ഗുജറാത്തിലെ ദാവൂദി ബോറ സമൂഹത്തിന്റെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയ പള്ളിയാണ് അൽ-ഹക്കിം മസ്ജിദ്. ഗുജറാത്ത് ഭരിക്കുമ്പോൾ മോദിക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുള്ളവരാണ് ബോറ വിഭാഗം. അതുകൊണ്ടുതന്നെ അവരുമായി അടുപ്പമുള്ള പള്ളി പ്രധാനമന്ത്രി സന്ദർശിക്കുന്നതിന് ഏറെ പ്രാധാന്യം കൈവരുന്നത്.
ഈജിപ്ഷ്യൻ മുസ്‌ലിംകളുടെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നാണ്, കെയ്‌റോയുടെ മധ്യഭാഗത്ത് അൽ-മുയിസ് സ്‌ട്രീറ്റിന്റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന അൽ-ഹക്കീം മസ്ജിദ്. നിരവധി വർഷങ്ങളായി കാലാനുസൃതമായി നവീകരിച്ച് സംരക്ഷിച്ചുവരികയാണ്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ദാവൂദി ബോറാസ് ഇസ്മാഈലി ഷിയാ വിഭാഗം, കെയ്‌റോയിലെ കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായ പള്ളിക്ക് വേണ്ടി 85 ദശലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
advertisement
ഈ വർഷം ഫെബ്രുവരിയിൽ ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈജിപ്തിലെ നിരവധി ആരാധനാലയങ്ങളുടെയും ചരിത്രപ്രസിദ്ധമായ പള്ളികളുടെയും നവീകരണത്തിനും പുനരുദ്ധാരണത്തിനും നിർണായക സംഭാവനകൾ നൽകിയതിന് ഇന്ത്യൻ ബോറ സമൂഹത്തിന്റെ സുൽത്താനും അവരുടെ ആത്മീയ നേതാവായ 53-ാമത് അൽ-ദായ് അൽ-മുത്‌ലാഖും മുഫദ്ദൽ സൈഫുദ്ദീനെ ഈജിപ്ത് ഭരണകൂടം പ്രശംസിച്ചിരുന്നു.
പ്രധാനമന്ത്രി മോദിക്ക് ബോറ സമുദായവുമായി ദീർഘകാല ബന്ധമുണ്ട്, അതിനാൽ അദ്ദേഹത്തിന്റെ പള്ളി സന്ദർശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
പള്ളിയുടെ പ്രാധാന്യം
ഈജിപ്തിലെ തുലുനിഡ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ അഹമ്മദ് ഇബ്ൻ തുലൂൻ എഡി 879-ൽ ആരംഭിച്ച പള്ളിയുടെ നിർമ്മാണം 1013-ൽ പൂർത്തിയായി. ഈജിപ്തിലെ നാലാമത്തെ ഏറ്റവും പഴക്കമുള്ള പള്ളിയും കെയ്‌റോയിലെ രണ്ടാമത്തെ വലിയ പള്ളിയുമാണിത്. കാലക്രമേണ, മസ്ജിദ് അവഗണിക്കപ്പെട്ട അവസ്ഥയിലായി.
ഈജിപ്തിലെ യൂറോപ്യന്മാരുടെ പ്രവേശനത്തോടെ, പ്രത്യേകിച്ച് 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും, മസ്ജിദ് പരിസരം ഒരു കോട്ടയും മ്യൂസിയവും വെയർഹൌസും സ്കൂളുമായി മാറി. 1979-ൽ, ചരിത്രപ്രസിദ്ധമായ കെയ്‌റോയുടെ ഭാഗമായി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇത് ചേർത്തു.
ദാവൂദി ബോറോകൾ
ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്ന ഷിയ ഇസ്മാഈലി വിഭാഗമാണ് ബോറകൾ, ഭാഗികമായി ഹിന്ദു വംശജരും ഭാഗികമായി യെമൻ വംശജരുമാണ്, അവരുടെ വേരുകൾ ഈജിപ്തിൽ നിന്നാണ്. “വ്യാപാരം” എന്നർത്ഥമുള്ള ഗുജറാത്തി പദമായ വഹൗരൗവിൽ നിന്നാണ് അവർക്ക് അവരുടെ പേര് ലഭിച്ചത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഈ വിഭാഗത്തിന്‍റെ സാന്നിദ്ധ്യമുണ്ട്. ഗുജറാത്തിലെ സൂറത്താണ് അവരുടെ ആസ്ഥാനമായി കണക്കാക്കുന്നത്. ഇന്ത്യയിലെ ബോറ ജനസംഖ്യ 500,000-ത്തിലധികം വരും, ലോകമെമ്പാടും 10 ലക്ഷത്തോളം പേർ ബോറ സമൂഹത്തിലുണ്ടെന്നാണ് റിപ്പോർട്ട്.