ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള കത്തിനെക്കുറിച്ച് സംവാദങ്ങൾ ചൂടു പിടിക്കുകയാണ്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പാസഞ്ചർ ജെറ്റുകൾ ഇടിച്ച് 3000-ത്തോളം പേർ കൊല്ലപ്പെട്ട 9/11 ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ. ഏകദേശം 10 വർഷത്തിന് ശേഷം, 2011 ൽ പാകിസ്ഥാനിൽ വെച്ച് യുഎസ് സേന ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കൊടും ഭീകരൻ ഒസാമ ബിൻ ലാദനെ പാകിസ്ഥാനിൽ വച്ച് അമേരിക്കയ്ക്ക് കൊലപ്പെടുത്താൻ കഴിഞ്ഞത്.
advertisement
വിവാദമായ ഈ കത്തിൽ എന്തൊക്കെയാണ് പറയുന്നത്?
അൽ ഖ്വയ്ദ അമേരിക്കയെ ആക്രമിച്ചതിന് ശേഷമാണ് കത്ത് എഴുതിയിരിക്കുന്നത്. ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണയെ ബിൻ ലാദൻ ഈ കത്തിൽ നിശിതമായി വിമർശിച്ചിട്ടുണ്ട്. പലസ്തീനികളെ അടിച്ചമർത്താൻ അമേരിക്ക ധനസഹായം നൽകുന്നതായും ഇതിൽ ആരോപണമുണ്ട്. യഹൂദർക്കെതിരെയുള്ള വികാരവും കത്തിൽ പ്രകടമാണ്. ഇവിടുത്തെ പൗരൻമാർക്കും അമേരിക്കയ്ക്കും എതിരായ ആക്രമണങ്ങളെ കത്തിൽ ന്യായീകരിക്കുന്നുമുണ്ട്.
“ഈ കത്തിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതല്ല. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തെ പിന്തുണയ്ക്കരുതെന്ന് ഞങ്ങളുടെ നിയമങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്” ടിക് ടോക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “ഇത്തരം കണ്ടന്റ് ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ട്രെൻഡിങ്ങ് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൃത്യമല്ലെന്നും ടിക്ക് ടോക്ക് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ പ്രതികരണം
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ പാർലമെന്റ് അംഗങ്ങളിൽ ചിലർ രംഗത്തെത്തി. “അമേരിക്കക്കാർക്കെതിരെ ടിക്‌ടോക്ക് തീവ്രവാദ അനുകൂല പ്രചരണം നടത്തുകയാണ്”, എന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗം ജോഷ് ഗോഥൈമർ ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (മുൻപത്തെ ട്വിറ്റർ) കുറിച്ചു. “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, അൽ ഖ്വയ്ദയുടെ നേതാവ് പുറപ്പെടുവിച്ച നിന്ദ്യവും തിന്മ നിറഞ്ഞതും യഹൂദവിരുദ്ധവുമായ നുണകൾ പ്രചരിപ്പിക്കുന്നതിനെ ഒരിക്കലും ഞങ്ങൾ ന്യായീകരിക്കില്ല,” വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇത്തരം ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തങ്ങൾ ഇതിനകം സ്വീകരിച്ചതായി ടിക് ടോക്ക് പ്രതികരിച്ചു.