കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് ഇതിന്റെ ഒറിജിനൽ. എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ ഏകദേശം 12
മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
രശ്മികയുടെയും മറ്റുള്ളവരുടെയും പ്രതികരണം എങ്ങനെ?
തനിയ്ക്ക് മാത്രമല്ല ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇതെന്നും ടെക്നോളജിയുടെ ദുരുപയോഗം തന്നെ വല്ലാതെ ഭയപ്പെടുത്തി എന്നും രശ്മിക മന്ദാന പറഞ്ഞു.
advertisement
” വളരെ വേദനയോടെയാണ് ഞാൻ ഇതെഴുതുന്നത്, എന്റെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചത് എന്നിൽ ഏറെ ഭയം ഉണ്ടാക്കുന്നു. എനിക്ക് മാത്രമല്ല നമ്മളെ ഓരോരുത്തരെയും സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ആർക്കൊക്കെ ഏതൊക്കെ രീതിയിൽ ചിത്രീകരിയ്ക്കാൻ സാധിക്കും എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണം കൂടിയാണ് ഇത്. ” രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
പ്രശസ്ത നടൻ അമിതാബച്ചൻ ഉൾപ്പെടെ നിരവധിപ്പർ ഈ വിഷയത്തിൽ ഇടപെടുകയും അവരുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ഡീപ് ഫേക്ക് വീഡിയോയും മറ്റ് തെറ്റായ നിർദേശങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതിനെ കേന്ദ്ര ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ ശക്തമായി അപലപിച്ചു.
” തെറ്റായതൊന്നും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഐ ടി ആക്ടിന്റെ ഏപ്രിൽ 2023 ൽ നിലവിൽ വന്ന നിയമങ്ങൾ പ്രകാരം കമ്പനികൾക്ക് ഉത്തരവാദിത്തം ഉണ്ട്. കൂടാതെ ഏതെങ്കിലും ഉപഭോക്താക്കളോ ഗവണ്മെന്റോ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാൽ അവ 36 മണിക്കൂറിനുള്ളിൽ തന്നെ പ്ലാറ്റ്ഫോമിൽ നിന്നും നീക്കിയിരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇത്തരം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ റൂൾ നമ്പർ 7 പ്രകാരം IPC സെക്ഷൻ അനുസരിച്ച് ബന്ധപ്പെട്ട വ്യക്തികൾക്ക് കോടതിയെ സമീപിക്കാം ”
എന്താണ് ഡീപ് ഫേക്ക് ടെക്നോളജി?
മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും മറ്റും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ അല്ലെങ്കിൽ ഫോട്ടോഷോപ്പ്, മെഷീൻ ലേർണിങ് തുടങ്ങിയവയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണ് ഡീപ് ഫേക്ക്.
ഫേക്ക് ആണെന്നിരിക്കെ കാണുന്നവർക്ക് ഇത് യാഥാർഥ്യം എന്ന് തോന്നിയേക്കാം. മുഖം മാറ്റിയ ഫോട്ടോകളോ മോർഫ് ചെയ്ത വീഡിയോകളോ എന്തിനേറെ പ്രമുഖരുടെ ശബ്ദം പോലും ഇത്തരത്തിൽ സൃഷ്ടിക്കാൻ സാധിക്കും. ഓൺലൈനിൽ ലഭ്യമായ ഒറിജിനൽ ഉപയോഗിച്ചാണ് ഇത്തരം ഫേക്കുകൾ നിർമ്മിക്കുന്നത്.
സ്ത്രീകൾ ഇരയാക്കപ്പെടുന്നത് എന്തുകൊണ്ട്?
പലതരത്തിലുള്ള പോണോഗ്രാഫിക് ചിത്രങ്ങൾ നിർമ്മിക്കുന്നതിനാണ് കൂടുതലായും ഡീപ് ഫേക്ക് ചെയ്യുന്നത്. സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കാൻ പോന്ന വിധം അവരുടെചിത്രത്തിൽ നിന്നും വസ്ത്രങ്ങൾ വരെ മാറ്റാൻ സാധിക്കുന്ന ആപ്പുകളും എ ഐ ടെക്നോളജിയും വരെ ഇന്ന് ലഭ്യമാണ്. യൂറോപ്പിലേയും യുഎസിലെയും സെക്സ് റാക്കെറ്റുകൾ വരെ ഇവ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഫ്രീയായി ആർക്കും ഉപയോഗിക്കാവുന്ന ഇത്തരം എ ഐ ടെക്നോളജിയുടെ ഇരകളാകേണ്ടി വരുന്നത് കൂടുതലും സ്ത്രീകളാണ്. ടെയ്ലർ സ്വിഫ്റ്റ്, എമ്മ വാട്സൺ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പർ ഡീപ് ഫേക്കിന് ഇരയായിട്ടുണ്ട്. ഒരു ഡച്ച് എ ഐ കമ്പനിയുടെ പഠനം അനുസരിച്ച് ഡീപ് ഫേക്ക് വീഡിയോയുടെ പ്രധാന ഉദ്ദേശം പോണോഗ്രാഫിയാണ്. അവയുടെ ഇരകളിലും കൂടുതലും സ്ത്രീകളാണ്.
ഡീപ് ഫേക്കിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കാം?
1. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്യാതിരിക്കുക.
2. പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യപ്പെടാതിരിക്കാനുള്ള ഓപ്‌ഷനുകൾ ലഭ്യമാണ്. ആവശ്യനുസരണം അവ ഉപയോഗിക്കുന്നത് നിങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുന്നതിൽ നിന്നും ഒരു പരിധി വരെ തടയും.
3. അക്കൗണ്ട് പ്രൈവറ്റ് അക്കൗണ്ട് ആക്കുന്നതിലൂടെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിലെ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാം.