ബന്‍വാരി ദേവി ബലാത്സംഗക്കേസ്
വര്‍ഷം 1992. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് സുപ്രീം കോടതി ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. വിശാഖ ഗൈഡ്‌ലൈന്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഭര്‍ത്താവിനോടൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് ബന്‍വാരി ദേവിയെ ചിലര്‍ ബലാത്സംഗം ചെയ്തത്. രണ്ട് പേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയിരുന്നു. മറ്റുള്ളവര്‍ ബന്‍വാരി ദേവിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. എന്താണ് ഇതിനുള്ള കാരണം എന്നല്ലേ.
advertisement
ബാലവിവാഹങ്ങള്‍ വ്യാപകമായി നടന്നിരുന്ന സംസ്ഥാനമായിരുന്നു അന്ന് രാജസ്ഥാന്‍. അത്തരം ബാലവിവാഹങ്ങളെപ്പറ്റി അധികൃതരെ അറിയിച്ചതിന്റെ പേരിലാണ് ബന്‍വാരി ദേവിയെ ബലാത്സംഗത്തിനിരയാക്കിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണ് ബന്‍വാരി ദേവി. സംസ്ഥാനത്തെ സവര്‍ണ വിഭാഗമായ ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവരെ ബലാത്സംഗം ചെയ്തത്. പ്രതികളെ പിന്നീട് വിചിത്രമായ കാര്യങ്ങൾ നിരത്തി വെറുതെവിടുകയായിരുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ല തുടങ്ങിയ ന്യായങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കത്വ കേസ്
2018ല്‍ നടന്ന രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കത്വ ബലാത്സംഗക്കേസ്. ജമ്മുകശ്മീരിലാണ് സംഭവം നടന്നത്. എട്ട് വയസ്സുകാരിയായ ആസിഫ എന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. അന്ന് ബിജെപി-പിഡിപി
സഖ്യമാണ് ജമ്മു കശ്മീരില്‍ അധികാരത്തിലുണ്ടായിരുന്നത്. ബിജെപിയ്‌ക്കെതിരെ തിരിയാന്‍ മെഹ്ബൂബ മുഫ്തിയ്ക്ക് അവസരം നല്‍കിയ സംഭവം കൂടിയായിരുന്നു ഇത്. ബിജെപി സഖ്യത്തിന്റെ ഭാഗമായതിന്റെ പേരില്‍ നേരത്തെ നിരവധി വിമര്‍ശനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് ബലാത്സംഗക്കേസിലെ പ്രതികളെ പിന്തുണച്ച് നടത്തിയ റാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രണ്ട് മന്ത്രിമാരെയും അവര്‍ പുറത്താക്കിയിരുന്നു.
നിര്‍ഭയ കേസ്
രാജ്യവ്യാപക പ്രക്ഷോഭത്തിന് തിരികൊളുത്തിയ കേസായിരുന്നു നിര്‍ഭയ ബലാത്സംഗക്കേസ്. 2012 ഡിസംബറിലാണ് സംഭവം നടന്നത്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ചാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. രാത്രിയില്‍ തന്റെ സുഹൃത്തിനൊപ്പമാണ് യുവതി ബസില്‍ കയറിയത്. ബലാത്സംഗത്തിനെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമം കര്‍ശനമാക്കണമെന്ന മുറവിളിയോടെ ജനം തെരുവിലിറങ്ങിയ കേസായിരുന്നു നിര്‍ഭയ കേസ്.
കൂടാതെ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു. അതിനാല്‍ ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലും കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഇക്കാലത്ത് ഉയര്‍ന്നിരുന്നു. യുപിഎ ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷീല ദീക്ഷിത് ആയിരുന്നു അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി.
പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ തെരുവിലിറങ്ങിയ സമയമായിരുന്നു അത്. ഇതേസമയം പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാരുടെ സംഘം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലെത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഹത്രാസ് കേസ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവമാണ് 2020ല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും രാഷ്ട്രീയ പ്രതിഛായ വ്യാപിക്കാന്‍ കാരണമായ സംഭവവും ഇതുതന്നെയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരുവരും നടത്തിയ യാത്രയാണ് അന്ന് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചയാക്കിയത്. യാത്രയ്ക്കിടെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കൈയ്യേറ്റം ചെയ്യുന്ന ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ അവരുടെ പ്രതിഛായ വര്‍ധിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പ്രിയങ്ക ഗാന്ധിയ്ക്ക് ആയില്ല. യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യത്തെ പിടിച്ചുലച്ച ഏതാനും ചില ബലാത്സംഗക്കേസുകള്‍ മാത്രമാണിവ. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെ ബലാത്സംഗത്തിനെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുകളും പുറത്തുവന്നു. എന്നാല്‍ അതൊന്നും രാജ്യത്ത് കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടില്ലെന്ന് വേണം കരുതാന്‍. ഇപ്പോഴും സ്ത്രീകള്‍ വേട്ടയാടപ്പെട്ടുകയാണ്.