ഐശ്വര്യത്തിൻ്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമാണ് നിറപുത്തരി മഹോത്സവം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായ നിറപുത്തരി നാളിൽ നെല്ലിനെയാണ് പൂജിക്കുക. കൃഷിയിൽ നല്ല വിളവിനും നാടിൻ്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന കൂടിയാണിത്. വിളവെടുത്ത നെല്ലിൻ്റെ ഒരു വിഹിതം ഭഗവാന് സമർപ്പിക്കുക എന്നതാണ് നിറപുത്തരിക്ക് പിന്നിലെ ഐതീഹ്യം. വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങാണ് നിറപുത്തരിയെന്ന് പഴമക്കാർ.
വീട്ടിൽ ഐശ്വര്യവും അറയിലും പത്തായത്തിലും ധാന്യവും നിറയ്ക്കുന്ന ചടങ്ങാണ് നിറപുത്തരി. കൊയ്ത്‌തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്ക്കും മുൻപു ഗൃഹവും പരിസരവും അറയും പത്തായവും അതിനൊപ്പം നമ്മുടെ മനസ്സും ശുദ്ധമാക്കുന്ന ഈ ചടങ്ങ് ക്ഷേത്രങ്ങളിലും പതിവുണ്ട്. മൂധേവിയെ പുറത്താക്കി ഐശ്വര്യ ദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നു എന്നാണ് സങ്കൽപം. കർക്കടകത്തിൻ്റെ രണ്ടാം പകുതിയിലും ചിലയിടങ്ങളിൽ ചിങ്ങത്തിലും നടത്തുക പതിവുണ്ട്.
advertisement
ധാന്യവിള എന്നതിലുപരി നെല്ലും നെൽപാടങ്ങളും നെൽകൃഷിയും മറ്റും ഒരു കാർഷിക സംസ്‌കൃതിയുടെ സുവർണ മുദ്രകളായാണ് കാണപ്പെടുന്നത്. ആദ്യ നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തിച്ച് അത് നൈവേദ്യമായി സമർപ്പിച്ച് ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു.
ഇതും വായിക്കുക: ശബരിമലയിൽ നിറപുത്തരി ബുധനാഴ്ച; നെൽക്കതിരുകൾ അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ടു
ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും.
ഒന്നാം വിള നെല്ല് വിളഞ്ഞുകിടക്കുന്ന വയലിൽ നിന്നും അറുത്തെടുത്ത നിറകതിർ ഇല്ലി, നെല്ലി, പൂവാംകുറന്നൽ, പ്ലാശ്, ചമത, തകര, കടലാടി, എന്നിവയുടെ ഇലകളുമായി കൂട്ടിക്കെട്ടി പട്ടിൽ പൊതിഞ്ഞാണ് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത്.
ആദ്യം കൊയ്ത നെൽക്കറ്റയാണ് നിറപുത്തരിക്കായി ഭഗവാന് സമർപ്പിക്കുന്നത്. നെൽക്കറ്റ ആചാരനുഷ്ഠാനത്തോടെയാണ് നിറപുത്തരി പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. അവ ശുദ്ധമാക്കി ക്ഷേത്രത്തിന് വലം വെച്ച ശേഷം ശ്രീകോവിലിലേക്ക് എത്തിക്കും.
ആചാരപ്രകാരം നിറപുത്തരി പൂജക്ക് ശേഷം ആലില, മാവില, നെല്ലി, ഇല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകളോടുകൂടിയ നെൽക്കതിർ ഭക്തജനങ്ങൾക്ക് ക്ഷേത്രങ്ങളിൽനിന്നു ലഭിക്കുന്നു.
നിറപുത്തരി ആഘോഷങ്ങളുടെ ഭാഗമായി ശബരിമല നട വൈകീട്ട് തുറക്കും. തന്ത്രി കണ്ഠരര്‍ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് നടതുറന്ന് ദീപം തെളിയിക്കുക. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കുന്ന ചടങ്ങും വൈകിട്ട് നടക്കും. നിറപുത്തരി ദിനമായ ബുധൻ പുലര്‍ച്ചെ 5 മണിക്ക് നടതുറന്ന് നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം പതിവ് അഭിഷേകങ്ങളും ഗണപതി ഹോമവും നടക്കും. തുടര്‍ന്ന് തീര്‍ഥം തളിച്ച് ശുദ്ധീകരിച്ച നെല്‍ക്കറ്റുകള്‍ നിറപുത്തരി പൂജയ്ക്കായി സമര്‍പ്പിക്കും.
12ന് പുലർച്ചെ 5:45നും 6:30നും മധ്യേയാണ് ശബരിമലയിലെ നിറപുത്തരി പൂജ. പുലർച്ചെ 5:30ന് തീർഥം തളിച്ച് കറ്റകൾ ശുദ്ധിയാക്കിയ ശേഷം മേൽശാന്തിയും കീഴ്ശാന്തിയും പരികർമികളും ശിരസിലേറ്റി കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. പൂജയ്ക്ക് ശേഷം കറ്റകൾ ശ്രീകോവിലേക്ക് എത്തിച്ച് അയ്യപ്പ ചൈതന്യം നിറയ്ക്കും. ശ്രീകോവിലിലും സോപാനത്തും കതിരുകൾ കെട്ടിയ ശേഷം കതിരുകൾ ഭക്തർക്ക് പ്രസാദമായും നൽകും. പൂജകള്‍ പൂര്‍ത്തിയാക്കിയശേഷം ബുധൻ രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ എല്ലാ ക്ഷേത്രങ്ങളിലും പുലർച്ചെ 5:45നും 6:30നും മധ്യേയാണ് ഇത്തവണ നിറപുത്തരി പൂജ നടക്കുക.