സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചപ്പോള്‍ ഉറപ്പ് നല്‍കിയത്. പിഎസ് സി അംഗത്വം സംബന്ധിച്ച് മുമ്പും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
ഇങ്ങനെ വിവാദമുയരുമ്പോള്‍ പലരുടെയും മനസില്‍ ചില ചോദ്യങ്ങൾ ഉയരാം.
- ആർക്കൊക്കെ പി എസ് സി അംഗമാകാം ?
- എന്താണ് പി.എസ്.സി അംഗങ്ങളുടെ ജോലി ?
- പി.എസ്.സി അംഗത്വം ലഭിച്ചാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ ?
- ഇത്ര വലിയ തുക കോഴ നല്‍കി നിയമനം നേടാന്‍ മാത്രം ഗ്ലാമറുണ്ടോ പി.എസ്.സി അംഗത്വത്തിന് ?
- എന്തൊക്കെ ആനുകൂല്യങ്ങളും നേട്ടങ്ങളുമാണ് പി.എസ്.സി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്?
advertisement
ഘടനയും യോഗ്യതയും
ഭരണഘടനാ സ്ഥാപനമാണ് പബ്ലിക് സർവീസ് കമ്മീഷൻ എന്ന പി.എസ്.സി. തിരുവനന്തപുരം പട്ടത്താണ് കേരളത്തിലെ പി.എസ്.സി ആസ്ഥാനം. മറ്റു സംസ്ഥാന പി എസ് സി കളിൽ എട്ടിൽ താഴെ അംഗങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ചെയര്‍മാന്‍ ഉള്‍പെടെ 21 അംഗങ്ങളാണ് ഉള്ളത്. യു പി എസ് സിയില്‍ ഒമ്പത് അംഗങ്ങളേയുള്ളൂ.സ്ത്രീ, ജാതി, ഭിന്നശേഷി എന്നീ സംവരണങ്ങൾ ഒന്നും പി എസ് സി അംഗങ്ങൾക്ക് ഇല്ല.
കമ്മിഷൻ്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സംസ്ഥാന ഗവർണറാണ്. പി.എസ്.സി. അംഗത്വം രണ്ട് തരത്തിലുണ്ട്. ചെയര്‍മാന്‍ ഒഴികെയുള്ള 20 അംഗങ്ങളില്‍ 10 പേര്‍ സര്‍വീസ് മേഖലയില്‍നിന്നും (ഒഫീഷ്യൽ ) 10 പേര്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ (നോൺ ഒഫിഷ്യൽ ) നിന്നുമുള്ളവരാകണം.അംഗങ്ങളിൽ പകുതിയോളം പേർ നിയമന തീയതിയിൽ സർക്കാരിന് കീഴിൽ കുറഞ്ഞത് 10 വർഷത്തെ സേവനമുള്ള വ്യക്തികളായിരിക്കണം. ഇതിന് സർക്കാർ ട്രഷറിയിൽ നിന്ന് ശമ്പളം കൈപ്പട്ടിയവരെ പരിഗണിക്കാം എന്നതാണ് വ്യവസ്ഥ. അതിൽ എന്തെങ്കിലും പ്രത്യേകം വിദ്യാഭ്യാസ യോഗ്യതയില്ല.
പൊതുപ്രവര്‍ത്തന മേഖലയില്‍ ഉള്ളവരുടെ യോഗ്യത
1. 62 വയസ് കഴിയാത്ത ഇന്ത്യൻ പൗരനായിരിക്കണം.
2. ബുദ്ധിസ്ഥിരത ഉണ്ടായിരിക്കണം.
കമ്മീഷനിലെ ചെയർമാനോ മറ്റേതെങ്കിലും അംഗത്തിനോ ആറ് വർഷത്തേക്കോ അല്ലെങ്കിൽ അവർക്ക് 62 വയസ്സ് തികയുന്നതു വരെയോ ഏതാണോ ആദ്യം ആ സ്ഥാനത്ത് തുടരാം.അംഗം ചെയര്‍മാനായാല്‍ ആറു വര്‍ഷം കൂടി തുടരാം. ആറു വര്‍ഷമാണ് അംഗത്വമെങ്കിലും 62 വയസ്സുവരെയേ തുടരാനാകൂ.കാലാവധി തീരുന്ന ചെയർമാനോ മറ്റേതെങ്കിലും അംഗത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള പുനർ നിയമനത്തിന് അയോഗ്യരാണ്. എന്നാൽ മറ്റൊരു സംസ്ഥാനത്ത് അംഗമാകാം. മുന്‍പ് അംഗമായിരുന്നാലും ചെയര്‍മാന്‍ പദവിയില്‍ വീണ്ടും ആറ് വര്‍ഷംവരെ അംഗത്വം തുടരാമെന്നും വ്യവസ്ഥയുണ്ട്.
ജോലികൾക്കായി അഭിമുഖങ്ങൾ നടത്തുക എന്നതാണ് പ്രധാന ജോലി. ഗസറ്റഡ് റാങ്കിലെ പ്രമോഷന് വേണ്ടിയുള്ള ഡിപ്പാർട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി പി സി ) യുടെ ചെയർമാൻ പി.എസ്.സി അംഗം ആയിരിക്കും.
