1988-ല്‍ പ്രസിദ്ധീകരിച്ച ദി സാത്താനിക് വേഴ്സസ് എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റഷ്ദിയുടെ ജീവിതം മാറിമറിഞ്ഞത്. ഈ നോവലിൽ മതനിന്ദ ആരോപിച്ച് ഇറാനിയന്‍ മതനേതാവ് അയത്തുള്ള അലി ഖൊമേനി റുഷ്ദിയെ വധിക്കാന്‍ ഫത്വാ പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
1981ലെ ബുക്കര്‍ സമ്മാനം നേടിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ അവതരിപ്പിച്ചതിന് പേരുകേട്ട റുഷ്ദിയ്ക്ക് ദി സാത്താനിക് വേഴ്സസ് എന്ന നോവലിലൂടെ എതിര്‍പ്പുകളും വധഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഈ നോവല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണെന്നാണ് ഒരു വിഭാഗം ഇസ്ലാം വിശ്വാസികളുടെ ആരോപണം.
advertisement
also read: എന്താണ് ഫത്‌വ? സൽമാൻ റഷ്ദിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ത്?
ഇതേതുടര്‍ന്ന് ലോകമെമ്പാടും റഷ്ദിക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മുംബൈയില്‍ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം വരെ ഉണ്ടായി. ഇതിന് പുറമെ, ഇറാനില്‍ നോവല്‍ നിരോധിക്കുകയും ചെയ്തു.
അതേസമയം,റഷ്ദിയെ വധിക്കുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറിലധികം പാരിതോഷികം നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. 2016ല്‍ അദ്ദേഹത്തെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം ഉയര്‍ത്തിയതായി ദി ഇന്‍ഡെക്‌സ് സെന്‍സര്‍ഷിപ്പ് സംഘടന പറയുന്നു.
റഷ്ദിയുടെ നോവലുകളുടെ വിവര്‍ത്തകരുടെയും പ്രസാധകരുടെയും കൊലപാതകത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, 1998 ലെ ഖൊമേനി ശാസനയില്‍ നിന്നു പിന്നീട് ഇറാന്‍ അകലം പാലിച്ചു. റഷ്ദിയുടെ കൊലപാതകത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ലെന്ന് നിലപാട് ഇറാൻ സ്വീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ ഭീഷണികളും ബഹിഷ്‌കരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. റഷ്ദി ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം നിരീശ്വരവാദിയായിരുന്നു.
2007ല്‍ അദ്ദേഹത്തിന് ബ്രിട്ടന്‍ നൈറ്റ്ഹുഡ് നല്‍കിയതോടെ ഇറാനിലും പാകിസ്ഥാനിലും വീണ്ടും ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഒളിവില്‍ കഴിയുന്നതിനിടെ
അദ്ദേഹം 'ജോസഫ് ആന്റണ്‍: എ മെമര്‍' എന്ന ജീവചരിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ ആദ്യ കാല രചനകളിൽ ഒന്നായ 'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍' ആണ് അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. 600ലധികം പേജുകളുള്ള മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവല്‍ 40 ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വേദികളില്‍ അവതരിപ്പിക്കുകയും സിനിമയാക്കുകയും ചെയ്തിട്ടുണ്ട്.
നോവലിസ്റ്റ് മാത്രമായല്ല റഷ്ദി ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്. ബ്രിഡ്ജറ്റ് ജോണ്‍സിന്റെ ഡയറി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സീന്‍ഫെല്‍ഡ് എന്ന യുഎസ് ടെലിവിഷന്‍ ഷോയിലും റഷ്ദി പങ്കെടുത്തിരുന്നു.
അതേസമയം, നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പൊതു വേദികളില്‍ സമീജവമായത്. ന്യൂയോര്‍ക്കിലാണ് റഷ്ദി നിലവില്‍ താമസിക്കുന്നത്. 2015-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ " ടൂ ഇയേഴ്സ് എയ്റ്റ് മന്ത്സ് ആന്‍ഡ് ട്വന്റി-എയ്റ്റ് നൈറ്റ്സ്" എന്ന നോവല്‍ ന്യൂയോര്‍ക്ക് പശ്ചാത്തലത്തിലുള്ളതാണ്.