എന്നാൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുവരെയും പിന്നിലാക്കി 56 ശതമാനം ലീഡ് ചെയ്യുന്നു എന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത് അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആദ്യത്തെ റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിലേക്കാണ്. രാമസ്വാമിയും ഡിസാന്റിസിനും ഉൾപ്പടെയുള്ള മറ്റ് റിപ്പബ്ലിക്ക് സ്ഥാനാർത്ഥികളും തമ്മിൽ എങ്ങനെ സംവാദത്തിൽ ഏർപ്പെടുന്നു എന്നതാണ് പ്രധാന വിഷയം. എന്നാൽ ഡോണാള്‍ഡ് ട്രംപ് ഇതിൽ പങ്കെടുക്കില്ലെന്നും ഡിബേറ്റ് ഒഴിവാക്കാൻ പദ്ധതിയിടുന്നതായും സൂചനയുണ്ട്.
വിവേക് രാമസ്വാമിയെക്കുറിച്ച് കൂടുതൽ അറിയാം
advertisement
ഈ വർഷം ഫെബ്രുവരിയിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രഖ്യാപിച്ചത്. നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരു വ്യക്തി കൂടിയാണ് 38 കാരനായ വിവേക് രാമസ്വാമി. അമേരിക്കയിലെ ഒഹായോയിലാണ് ജനനം. പാലക്കാട് നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ വിവേക് രാമസ്വാമി ഒരു ബയോടെക് കമ്പനി സ്ഥാപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒരു അസറ്റ് മാനേജ്മെന്റ് സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.
ഇതിനുപുറമേ വോക്ക്, ഇൻക് തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ് വിവേക്. അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പട്ടികയിൽ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ പിന്തുണ ലഭിക്കുന്ന ഒരാൾ കൂടിയാണ് ഇദ്ദേഹം. വളരെ പ്രതീക്ഷയുള്ള ഒരു സ്ഥാനാര്‍ഥി എന്നാണ് മസ്ക് വിവേക് രാമസ്വാമിയെ വിശേഷിപ്പിച്ചത്. എന്നാൽ, ട്രംപിന്റെ പല നയങ്ങളോടും യോജിക്കുന്ന ഒരാൾ ആണ് ഇദ്ദേഹം. അതിനാൽ മുന്നോട്ടുള്ള തന്റെ യാത്രയിൽ അതിൽ ചിലത് വിവേക് രാമസ്വാമിയും പാലിക്കുമെന്നും പലരും ഉറച്ച് വിശ്വസിക്കുന്നു. അതേസമയം ഇസ്രായേലിനുള്ള യുഎസ് സഹായം കുറയ്ക്കണമെന്നും 2028 ന് ശേഷം ഇസ്രായേലിനുള്ള സൈനിക സഹായം പൂർണ്ണമായും അവസാനിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാമസ്വാമി ആവശ്യപ്പെട്ടിരുന്നു.
38 ബില്യൺ യുഎസ് സഹായ പാക്കേജിന്റെ കാലാവധി 2028 ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റേൺ അയൽരാജ്യങ്ങളേക്കാൾ കൂടുതൽ സഹായം ഇസ്രായേലിന് ലഭിക്കരുതെന്നും അദ്ദേഹം വാദിക്കുന്നു. അതോടൊപ്പം റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കണമെന്ന് വാദിക്കുന്നയാൾ കൂടിയാണ് അദ്ദേഹം. സംഘർഷം അവസാനിപ്പിക്കാൻ വ്‌ളാഡിമിർ പുടിൻ ചൈനയുമായുള്ള സൈനിക സഖ്യം ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൽ ഏവരുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിയായും മികച്ച ഒരു നേതാവായുമാണ് വിവേക് രാമസ്വാമികരുതുന്നത്.
അതോടൊപ്പം എഫ്ബിഐ, എടിഎഫ്, ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ, ഐആർഎസ്, വാണിജ്യ വകുപ്പ് തുടങ്ങി നിരവധി പ്രമുഖ ഫെഡറൽ ഏജൻസികൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം തന്റെ നിലപാടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. കോളേജ് പഠന കാലത്തും മറ്റും ഗ്വാണ്ടനാമോയിലെ തടവുകാരോടുള്ള പെരുമാറ്റം പോലുള്ള സമകാലിക വിഷയങ്ങളിൽ വലതുപക്ഷ ചായ്‌വുള്ള സുഹൃത്തുക്കളുമായി അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. താൻ ജയിച്ചാൽ 2025 മാർച്ച് 31 നകം, അനധികൃത കുടിയേറ്റവും രാജ്യത്തേക്ക് ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകൾ കടത്തുന്നതും തടയാനായി യുഎസ്-മെക്സിക്കോ അതിർത്തിയിൽ ഓരോ അര മൈലിലും സൈന്യത്തെ നിലയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.