TRENDING:

ഒരു ഉദ്യോഗസ്ഥന്‍ സർക്കാർ ജോലിയെന്ന ഒരു ഉദ്യോഗാർത്ഥിയുടെ സ്വപ്നം ശാസ്ത്രീയമായി തകര്‍ത്ത വിധം

Last Updated:

എൽഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ മനപൂർവ്വം ഒഴിവാക്കാനായി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീഴ്ച്ച മൂലം അര്‍ഹമായ ജോലി കൈയ്യെത്തും ദൂരത്തില്‍ നഷ്ടമായതിന്റെ വിഷമത്തിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥൻ കൃത്യ സമയത്ത് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യതിരുന്നതാണ് നിഷയുടെ ജോലി നഷ്ടപ്പെടാന്‍ കാരണം. ഉദ്യോഗസ്ഥന്‍റെ വീഴ്ചയ്ക്കെതിരെ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ് നിഷ.
advertisement

വെറും നാല് സെക്കന്റ് കൊണ്ടാണ് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ നിശയുടെ ജോലി സ്വപനങ്ങള്‍ തകര്‍ത്തത്. 2015ൽ എറണാകുളം ജില്ലയിലേക്കുള്ള എൽഡി ക്ലര്‍ക്ക് പരീക്ഷയിൽ 696-ാം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നാണ് നിഷയുൾപ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോർട്ട് ചെയ്യിച്ചിരുന്നത്.

2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുന്‍പ്, അതായത്, മാർച്ച് 28 ന്, കൊച്ചി കോർപ്പറേഷനിലുണ്ടായ ഒഴിവും ഇവർ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

advertisement

മാര്‍ച്ച് 29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്യാൻ സമയം കിട്ടിയത്. പി.എസ്.സി ക്ക് ഇമെയിൽ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് കഴിഞ്ഞ ശേഷം. ഇതോടെ അര്‍ധരാത്രിയിൽ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത ജോലി ലഭിക്കുകയും ചെയ്തു.

advertisement

35 വയസ് കഴിഞ്ഞതിനാൽ നിഷയ്ക്ക് ഇനി പിഎസ് സി പരീക്ഷ എഴുതാൻ  കഴിയില്ല.  അര്‍ഹതപ്പെട്ട ജോലി കിട്ടാൻ കോടതിയെ സമീപിച്ചിരിക്കുികയാണ് ഇവര്‍  . വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസ് സമയം തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം നിഷ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ നാല് വര്‍ഷമായി ചോദിക്കുകയാണ്. പക്ഷേ ആര്‍ക്കും വ്യക്തമായ മറുപടിയില്ല.

വിഷയത്തില്‍ മന്ത്രി എം.ബി രാജേഷിന്‍റെ വിശദീകരണം ഇങ്ങനെ 

2018ൽ എൽഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ മനപൂർവ്വം ഒഴിവാക്കാനായി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

advertisement

മലയാള മനോരമയിലെ വാർത്ത ശ്രദ്ധയിൽപെട്ടയുടനെ തന്നെ ഈ വിഷയത്തിൽ റിപ്പോർട്ട്‌ തേടിയിരുന്നു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാർച്ച്‌ 28ന്‌ എൻജെഡി ഒഴിവുകൾ ഉൾപ്പെടെ ഏതാനും LDC ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 6 ജില്ലകളിലായി 12 ഒഴിവുകളാണ് ഇപ്രകാരം റിപ്പോർട്ട് ചെയ്തത്. മാർച്ച്‌ 29,30 തീയ്യതികൾ അവധി ദിനങ്ങളായിരുന്നു. 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് ഈ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. വകുപ്പ് തലവന്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ്‌ ഒപ്പിടീച്ചത്‌. തുടർന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതൽ ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ ,എറണാകുളം ജില്ലകൾക്ക് അയക്കുന്നത് രാത്രി 12 നാണ്‌. കണ്ണൂരിൽ നിയമനം നൽകി ,ഏറണാകുളത്ത് മെയിൽ കിട്ടിയസമയം 12മണി 4 സെക്കന്റ് ആണ് എന്ന് പറഞ്ഞ് പിഎസ്‌സി നിയമനം നൽകിയില്ല. അയച്ച മെയിലിലെ സമയം 12 മണി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്‌. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്‌.

advertisement

2018 മാർച്ചിൽ റാങ്ക്‌ ലിസ്റ്റ്‌ അവസാനിക്കുന്നത്‌ പരിഗണിച്ച്‌ മികച്ച പ്രവർത്തനമാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയത്‌‌. അവധി ദിനത്തിൽ ഓഫീസിലെത്തിയും അർദ്ധരാത്രി വരെ ജോലിചെയ്തും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ ശ്രദ്ധിച്ചു. ഇങ്ങനെ റിപ്പോർട്ട്‌ ചെയ്ത ഒഴിവുകളിൽ നിരവധി പേർ ആ കാലയളവിൽ തന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌. ഇതെല്ലാം പരിഗണിക്കുമ്പോൾ വ്യക്തമാകുന്നത്‌ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയില്ല എന്നാണ്‌. ഈ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടുന്നതിനുമാണ്‌ പ്രസ്തുത വാർത്ത. ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർത്ഥിയുടെ ദു:ഖം മനസിലാക്കുന്നു. അതോടൊപ്പം തന്നെ ആത്മാർത്ഥമായി അർധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണം. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സർക്കാരിനെതിരെ വാർത്ത ചമയ്ക്കാനുള്ള നീക്കമാണ്‌ നടന്നത്.

സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട നിലയിൽ റാങ്ക്‌ ഹോൾഡർമാരുടെ ശക്തമായ സമരം നടന്നത്‌ 2021 ജനുവരി- ഫെബ്രുവരി മാസത്തിലാണ്‌. ഈ സമരത്തിൽ പങ്കെടുത്തതിന്‌, മൂന്ന് വർഷം മുൻപേ അവസാനിച്ച റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിക്ക്‌ ജോലി നിഷേധിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്‌. സർക്കാരിനെതിരെ മനപൂർവം ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ആരോപണം മാത്രമാണീ വാർത്ത എന്ന് ഇത്‌ അടിവരയിടുന്നു. സർക്കാരിനെതിരാണെങ്കിൽ വസ്തുതകൾ ഒന്നും പരിഗണിക്കാതെ വാർത്ത നൽകുകയും, പിന്നീട്‌ യഥാർഥ വസ്തുത പുറത്തുകൊണ്ടുവന്നാൽ പേരിനൊരു വിശദീകരണം നൽകുകയും ചെയ്യുന്ന രീതി ആവർത്തിക്കപ്പെടുകയാണ്‌. പക്ഷെ, അപ്പോഴേക്കും വസ്തുതാ വിരുദ്ധമായ വാർത്തയ്ക്ക്‌ വലിയ പ്രചാരണം കിട്ടിക്കഴിഞ്ഞിരിക്കും. ഈ പ്രശ്നത്തിൽ വാർത്ത കൊടുക്കും മുൻപ്‌ വസ്തുതകൾ അന്വേഷിക്കാതിരുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒരു ഉദ്യോഗസ്ഥന്‍ സർക്കാർ ജോലിയെന്ന ഒരു ഉദ്യോഗാർത്ഥിയുടെ സ്വപ്നം ശാസ്ത്രീയമായി തകര്‍ത്ത വിധം
Open in App
Home
Video
Impact Shorts
Web Stories