ഡാര്‍ക്ക്‌നെറ്റില്‍ ചോര്‍ന്നിട്ടുള്ള ആധാര്‍ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. മയക്കുമരുന്ന് കള്ളക്കടത്ത്, ഹവാല പണ കൈമാറ്റം, മനുഷ്യക്കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി സിം കാര്‍ഡ് വാങ്ങാന്‍ ഈ ആധാര്‍ ഐഡി ഉപയോഗിച്ചതായി വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പുകാര്‍ ഇരയെ ഭീഷണിപ്പെടുത്തും.
തുടര്‍ന്ന് കള്ളപ്പണമാണോ എന്ന് പരിശോധിക്കാന്‍ ഒരു പ്രത്യേക അക്കൗണ്ടിലേക്ക് (മ്യൂള്‍ അക്കൗണ്ട്) സ്ഥിരനിക്ഷേപം അടക്കം മാറ്റാന്‍ ഇരയോട് ആവശ്യപ്പെടുന്നു. പണം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതായി കാണിക്കുന്ന വ്യാജ രേഖകള്‍ പോലും കുറ്റവാളികള്‍ ഇരകള്‍ക്ക് അയക്കുന്നു. മുതിര്‍ന്ന പൗരന്മാരും യുവ സോഫ്റ്റ്‍വെയര്‍ പ്രൊഫഷണലുകളുമടക്കം നിരവധി പേര്‍ക്കാണ് ഈ തട്ടിപ്പുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ നഷ്ടമായത്.
advertisement
തട്ടിപ്പ് നടത്താന്‍ കുറ്റവാളികള്‍ ഒരിക്കലും സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തില്‍ സൈബര്‍ തട്ടിപ്പിനായി കുറ്റവാളികള്‍ മറയാക്കുന്ന അക്കൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ട് എന്ന് പറയുന്നത്.
എന്താണ് മ്യൂള്‍ അക്കൗണ്ട് ?
സൈബര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടാതിരിക്കാന്‍ കുറ്റവാളികള്‍ മറയാക്കുന്ന അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ പോയി അവിടെയുള്ള ആളുകളുടെ ആധാര്‍ വിവരങ്ങള്‍ തന്ത്രത്തില്‍ കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ ഇത്തരം എക്കൗണ്ടുകള്‍ തുടങ്ങുന്നത്. ഇതിനായി ചെറിയ ക്യാഷ് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്ത് ആളുകളെ വശത്താക്കിയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ചിലപ്പോള്‍ ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായും ബാങ്ക് എക്‌സിക്യൂട്ടീവുകളായും വേഷം മാറി തട്ടിപ്പുകാരെത്തുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന ആരുടെയൊക്കെയോ വിവരങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും സിം കാര്‍ഡ് എടുക്കുകയും ചെയ്യുന്നു. ഇതിനായി അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ രീതിയില്‍ നിയമത്തെ ഭയക്കാതെ ഇരകളെ ഭീഷണിപ്പെടുത്തി പണം സമ്പാദിക്കുകയും ഇത് വിവിധ മ്യൂള്‍ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. സമയം കളയാതെ അടുത്തുള്ള ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്യുന്നതാണ് രീതി.
2024-ല്‍ കര്‍ണാടകയില്‍ മാത്രം 65,000 മ്യൂള്‍ അക്കൗണ്ടുകളാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. രാജ്യത്ത് മ്യൂള്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കര്‍ണാടക. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നിവയാണ് മ്യൂള്‍ അക്കൗണ്ടുകളില്‍ മുന്നിലുള്ള മറ്റ് നാല് സംസ്ഥാനങ്ങള്‍.
ഈ അക്കൗണ്ടുകള്‍ സൈബര്‍ പോലീസിനെ സംബന്ധിച്ച് കുറ്റകൃത്യങ്ങളില്‍ ഒരു ഡെഡ് എന്‍ഡ് ആണ്. ബാങ്കുകളും അന്വേഷണ ഏജന്‍സികളും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവവും ഇത്തരം തട്ടിപ്പ് അന്വേഷണങ്ങളില്‍ വെല്ലുവിളിയാകുന്നു. പ്രതികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള സാധ്യത കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
മ്യൂള്‍ അക്കൗണ്ട് തിരിച്ചറിയാന്‍ എ.ഐ. സംവിധാനം
മ്യൂള്‍ അക്കൗണ്ടുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമായി ബംഗളൂരുവിലെ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബ് (ആര്‍ബിഐഎച്ച്) 'മ്യൂള്‍ഹണ്ടര്‍.എഐ' എന്ന പേരില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നൂതന മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഈ മാതൃക കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആര്‍ബിഐഎച്ചുമായി സഹകരിക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തട്ടിപ്പുകള്‍ തടയുന്നതിന് സാമ്പത്തിക കട്ടിപ്പ് അപകടസാധ്യത ഇന്‍ഡിക്കേറ്റര്‍ (എഫ്ആര്‍ഐ) ഡാറ്റ ബാങ്കുകളുമായും യുപിഐ സേവനദാതാക്കളുമായും പങ്കിടുമെന്ന് ടെലികോം വകുപ്പ് അറിയിച്ചിരുന്നു. ഒരു മൊബൈല്‍ നമ്പറിനെ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതായി തരംതിരിക്കുന്ന ഒരു റിസ്‌ക് അധിഷ്ഠിത മെട്രിക് ആണ് എഫ്ആര്‍ഐ. ഈ ഡാറ്റ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും മ്യൂള്‍ അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിതമാക്കാനും കഴിയും.
യുപിഐ ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ ഗൂഗിള്‍ പേയും, ഫോണ്‍ പേയും പോലുള്ള സേവനദാതാക്കളും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.