എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്?
ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഒരൊറ്റ ദിവസം നടത്താനോ അല്ലെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം നടപ്പിലാക്കുന്നതിന് സമ്മർദം ചെലുത്തുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ അല്ലെങ്കിൽ ഡിസംബറിലുണ്ടാകും. ഇതിന് തൊട്ട് പിന്നാലെ ലോക് സഭാ തെരഞ്ഞെടുപ്പും. ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 മേയ്ക്കും ജൂണിനുമിടയിലാണ് നടക്കേണ്ടത്.
advertisement
ലോക് സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കേണ്ട ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനുമാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, നേട്ടങ്ങൾ എന്തൊക്കെ?
1. ചെലവ് കുറയ്ക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഓരോ തെരഞ്ഞെടുപ്പ് നടത്തുമ്പോഴും ഉണ്ടാകുന്ന വലിയ അളവിലുള്ള ചെലവ് ഇതിലൂടെ കുറയ്ക്കാൻ കഴിയും.
2. തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുമ്പോൾ ഉദ്യോഗസ്ഥർക്കും, സുരക്ഷാ സേനകൾക്കുമുള്ള അമിതമായ ജോലി ഭാരം കുറയ്ക്കാൻ കഴിയും. ഇല്ലെങ്കിൽ ഇവർ പല തവണ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരേണ്ടി വരുന്നു.
3. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കുമ്പോൾ സർക്കാരിന് ഭരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയും. എപ്പോഴും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കുറെയേറെ സമയം അതിന്റെ പ്രചരണത്തിനായി സർക്കാരിന് നീക്കി വയ്‌ക്കേണ്ടി വരുന്നു. ഇത് നയങ്ങൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
4. കൂടുതൽ ആളുകളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കുന്നു.
കോട്ടങ്ങൾ എന്തൊക്കെ?
1. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ ഭരണഘടനയിലും മറ്റ് നിയമകാര്യങ്ങളിലും ഒട്ടേറെ തിരുത്തലുകൾ വരുത്തേണ്ടി വരും. ഭരണഘടനാ ഭേദഗതി നടത്തുകയും ശേഷം അവ നിയമസഭകളിലേക്ക് നടപ്പിലാക്കുകയും വേണം.
2. ലോക് സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രാദേശിക വിഷയങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ ഇടയുണ്ട്.
3. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് യോജിക്കുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്. പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നു.
