പോലീസ്, അര്‍ദ്ധസൈനിക വിഭാഗം എന്നിവ ഉള്‍പ്പെടെ എല്ലാ സുരക്ഷാ സേനകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതിനാല്‍, അവരുടെ സര്‍വതോന്മുഖമായ ക്ഷേമം ഉറപ്പാക്കുന്നതിലാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
”സായുധ സേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രത്യേക കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അവധി നിയമങ്ങളുടെ വിപുലീകരണം വളരെയധികം സഹായിക്കും.
ഈ നടപടി സൈന്യത്തിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രൊഫഷണല്‍, കുടുംബ ജീവിതത്തിന്റെ മേഖലകള്‍ മികച്ച രീതിയില്‍ ബാലൻസ് ചെയ്യാൻ അവരെ സഹായിക്കുകയും ചെയ്യും,” കേന്ദ്ര പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
മാറ്റങ്ങൾ എന്തൊക്കെ?
നിലവില്‍ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 180 ദിവസമാണ് വേതനത്തോട് കൂടിയുള്ള മറ്റേണിറ്റി ലീവ് അനുവദിച്ചിരിക്കുന്നത്. പരമാവധി രണ്ട് കുട്ടികള്‍ വരെയാണ് ഈ അവധി അനുവദിച്ചിരിക്കുന്നത്. ആകെയുള്ള സര്‍വീസില്‍ 360 ദിവസം ശിശുപരിപാലന അവധി ലഭിക്കും. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ഉദ്യോഗസ്ഥരും 180 ദിവസത്തെ അവധിക്ക് അര്‍ഹരാണ്. എന്നാല്‍ അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ ആദ്യമായി ഓഫീസര്‍ (പിബിഒആര്‍) കേഡറിന് താഴെയുള്ള റാങ്കുകളിലുടനീളം കൂടുതല്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചതിനാല്‍ അവധികള്‍ ഏകീകരിക്കുന്നത് ഒരു പ്രശ്‌നമായി തുടരുകയാണ് നാവികസേന ഇതിനകം തന്നെ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വ്യോമസേനയും കരസേനയും അതിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ എല്ലാ വനിതാ സൈനികര്‍ക്കും ഒരേ അവധി നയങ്ങള്‍ക്ക് അര്‍ഹതയുള്ളതിനാല്‍, കൂടുതല്‍ സ്ത്രീകള്‍ക്ക് സായുധ സേനയില്‍ ചേരും എന്നാണ് കരുതുന്നത്.
ഇന്ത്യന്‍ സായുധ സേനകളിലെ സ്ത്രീ ശാക്തീകരണം
ഈ വര്‍ഷം നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ തിളങ്ങി നിന്നത് നാരീ ശക്തിയാണ്. സായുധ സേന, സിആര്‍പിഎഫ്, ആകാശ മിസൈല്‍ സംവിധാനം, സൈന്യത്തിന്റെ ഡെയര്‍ഡെവിള്‍ സംഘം എന്നിവയുടെ മാര്‍ച്ചിങ് സംഘങ്ങളെ നയിച്ചത് വനിതകളാണ്. കൂടാതെ, സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനായി മോദി സര്‍ക്കാര്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ആര്‍മിയുടെ മിലിട്ടറി പോലീസ് കോര്‍പ്സില്‍ ആദ്യമായി 83 വനിതാ ജവാന്‍മാരെ നിയമിച്ചു. ക്യാപ്റ്റന്‍ അഭിലാഷ ബരാക്ക് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ കോംബാറ്റ് ഏവിയേറ്ററായി മാറിയതിനും രാജ്യം സാക്ഷ്യം വഹിച്ചു.
സമത്വം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍
സേവന സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അവസരങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനുമായി മൂന്ന് സൈനിക വിഭാഗങ്ങളിലും സമത്വം ഉറപ്പാക്കുന്നതിന് ധാരാളം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
കരസേന: നിലവില്‍ കരസേനയിലെ പത്ത് വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ഇത് കൂടാതെ, സൈന്യത്തിന്റെ മെഡിക്കല്‍ സേവന മേഖലയില്‍ ഡോക്ടര്‍മാര്‍, മിലിട്ടറി നഴ്‌സുമാര്‍ എന്നീ മേഖലകളിലും വനിതകള്‍ ഭാഗമാണ്. നിലവില്‍ 7000 സ്ത്രീകള്‍ കരസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വ്യോമസേന: 2020 വരെ 18875 വനിതാ ഉദ്യോഗസ്ഥാണ് വ്യോമസേനയില്‍ ഉണ്ടായിരുന്നത്. 2015 മുതല്‍ യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനുള്ള അനുമതി സ്ത്രീകള്‍ക്കു നല്‍കി. 2019 മേയില്‍ യുദ്ധ ദൗത്യങ്ങള്‍ക്ക് യോഗ്യത നേടിയ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ഭാവനാ കാന്ത് തെരഞ്ഞെടുക്കപ്പെട്ടു.
നാവിക സേന: വനിതാ സ്‌പെഷ്യലിസ്റ്റ് നേവല്‍ എയര്‍ ഓപ്പറേഷന്‍ ഓഫീസര്‍മാരെ കപ്പല്‍ ചുമതലകള്‍ ഏല്‍പ്പിക്കാന്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായകമായി തീരുമാനിച്ചു. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെ (ആര്‍പിഎ) പൈലറ്റുമാരായി വനിതാ ഓഫീസര്‍മാരെ ഇപ്പോള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഇന്ത്യയ്ക്ക് പുറത്തുള്ള സേവനങ്ങള്‍ക്കായും വനിതകളെ കൂടുതലായി നിയോഗിക്കുന്നുണ്ട്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്, 748 വനിതാ ഉദ്യോഗസ്ഥരാണ് നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ മെഡിക്കല്‍, ഡെന്റല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 2019 ഡിസംബറില്‍, ഡോര്‍ണിയര്‍ 228 നിരീക്ഷണ വിമാനം പറത്തി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി സബ് ലെഫ്റ്റനന്റ് ശുഭാംഗി സ്വരൂപ് ചരിത്രം സൃഷ്ടിച്ചിരുന്നു.