എന്താണ് മാറ്റം?
2005ൽ യുപിഎ സർക്കാർ ആരംഭിച്ച എംജിഎൻആർഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽന്നു. എന്നാൽ പുതിയ ബില്ല് 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്താൻ നിർദേശിക്കുന്നു. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും ബില്ലിൽ നിർദേശമുണ്ട്. സമയപരിധിക്കുള്ളിൽ വേതനം നൽകാത്ത പക്ഷം തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക. സുതാര്യത ഉറപ്പാക്കാൻ ബയോമെട്രിക്സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏർപ്പെടുത്തും. വിവിധ തലങ്ങളിൽ പരാതി പരിഹാരത്തിനും വ്യവസ്ഥയുണ്ട്.
advertisement
എംജിഎൻആർഇജിഎ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായിരുന്നു. ഇതിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിന്റെ 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങൾ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സർക്കാരുകൾ വഹിച്ചിരുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം വഹിക്കും. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും.
വിവാദം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെ കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു. എന്തിനാണ് അവർ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. പാർലമെന്റ് പ്രവർത്തിക്കുന്നില്ലെന്നും ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും വിമർശിച്ച പ്രിയങ്ക സമയവും പൊതു പണവും പാഴാകുകയാണെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസ് എം പി രഞ്ജിത് രഞ്ജനും കേന്ദ്രത്തിന്റെ നീക്കത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചു. 'നേരത്തെ ബിജെപിക്ക് ജവഹർലാൽ നെഹ്റുവിനോടും ഇന്ദിരാഗാന്ധിയോടുമായിരുന്നു പ്രശ്‌നമുണ്ടായിരുന്നത്. ഇപ്പോൾ അവർക്ക് ബാപ്പുവിനോടാണ് പ്രശ്‌നം. എംജിഎൻആർഇജിഎ പ്രകാരം സംസ്ഥാനങ്ങൾക്ക് സമയബന്ധിതമായി പണം നൽകുക. 100 ദിവസം എന്നത് 150 ദിവസമായി ഉയർത്തുകയും പദ്ധതി മെച്ചപ്പെടുത്തുകയും ചെയ്യുക. പേര് മാറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സർക്കാർ ലജ്ജാകരമാണ്.' അദ്ദേഹം പറഞ്ഞു.