പരിഗണനയും ആനുകൂല്യങ്ങളും
പി എസ് സി അംഗത്തെ ഒരിക്കൽ നിയമിച്ച ശേഷം ആ പദവിയിൽ നിന്ന് നീക്കാൻ ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യാൻ ഉള്ള നടപടി ക്രമം തന്നെയാണ് ഉള്ളത്. കേരളത്തിൽ ഇന്നുവരെ ഇങ്ങനെ ആരെയും നീക്കം ചെയ്തിട്ടില്ല.
സര്‍വീസ് മേഖലയിലുള്ളവര്‍ക്ക് സര്‍വീസ് കാലവും പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കും. പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ളവര്‍ക്ക്, എത്രകാലം അംഗത്വം വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍.
പദവിയുടെ പവർ മാത്രമല്ല, ഉയര്‍ന്ന ശമ്പളം മാസംതോറും കീശയിൽ വരും എന്നതാണ് പ്രധാന പോയിന്റ്. അംഗത്തിന്റെ അടിസ്ഥാന ശമ്പളം തന്നെ വരും 70,290 രൂപ. ഇതിനൊപ്പം കേന്ദ്രനിരക്കില്‍ 223 ശതമാനം ഡി.എ. എച്ച്.ആര്‍.എ 10,000 രൂപ. യാത്രാബത്തയായി 5000 രൂപ. ഇതെല്ലാം ചേര്‍ത്ത് ഒരു പിഎസ്.സി അംഗത്തിന് ആകെ കിട്ടുന്ന ശമ്പളം 2,42,036 രൂപ. ഇതിനുപുറമേ പെന്‍ഷനും. മറ്റ് ആനുകൂല്യങ്ങളുടെ നീണ്ടനിര വേറെയുമുണ്ട്.
ഇത് പോരെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം പി എസ് സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്.
പി എസ് സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷം രൂപയും അംഗങ്ങളുടേത് 3.75 ലക്ഷം രൂപയുമാക്കി വര്‍ധിപ്പിക്കണമെന്നാണ് കത്തില്‍ പറയുന്നത്.ചെയര്‍മാന് പെന്‍ഷന്‍ 2.50 ലക്ഷവും അംഗങ്ങള്‍ക്ക് 2.25 ലക്ഷവും ആക്കാനുള്ള ആലോചനയും നടക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പി എസ് സി ഭരണഘടനാ സ്ഥാപനമായതിനാല്‍ തന്നെ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.
നിലവില്‍ അംഗത്തിന് രണ്ടര ലക്ഷം രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കുന്നതിന് പുറമേ കാര്‍, വീട്ടുവാടക, യാത്രാബത്ത, ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷന്‍, ഡ്രൈവര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡഫേദാര്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ചെയര്‍മാന് 76,450 രൂപയാണ് അടിസ്ഥാന ശമ്പളം. ഡിഎ ഉള്‍പെടെ 2.51 ലക്ഷം ശമ്പളം. വാഹനവും ഡ്രൈവറും യാത്രാ ചെലവും ആജീവനാന്ത ചികിത്സാ ചെലവുമെല്ലാം സര്‍ക്കാര്‍ വക.ചെയർമാന് ഓഫീസ് കാർ ലഭിക്കും. ചെയർമാന് വീടും ഫർണിഷ് ചെയ്യാൻ തുകയും കിട്ടും.
അംഗത്തിന് 70,290 രൂപയാണ് അടിസ്ഥാന ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡിഎയും കൂട്ടി ആകെ ശമ്പളമായി 2,42,036 രൂപ ലഭിക്കും. പുറമേ എച് ആര്‍ എ 10,000 രൂപ, യാത്രാബത്ത 5000 രൂപ.സ്വന്തം വാഹനത്തിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 15 രൂപ നിരക്കില്‍ യാത്രാബത്തയുണ്ട്. സ്വന്തം വാഹനമില്ലെങ്കിൽ പുതിയ വാഹനം വാങ്ങാന്‍ പലിശരഹിത വായ്പയും കിട്ടും. സ്വന്തമായി ഡ്രൈവറെ വെക്കാം. ഡ്രൈവര്‍ക്കുള്ള ശമ്പളത്തിനും വീട്ടിലെ കാശ് ചെലവാക്കണ്ട. അതും സര്‍ക്കാര്‍ നല്‍കും. അംഗത്തിന്റെയും പങ്കാളിയുടെയും ചികിത്സാച്ചെലവും സര്‍ക്കാരിന്റെ ബാധ്യതയാണ്. അതും ആജീവനാന്ത ആരോഗ്യ പരിരക്ഷ. അതുകൊണ്ട് പി.എസ്.സി അംഗത്വം ലഭിച്ചാല്‍ പിന്നെ ആശുപത്രി ബിൽ മറക്കാം.
ആറുവര്‍ഷം അംഗത്വം കിട്ടിയവര്‍ക്ക് ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ വരെ പെന്‍ഷന്‍ ലഭിക്കും. പൊതുപ്രവർത്തന രംഗത്ത് നിന്നുള്ള അംഗത്തിന് പൂർത്തിയാക്കുന്ന ഓരോ വർഷത്തിനും നിശ്ചിത തുകയാണ് അടിസ്ഥാന പെൻഷൻ.