കാര്യങ്ങൾ വേണ്ട വിധം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സ്കൂളിനായുള്ള 40 വർഷത്തിലേറെ നീണ്ട പോരാട്ടം വിജയം കാണുന്നതിന് ആശ്വാസത്തിലാണ് എലമ്പ്ര നിവാസികൾ. ഒരു കിലോമീറ്റർ ദൂരപരിധിയിൽ എൽ പി സ്കൂൾ സ്ഥാപിക്കാൻ നയപരമായ തടസ്സങ്ങൾ വേണ്ടെന്ന സുപ്രീംകോടതിയുടെ ഉത്തരവ് എലമ്പ്ര നിവാസികളുടെ നിയമ പോരാട്ടത്തിന്റെ ഫലമാണ്. സർക്കാർ ഇനിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കാതെ എലമ്പ്ര എൽ പി സ്കൂൾ അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.
advertisement
വിദ്യാഭ്യാസ അവകാശ നിയമത്തിലെ മാനദണ്ഡപ്രകാരം പ്രൈമറി സ്കൂളില്ലാത്ത സ്ഥലത്ത് അവ തുടങ്ങുന്നതിന് ആറുമാസത്തിനകം നടപടി സ്വീകരിക്കാൻ കേരളത്തിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സ്ഥിരം കെട്ടിടമില്ലാത്തിടത്ത് താത്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുതുടങ്ങാം. സ്ഥിരം അധ്യാപകരെ നിയമിക്കുംവരെ വിരമിച്ച അധ്യാപകരെ താത്കാലികമായി ഉപയോഗപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എലമ്പ്രയിൽ അടിയന്തരമായി സർക്കാർ എൽ പി സ്കൂൾ സ്ഥാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടകയ്ക്ക് കെട്ടിടമെടുത്ത് മൂന്ന് മാസത്തിനുള്ളിൽ സ്കൂൾ ആരംഭിക്കണം എന്നാണ് ഉത്തരവ്. സ്ഥിരം അധ്യാപകർ വരുന്നത് വരെ വിരമിച്ച അധ്യാപകരെ നിയമിക്കാം. എലമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ് വന്നിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളും ലഭ്യമാക്കണം എന്ന ഉത്തരവ് എയ്ഡഡ് സ്കൂളുകൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾ അനുവദിക്കാനാകൂവെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാനസർക്കാരിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സ്കൂൾ അനുവദിക്കുന്നതിനെ എതിർക്കുന്നതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
