേക്ക് താമസം മാറി. അവിടെ അദ്ദേഹം നിരവധി വാൾസ്ട്രീറ്റ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1960 കളുടെ അവസാനത്തിലാണ് ജോർജ് സോറോസ് ക്വാണ്ടം ഫണ്ട് സ്ഥാപിച്ചത്. എക്കാലത്തെയും ഏറ്റവും വിജയകരമായ ഹെഡ്ജ് ഫണ്ടുകളിലൊന്നായി (hedge fund) അത് മാറി.
ഇതിനിടെ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അദ്ദേഹം ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള ആളുകൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാധിപത്യം എന്നീ മേഖലകളിൽ ധനസഹായം നൽകുന്നതിന് സോറോസ് തന്റെ സമ്പാദ്യത്തിലെ ഒരു ഭാഗം മാറ്റിവെയ്ക്കുന്നതായും ബിബിസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്, സോറോസ് തന്റെ സ്വകാര്യ സ്വത്തിൽ നിന്നും 32 ബില്യൺ ഡോളറിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർത്ത മനുഷ്യൻ
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെ സാമ്പത്തിക യുദ്ധക്കുറ്റവാളിയായി സ്വന്തം രാജ്യം തന്നെ വിശേഷിപ്പിച്ചയാളാണ് സോറോസ്. 1992 ലായിരുന്നു സംഭവം. ബ്രിട്ടീഷ് കറൻസിയായ പൗണ്ട് ഷോർട് ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജരായിരുന്ന സോറോസ് 1 ബില്യൺ യുഎസ് ഡോളർ നേടി എന്നായിരുന്നു ആരോപണം.
നാസികളെ സഹായിച്ചെന്ന ആരോപണം
സോറോസ് ജൂതന്മാർക്കെതിരെ പ്രവർത്തിക്കാൻ നാസികളെ സഹായിച്ചു എന്ന തരത്തിൽ ചില ആരോപണങ്ങൾ വളരെക്കാലമായി പ്രചരിച്ചിരുന്നു. “ജർമൻ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തന്റെ സഹ ജൂതൻമാരെ തിരിയുകയും അവരുടെ സ്വത്ത് അപഹരിക്കുകയും ചെയ്ത ഒരു നാസിയാണ് ജോർജ് സോറോസ്”, എന്ന് വിവാദ നടൻ റോസാൻ ബാർ 2018-ൽ ട്വീറ്റ് ചെയ്തിരുന്നു. എന്നിരുന്നാൽ താൻ ഒരിക്കലും ജൂതന്മാരിൽ നിന്ന് സ്വത്ത് കണ്ടുകെട്ടുകയോ നാസികളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് സോറോസ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞിരുന്നു.
പ്രതിഷേധം നടത്താൻ സോറോസ് ആളുകൾക്ക് പണം നൽകുന്നുണ്ടോ?
2013ലെ ഗെസി പാർക്ക് പ്രതിഷേധത്തിന് തുർക്കി പ്രസിഡന്റ് കുറ്റപ്പെടുത്തിയ ആക്ടിവിസ്റ്റ് ഉസ്മാൻ കവാലയെ സോറോസ് പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങളും മുൻപ് ചിലർ ഉന്നയിച്ചിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാർക്ക് സോറോസ് ധനസഹായം നൽകുന്നുണ്ടെന്ന് 2020-ൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആരോപിച്ചിരുന്നു.
രാഷ്ട്രീയക്കാരുമായുള്ള ഒത്തുകളി
യുഎസ് ഡെമോക്രാറ്റിക് പാർട്ടിക്ക് സോറോസ് ദശലക്ഷക്കണക്കിന് ഡോളർ സംഭാവന ചെയ്യുകയും 2016 ലെ ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ ഹിലരി ക്ലിന്റനെ പിന്തുണക്കുകയും ചെയ്തെന്ന ആരോപണങ്ങളും മുൻപ് ഉന്നയിക്കപ്പെട്ടിരുന്നു.
2001 സെപ്റ്റംബർ 11 ന് അമേരിക്കയിൽ നടന്ന ആക്രമണത്തിന് ശേഷം, അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിനെതിരെ സോറോസ് ആഞ്ഞടിച്ചിരുന്നു. 2010 മുതൽ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബനും സോറോസും തമ്മിലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ഹംഗറിയിൽ നിലനിന്നിരുന്ന വ്യാജ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് ഓർബൻ ശ്രമിക്കുന്നത് എന്നായിരുന്നു സോറോസിന്റെ കുറ്റപ്പെടുത്തൽ.
ഓർബനും ജോർജ് സോറോസിനെതിരെ നിരന്തരം സംസാരിച്ചിട്ടുണ്ട്. ജോർജ് സോറോസ് ആളുകളെയും സംഘടനകളെയും വിലക്കു വാങ്ങിയെന്നും ബ്രസൽസ് അദ്ദേഹത്തിന്റെ സ്വാധീനത്തിലാണെന്നും വിക്ടർ ഓർബൻ ആരോപിച്ചിരുന്നു. അവർ യൂറോപ്പിലേക്ക് ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ കടത്തിവിടാൻ ആഗ്രഹിക്കുന്നു എന്നും ഓർബൻ കുറ്റപ്പെടുത്തിയിരുന്നു.
നീതിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന അപകടകാരിയായ മനുഷ്യനായാണ് തങ്ങൾ സോറോസിനെ കാണുന്നത് എന്ന് ഈജിപ്തിലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയുടെ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ എലി ഹസൻ 2017 ഡിസംബറിൽ പറഞ്ഞിരുന്നു.
മുൻപ് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ വോട്ടർമാരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ ഇത്തവണ ജനങ്ങൾ റിപ്പബ്ലിക്കൻ നേതാവിനാണ് ഇത്തവണ വോട്ട് ചെയ്തത് എന്ന് 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം, സോറോസ് പറഞ്ഞിരുന്നു.
മോദിക്കെതിരെ മുൻപും വിമർശനങ്ങൾ
ഇതാദ്യമായല്ല പ്രധാനമന്ത്രി മോദിക്കെതിരെ ജോർജ് സോറോസ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ ഏറ്റവും വലുതും ഭയാനകവുമായ തിരിച്ചടി സംഭവിച്ചതായും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുകയും ഭാഗികമായി സ്വയംഭരണാധികാരമുള്ള കശ്മീരിലെ ഭരണത്തിൽ ഇടപെടുകയും ചെയ്യുന്നു എന്ന് സോറോസ് മുൻപ് വിമർശിച്ചിരുന്നു. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പൗരത്വം മോദി ഇല്ലാതാക്കുമെന്നും സോറോസ് കുറ്റപ്പെടുത്തിയിരുന്നു.