ജനസംഖ്യ/ഭാഷ:
അറബിക്കടലിലെ 36 ദ്വീപുകളാണ് ലക്ഷദ്വീപ് എന്ന പേരിൽ അറിയപ്പെടുന്നത്. പവിഴപ്പുറ്റുകളുടെ ഒരു ദ്വീപസമൂഹം കൂടിയാണിത്. കവരത്തിയാണ് ദ്വീപിന്‍റെ തലസ്ഥാനം. ആകെ ദ്വീപുകളിൽ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നീ 11 ദ്വീപുകളിലാണ് ജനവാസമുള്ളത്. എഴുപതിനായിരത്തിൽ താഴെ മാത്രമാണ് ഇവിടെ ജനസംഖ്യ.
advertisement
ചില ജനവാസ ദ്വീപുകൾക്ക് കേരളത്തിലെ ഒരു പഞ്ചായത്ത് വാർഡിന്‍റെ വിസ്തൃതി മാത്രമാണുള്ളത്. കേരളത്തോട് അടുത്ത് കിടക്കുന്ന ലക്ഷദ്വീപിന്‍റെ ഔദ്യോഗിക ഭാഷ മലയാളം ആണ്. പക്ഷെ മാലി ദ്വീപ് ഭാഷയായ ദിവേഹിയോട് സാമ്യമുള്ള മഹൽ ഭാഷയ്ക്കാണ് പ്രചാരം. ഒപ്പം മലയാളത്തോട് സാമ്യമുള്ള ജസരി ഭാഷയും പ്രാദേശികമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വിനോദസഞ്ചാരം:
ലക്ഷദ്വീപിലെ പല ദ്വീപുകളും അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇതിൽ ടൂറിസ്റ്റ് ശ്രദ്ധ ആകർഷിക്കുന്ന പ്രധാന സ്ഥലം ബങ്കാരം ആണ്. 120 കിലോമീറ്ററോളം വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ ദ്വീപ് പവിഴപ്പുറ്റുകളുടെ കലവറയാണ്. ഇവിടെ ആൾത്താമസം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
വർണ്ണമത്സ്യങ്ങൾ ഉൾപ്പെടെ സമുദ്ര ജീവി വൈവിധ്യം തന്നെ ഇവിടെ കാണാനാകും. സ്കൂബാ ഡൈവിംഗ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. കൽപ്പേനി, കവരത്തി, അഗത്തി എന്നിവയും മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
വരുമാന മാർഗം:
നാളികേരവും മത്സ്യ സമ്പത്തുമാണ് ലക്ഷദ്വീപുകാരുടെ പ്രധാന വരുമാന മാർഗം. വിനോദസഞ്ചാര മേഖലയും ഒരു പ്രധാന സാമ്പത്തിക സ്രോതസ്സ് ആണെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതം കൂടുതലും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്. ബേപ്പൂരും കൊച്ചിയുമാണ് ലക്ഷദ്വീപിന് ഏറ്റവും അടുത്തുള്ള വിപണന കേന്ദ്രങ്ങൾ. ചൂരമത്സ്യം ഉണക്കി (മാസ്) എടുത്താണ് വാണിജ്യാവശ്യങ്ങൾക്കായി എത്തിക്കുന്നത്. ഇത് കൂടാതെ വിവിധ മത്സ്യങ്ങളും കയറ്റുമതി ചെയ്യാറുണ്ട്.
മുന്‍കാലങ്ങളിൽ തേങ്ങ ഉണക്കി കയറ്റുമതി ചെയ്യുമായിരുന്നു. ഇപ്പോൾ തേങ്ങ പ്രാദേശിക കച്ചവടക്കാർക്ക് വിറ്റ് അവർ വഴി വിപണനകേന്ദ്രങ്ങളിലേക്കെത്തിക്കുകയാണ് രീതി. ലക്ഷദ്വീപിൽ നിന്നുള്ള നാളികേരം കേരഫെഡിലേക്കടക്കം എത്തുന്നുണ്ട്.
