നവംബര്‍ 1ന് മുമ്പ് എല്ലാ അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ട് പോകണമെന്ന് നേരത്തെ തന്നെ പാക് സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. ഒക്ടോബര്‍ 3നാണ് ഈ പ്രഖ്യാപനവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്. തിരികെ പോകാത്തവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ഘട്ടം ഘട്ടമായി നടത്തുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരില്‍ പരിശോധന ആരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താന്‍ റെയ്ഡുകള്‍ നടത്തും.
advertisement
ഒപ്പം അഫ്ഗാന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതിന് മുമ്പ് കൃത്യമായ പരിശോധനയും മറ്റും നടത്താന്‍ ഹോള്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം 40 ലക്ഷത്തോളം അഫ്ഗാന്‍ വംശജരാണ് പാകിസ്ഥാനില്‍ കഴിയുന്നത്. അതില്‍ 17 ലക്ഷത്തോളെ പേരും വ്യക്തമായ രേഖകളില്ലാതെയാണ് പാകിസ്ഥാനില്‍ കഴിയുന്നത്.
എന്തിനാണ് അഫ്ഗാന്‍ പൗരന്‍മാരെ പാകിസ്ഥാന്‍ തിരിച്ചയയ്ക്കുന്നത്?
വര്‍ധിച്ചുവരുന്ന തീവ്രവാദപ്രവര്‍ത്തനം, സാമ്പത്തിക പ്രതിസന്ധി, താലിബാന്‍ സര്‍ക്കാരും പാക് സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷഭരിതമായ ബന്ധം എന്നിവയാണ് ഈ കൂട്ടകുടിയൊഴിപ്പിക്കലിന് കാരണമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസങ്ങളില്‍ പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അഫ്ഗാന്‍ പൗരന്‍മാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങുന്നത് എന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കി.
”ഈ വര്‍ഷം ജനുവരിയോടെ 24 ചാവേര്‍ ആക്രമണമാണ് നടന്നത്. അതില്‍ 14 എണ്ണവും നടത്തിയത് അഫ്ഗാന്‍ പൗരന്‍മാരാണ്,” ഇടക്കാല മന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ സുരക്ഷിതത്വം നല്‍കുന്നുവെന്നും പാക് സര്‍ക്കാര്‍ ആരോപിച്ചു.
അതേസമയം പാകിസ്ഥാന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയ്ക്കാനുള്ള നടപടിയ്ക്ക് പാക് ജനങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്.
20 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്‍മാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതോടെ പാകിസ്ഥാനിലെ തൊഴിലില്ലായ്മ നിരക്കില്‍ അല്‍പ്പം കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പാക് പൗരന്‍മാര്‍. എന്നാല്‍ ഈ നീക്കം പാകിസ്ഥാന്റെ പണപ്പെരുപ്പ നിരക്കിനെ ഗുണപരമായി ബാധിക്കാനിടയില്ല.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം തിരിച്ചുപിടിച്ചതോടെ6 ലക്ഷം മുതൽ 8 ലക്ഷം വരെ അഫ്ഗാനികൾ പാകിസ്ഥാനിലേക്ക് കുടിയേറിയതായി പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറയുന്നു. ഏകദേശം 1.7 ദശലക്ഷം അഫ്ഗാനികൾ അനധികൃത കുടിയേറ്റക്കാരാണെന്നും പാക് സർക്കാർ അവകാശപ്പെടുന്നു.
അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്?
” ഒരുപാട് നല്ല ഓര്‍മ്മകളുമായാണ് മടങ്ങുന്നത്. പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കരുതിയത്. ഇപ്പോള്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വന്നിരിക്കുന്നു,” അഫ്ഗാന്‍ അഭയാര്‍ത്ഥികളിലൊരാളായ 52കാരിയായ മറോസ ബിബി പറഞ്ഞു.
‘പാക് അധികൃതരുടെ അപമാനം താങ്ങാന്‍ വയ്യ. അതിനാല്‍ പോകാന്‍ തീരുമാനിച്ചു. വേദനയോടെയാണ് ഞാന്‍ പോകുന്നത്. അഫ്ഗാനിസ്ഥാനിലെ ജീവിതത്തെക്കുറിച്ച് എനിക്കൊരു ധാരണയുമില്ല. അവിടെ എന്റെ ബിസിനസ് പുനരാരംഭിക്കാനാകുമോ എന്നും അറിയില്ല,” അഫ്ഗാന്‍ അഭയാര്‍ത്ഥിയായ സുള്‍ഫിഖര്‍ ഖാന്‍ പറഞ്ഞു.
” നാടുകടത്തലിനേയും അറസ്റ്റിനേയും പേടിച്ചാണ് പലരും കഴിയുന്നത്. ഒരു പാകിസ്ഥാനിയാണ് ഞാനെന്നാണ് കരുതിയിരുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇതുവരെ പോയിട്ടേയില്ല. ഞങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു,” നാലാം വയസ്സില്‍ പാകിസ്ഥാനിലെത്തിയ അഭയാര്‍ത്ഥി ഫസല്‍ അഹമ്മദ് പറഞ്ഞു.
താലിബാന്റെ പ്രതികരണം
പാകിസ്ഥാന്റെ നടപടിയെ അപലപിച്ച് താലിബാന്‍ രംഗത്തെത്തി. സംഭവം താലിബാന്‍-പാക് ബന്ധത്തെ മോശമായി ബാധിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാനില്‍ ഇത്രധികം അഫ്ഗാനികള്‍ എത്താന്‍ കാരണമെന്ത്?
ലോകത്തില്‍ ഏറ്റവും കൂടുതൽ അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യമാണ് പാകിസ്ഥാന്‍. പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധങ്ങള്‍ കാരണം പാകിസ്ഥാനിലേക്ക് അഭയം തേടി അഫ്ഗാന്‍ പൗരന്‍മാര്‍ എത്തുകയായിരുന്നു. ഇങ്ങനെയെത്തിയ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് താമസിക്കുന്നത്.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഏകദേശം 6 ലക്ഷത്തോളെ അഫ്ഗാന്‍ പൗരന്‍മാരാണ് പാകിസ്ഥാനിലേക്ക് പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.