ആരാണ് മുഹമ്മദ് മുയിസു?
മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെതിരെ 54 ശതമാനം വോട്ട് നേടിയാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രവുമായി ചൈനക്കാണോ ഇന്ത്യക്കാണോ മികച്ച ബന്ധം പുലർത്താനാകുക എന്ന തരത്തിലുള്ള ചർച്ചകളും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉയർന്നിരുന്നു,
മുഹമ്മദ് മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാടുകൾ നേരത്തേ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന, മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. സോലിഹിന്റെ ഭരണത്തിൻ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ തോതിൽ വളർച്ച പ്രാപിച്ചു.
advertisement
Also read-ഇന്ത്യയിലേക്കുള്ള ചരക്കുകപ്പല്‍ ഹൂതി വിമതർ പിടിച്ചെടുത്തെന്ന് ഇസ്രായേല്‍
രാജ്യതലസ്ഥാനമായ മാലിയിലെ മുൻ മേയറും ഏഴ് വർഷം കൺസ്ട്രക്ഷൻ മന്ത്രിയുമായിരുന്നു (construction minister) മുയിസു. മാലിദ്വീപിയൻ മുൻ പ്രസിഡന്റ് അബ്ദുല്ല യമീന്റെ അടുത്ത അനുയായി കൂടിയാണ് അദ്ദേഹം. 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചെന്നാണ് അബ്ദുല്ല യമീൻ കരുതുന്നത്. അതുകൊണ്ടു തന്നെ ചൈനയ്ക്ക് അനുകൂലമായ സമീപനം തന്നെയാണ് അബ്ദുല്ല യമീനും സ്വീകരിച്ചു പോരുന്നത്. 2013 മുതൽ 2018 വരെ, മാലിദ്വീപ് പ്രസിഡന്റായിരുന്ന സമയത്ത് ചൈനയുമായി അടുത്ത ബന്ധമാണ് അബ്ദുല്ല യമീൻ പുലർത്തിപ്പോന്നത്. യമീനെപ്പോലെ ചൈനയുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുമെന്ന് മുയിസുവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സൈനികരെ രാജ്യത്തു നിന്നും പിൻവലിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിന് വിദേശ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതാക്കണം എന്നും തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മുഹമ്മദ് മുയിസു പല തവണ പറഞ്ഞിരുന്നു.
മാലിദ്വീപിൽ ഇന്ത്യയ്ക്ക് എത്ര സൈനികരുണ്ട്?
മാലിദ്വീപിലെ ഇന്ത്യൻ സൈനികരുടെ എണ്ണം എത്രയാണെന്ന് ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതു സംന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്തു വന്നിട്ടുമുണ്ട്. രാജ്യത്ത് 75 ഇന്ത്യൻ സൈനികർ ഉണ്ടെന്ന് 2021-ൽ മാലദ്വീപ് പ്രതിരോധ സേന പറഞ്ഞിരുന്നു. റഡാറുകളും നിരീക്ഷണ വിമാനങ്ങളും കൈകാര്യം ചെയ്യുക, രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പട്രോളിംഗ് നടത്തുക, ഇന്ത്യൻ യുദ്ധക്കപ്പലുകളെ സഹായിക്കുക, കടലിൽ കുടുങ്ങിപ്പോയ അല്ലെങ്കിൽ ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും സഹായികളാകുക എന്നിവയൊക്കെയാണ് ഇവരുടെ ഉത്തരവാദിത്തങ്ങൾ.