കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ ആരാധനയ്ക്കുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹൈന്ദവ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മസ്ജിദിന്റെ നിയന്ത്രണമുള്ള അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി (AIMC) ആണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിന്റെ നാൾവഴികൾ പരിശോധിക്കാം.
1991: 1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനാണ് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. മുഴുവന്‍ ഗ്യാന്‍വാപി സമുച്ചയവും കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, പ്രദേശത്ത് നിന്ന് മുസ്ലീങ്ങളെ നീക്കം ചെയ്യുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു അവ.
advertisement
1998: അലഹബാദ് ഹൈക്കോടതിയില്‍ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഫയല്‍ ചെയ്ത ഒരു പുതിയ കേസില്‍ ഒരു സിവില്‍ കോടതിക്ക് കേസ് തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് വാദിച്ചു. ഇതേതുടര്‍ന്ന് കീഴ്‌ക്കോടതിയിലെ നടപടികള്‍ 22 വര്‍ഷത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
2019: തര്‍ക്കപ്രദേശം മുഴുവനും പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന് വേണ്ടി റസ്‌തോഗി എന്നയാള്‍ ഹര്‍ജി നല്‍കി. സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന്റെ അടുത്ത സുഹൃത്താണ് താനെന്ന് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടിരുന്നു.
2020: തുടര്‍ന്ന് ഗ്യാന്‍വാപി സമുച്ചയത്തിന്റെ എഎസ്ഐ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി എതിര്‍ത്തു.
2020: അലഹബാദ് ഹൈക്കോടതി സ്റ്റേ നീട്ടാത്തതിനാല്‍ 1991 ലെ ഹര്‍ജിയിലെ വാദം പുനരാരംഭിക്കുന്നതിനായി ഹര്‍ജിക്കാരന്‍ കീഴ്‌ക്കോടതിയെ സമീപിച്ചു.
മാര്‍ച്ച് 2021: 1991ലെ ആരാധനാലയ നിയമം അടിസ്ഥാനമാക്കി കേസ് പരിശോധിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഏറ്റെടുത്തു. നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി.
ഓഗസ്റ്റ് 2021: ഗ്യാന്‍വാപി സമുച്ചയത്തിനുള്ളില്‍ ഹനുമാന്‍, നന്ദി, ശൃംഗര്‍ ഗൗരി എന്നീ ദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹൈന്ദവ ഭക്തര്‍ വാരണാസി കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഗ്യാന്‍വാപി മസ്ജിദ് കേസ് വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരാതിരിക്കാന്‍ ആളുകളെ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബര്‍ 2021: അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രകാശ് പാഡിയയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് കേസിലെ വിധിക്കായി കാത്തിരിക്കണമെന്ന് പ്രഖ്യാപിച്ചു.
ഏപ്രില്‍ 2022: 2021 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി കോടതി ഒരു അഭിഭാഷക കമ്മീഷണറെ നിയമിക്കുകയും സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേയ്ക്ക് ഉത്തരവിടുകയും ചെയ്തു. ഈ തീരുമാനത്തെ അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയില്‍ വീണ്ടും ചോദ്യം ചെയ്തു. എന്നാല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് ശരിവച്ചു.
6 മെയ് 2022: അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് മിശ്ര പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് എഐഎംസിയുടെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ ആരംഭിച്ചത്.
12 മെയ് 2022: അജയ് മിശ്രയെ പദവിയില്‍ നിന്ന് മാറ്റാന്‍ കോടതി വിസമ്മതിക്കുകയും പിന്നീട് സര്‍വേയുടെ മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വിശാല്‍ സിംഗിനെ നിയമിക്കുകയും ചെയ്തു. പ്രത്യേക അഭിഭാഷക കമ്മീഷണറായാണ് അദ്ദേഹത്തെ നിയമിച്ചത്. സര്‍വേയുടെ എല്ലാ വിശദാംശങ്ങളും മെയ് 17-നകം റിപ്പോര്‍ട്ട് ചെയ്യാന്‍ ടീമിന് നിര്‍ദ്ദേശം നല്‍കി.
14-19 മെയ് 2022: സര്‍വേ വീണ്ടും പുനരാരംഭിക്കുകയും രണ്ട് ദിവസം സര്‍വേ നടത്തുകയും ചെയ്തു. സര്‍വേയിലെ കണ്ടെത്തലുകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
2022 മെയ് 20: കേസ് നടപടികള്‍ സുപ്രീം കോടതി ജില്ലാ ജഡ്ജിക്ക് കൈമാറി. 25-30 വര്‍ഷത്തിലധികം അനുഭവപരിചയമുള്ള മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫീസര്‍ക്ക് കേസ് കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കോടതി പറഞ്ഞു.
2022 മെയ് 26: കേസ് ജില്ലാ കോടതി പരിഗണിക്കാന്‍ തുടങ്ങി. എന്നാല്‍, അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിക്കാരന്റെ വാദം അന്നേ ദിവസം വരെ പൂര്‍ത്തിയായിരുന്നില്ല. കേസില്‍ വാദം കേള്‍ക്കുന്നത് വീണ്ടും മാറ്റി.
ഓഗസ്റ്റ് 24: വാരണാസി ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശ ഉത്തരവ് സെപ്റ്റംബര്‍ 12 വരെ മാറ്റിവെയ്ക്കുകയും ഇരുകൂട്ടര്‍ക്കും തങ്ങളുടെ വാദം പൂര്‍ത്തിയാക്കാന്‍ സമയം നല്‍കുകയും ചെയ്തു.