സിനിമ:
തീയറ്ററുകളില്ല എന്നതാണ് ലക്ഷദ്വീപിലെ മറ്റൊരു പ്രത്യേകത. ആകർഷണീയമായ പ്രകൃതിഭംഗി കൊണ്ട് തന്നെ സിനിമാക്കാരെ ഒരുപാട് ആകർഷിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. രാമു കാര്യാട്ട് ചിത്രമായ 'ദ്വീപ്' ആണ് ലക്ഷദ്വീപിൽ ചിത്രീകരിച്ച ആദ്യചിത്രം. പൃഥ്വിരാജ് ചിത്രമായ അനാർക്കലിയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ലക്ഷദ്വീപിൽ വച്ചാണ്.
ദ്വീപുകാരുടെ പ്രാദേശിക ഭാഷയായ ജസരിയിൽ 'സിഞ്ചാർ' എന്ന പേരിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്. ജസരി ഭാഷയിൽ ഇറങ്ങിയ ആദ്യ ചിത്രം കൂടിയാണ് പാമ്പള്ളി സംവിധാനം ചെയ്ത സിഞ്ചാർ. മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള ഇന്ദിരാ ഗാന്ധി അവാർഡും ഈ ചിത്രം നേടിയിരുന്നു.
കുറ്റകൃത്യങ്ങൾ:
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019-ലെ കണക്കുകൾ അനുസരിച്ച് കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. ഐ.പി.സിയും പ്രാദേശിക നിയമങ്ങളും അനുസരിച്ച് ലക്ഷദ്വീപിൽ ആകെ 182 കുറ്റകൃത്യങ്ങളാണ് 2019ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയം:
കേരളത്തില്‍ നിന്ന് അധികം ദൂരമില്ലാത്ത കേരളത്തിന് പുറത്ത് മലയാളം സംസാരിക്കുന്ന ഏക ഭൂപ്രദേശമായ ലക്ഷദ്വീപിന്റെ രാഷ്ട്രീയ പാരമ്പര്യം പക്ഷെ കേരളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് മുസ്ലീം ഭൂരിപക്ഷ മേഖലയാണ്. ഒരൊറ്റ ലോക്‌സഭാ സീറ്റ് മാത്രമുള്ള രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ഇവിടം പട്ടികവര്‍ഗ സംവരണ മണ്ഡലമാണ്. കേന്ദ്ര ഭരണപ്രദേശമായതു കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഭാഗമാകുന്നതിനാണ് ഇവിടുത്തുകാര്‍ക്ക് താത്പ്പര്യമെന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായാണ് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്. 2004 വരെ കോണ്‍ഗ്രസ് കൈപ്പിടിയിലിരുന്ന മണ്ഡലം പിന്നീട് കൈവിട്ടു. ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ ദ്വീപിന്റെ 1967 മുതലുളള പ്രതിനിധി പി എം സഈദിന് കാലിടറിയത് 2004 ലെ തെരഞ്ഞെടുപ്പിലാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി, ജനതാദള്‍ യുണെറ്റഡിലെ പി പൂക്കുഞ്ഞികോയക്ക് മുന്നില്‍ 71 വോട്ടിനാണ് പിഎം സെയ്ദിന് ആദ്യത്തേതും അവസാനത്തേതുമായ പരാജയം നേരിടേണ്ടിവന്നത്. പതിനൊന്നാമത്തെ മത്സരത്തിൽ. എന്നാൽ സഈദ് രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിസഭയിലെത്തി.
2009 ൽ സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് മത്സരിച്ച ഹംദുള്ള സെയ്ദ് മികച്ച വിജയം നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ എംപി എന്ന നിലയില്‍ ശ്രദ്ധേയനായ ഹംദുള്ളക്ക് 2014 ല്‍ സീറ്റ് നിലനിര്‍ത്താനായില്ല. എന്‍സിപിയുടെ പി പി മുഹമ്മദ് ഫൈസലിന് മുന്നില്‍ 1535 വോട്ടിന് തോറ്റു. 2019 ലെ തെരഞ്ഞെടുപ്പിലും മുഹമ്മദ് ഫൈസലാണ് വിജയം നേടിയത്.