പല ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് രാജ്യം ഒരു മുഖ്യാതിഥിയെ തിരഞ്ഞെടുക്കുന്നത്. ഇതിൽ അതിഥിയുടെ രാജ്യവും ഇന്ത്യയും തമ്മിലുള്ള ബന്ധമായിരിക്കും ആദ്യം ശ്രദ്ധിക്കുക. അതിഥിയെ ക്ഷണിക്കുന്നതിന് മുന്നോടിയായി ഇന്ത്യയും ആ രാജ്യവും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ എങ്ങനെയായിരുന്നു എന്നതും വിദേശകാര്യ മന്ത്രാലയം മനസില്‍ സൂക്ഷിക്കുന്നു. കൂടാതെ ഇന്ത്യയുടെ സാമ്പത്തികവും രാഷ്ട്രീയവും വാണിജ്യപരവുമായ ബന്ധങ്ങൾ, പ്രാദേശിക ഗ്രൂപ്പുകളിലെ പ്രാമുഖ്യം, സൈനിക സഹകരണം, ചേരിചേരാ പ്രസ്ഥാനം പോലുള്ള അസോസിയേഷനുകൾ വഴിയുള്ള ദീർഘകാല ബന്ധങ്ങൾ എന്നീ ഘടകങ്ങളിലും പ്രത്യേകം ശ്രദ്ധ ചെലുത്തും. അതിഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഈ പ്രക്രിയ ആരംഭിക്കുക റിപ്പബ്ലിക് ദിനത്തിന് ഏകദേശം ആറ് മാസം മുമ്പായിരിക്കും.
advertisement
തുടർന്ന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരം വിദേശകാര്യ മന്ത്രാലയം തേടും. ഈ അനുമതി ലഭിച്ചശേഷം തുടർനടപടികൾ ആരംഭിക്കും .ശേഷം ബന്ധപ്പെട്ട രാജ്യത്തെ ഇന്ത്യൻ അംബാസഡർമാർ റിപ്പബ്ലിക് ദിനത്തില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് ഉറപ്പാക്കണം. കാരണം രാഷ്ട്രത്തലവന് മറ്റ് പ്രതിബദ്ധതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ വിദേശകാര്യമന്ത്രാലയം അതിഥിയുടെ രാജ്യവുമായി ചർച്ച നടത്തും. തുടർന്ന് പ്രോഗ്രാമിന്റെ കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ക്ഷണം അവർക്ക് കൈമാറുന്നു. സുരക്ഷ, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ആവശ്യകതകൾ തുടങ്ങിയവയും പരിഗണിക്കും.
കോവിഡ് മൂലം ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തേക്ക് മുഖ്യാതിഥി എത്തുന്നത്. ഈ ദിവസം ക്ഷണമനുസരിച്ച് ഇന്ത്യയിലെത്തുന്ന അതിഥിക്ക് രാഷ്ട്രപതി ഭവനില്‍ വച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥിയായി പങ്കെടുക്കുന്ന ആദ്യ ഈജിപ്ഷ്യന്‍ നേതാവ് ആണ് ഇത്തവണ മുഖ്യാതിഥിയായി എത്തുന്ന അബ്ദുൽ ഫത്താഹ് എൽ-സിസി. ഈജിപ്റ്റുമായി പ്രാചീന കാലം മുതലേ ഊഷ്മളമായ ബന്ധം ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായിരുന്നു ഈജിപ്റ്റ്. അതുകൊണ്ട് കൂടിയാണ് അല്‍സിസിയ്ക്കുള്ള ക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അറബ് ലോകത്തെയും ആഫ്രിക്കയിലെയും രാഷ്ട്രീയത്തിലെ പ്രധാന കണ്ണിയാണ് ഈജിപ്റ്റ്. അതുകൊണ്ട് തന്നെ ഈജിപ്റ്റുമായുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.