തായ് രാജകുടുംബം 2001-ലാണ് സാക് സുരിനെ ശ്രീലങ്കക്ക് സമ്മാനിച്ചത്. ശ്രീലങ്ക ആനയെ പിന്നീട് മുത്തുരാജ എന്നു വിളിക്കാനാരംഭിച്ചു. സാക് സുരിനെ ശ്രീലങ്കയിലെ ഒരു ക്ഷേത്രത്തിനാണ് സമ്മാനിച്ചത്. അവിടെ വെച്ചാണ് ആനക്ക് പുതിയ പേര് നൽകിയത്. ആനയോട് മോശമായി പെരുമാറുകയും അതിനെ പീഡിപ്പിക്കുകയും മുറിവുകൾ ചികിൽസിക്കാതിരിക്കുകയും ചെയ്തെന്ന് റാലി ഫോർ ആനിമൽ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് (RARE) എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് ആരോപിച്ചു.
ഈ വിഷയത്തിൽ ഇടപെടണമെന്ന് തായ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ വർഷം റാലി ഫോർ ആനിമൽ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് ആവശ്യപ്പെട്ടിരുന്നു. അതുവരെ, കണ്ടേ വിഹാരയ ക്ഷേത്രത്തിലായിരുന്നു മുത്തുരാജയെ താമസിപ്പിച്ചിരുന്നത്. മരം മുറിക്കുന്ന സംഘത്തോടൊപ്പം ജോലി ചെയ്യാൻ നിർബന്ധിതനായതിനെത്തുടർന്ന് ആനയ്ക്ക് കാലിന് തളർച്ച അനുഭവപ്പെട്ടിരുന്നു എന്നും ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് വളരെക്കാലമായിട്ടും ചികിൽസ ലഭിച്ചില്ലെന്നും റാലി ഫോർ ആനിമൽ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് അംഗങ്ങൾ ആരോപിച്ചു.
advertisement
Nadungamuwa Raja | നെടുങ്കമുവ രാജ ഇനി ഓര്‍മ്മ; ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന ചരിഞ്ഞു
”ഇത് അവസാനമല്ല, മുത്തുരാജയുടെ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്”, റാലി ഫോർ ആനിമൽ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് സ്ഥാപകൻ പാഞ്ചാലി പനപിടിയ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ആനയെ ക്ഷേത്രത്തിൽ നിന്ന് ശ്രീലങ്കയിലെ നാഷണൽ സുവോളജിക്കൽ ഗാർഡനിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ വർഷം ബുദ്ധക്ഷേത്രത്തിൽ നിന്ന് മുത്തുരാജയെ രക്ഷപ്പെടുത്തി തങ്ങളുടെ പക്കൽ എത്തിക്കുമ്പോൾ ആനയുടെ ശരീരത്തിൽ വേദനയും പഴുപ്പുകളും ഉണ്ടായിരുന്നുവെന്ന് മൃഗശാലയിലെ വെറ്ററിനറി സർജൻ മധുഷ പെരേര വാർത്ത ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. എന്നാൽ, വെള്ളിയാഴ്‌ചയോടെ പഴുപ്പ് ഏറെക്കുറെ ഭേദമായി. എന്നാൽ മൃഗശാലയിൽ നിലവിലുള്ള സൗകര്യങ്ങളുടെ അഭാവം മൂലം ആനയുടെ കാലിലെ മുറിവുകൾക്ക് പൂർണമായി ചികിത്സ നൽകാൻ കഴിഞ്ഞിട്ടില്ലെന്നും പെരേര പറഞ്ഞു.
“ആന തായ്‌ലൻഡിലേക്ക് മടങ്ങിയെത്തിയാൽ, അവിടുത്തെ വിദഗ്ധർ ഈ മുറിവുകൾ ചികിൽസിക്കും എന്നാണ് പ്രതീക്ഷ. ഒരു ദിവസം അവൻ പണ്ടത്തേതു പോലെ നടക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിയും,” പെരേര കൂട്ടിച്ചേർത്തു. മുത്തുരാജയെ തിരികെ തായ്ലാൻഡിൽ എത്തിച്ചതിന് 700,000 ഡോളർ (ഏകദേശം അഞ്ചു കോടി രൂപയിലേറെ) ചെലവായതാണ് റിപ്പോർട്ട്. എന്നാൽ ഈ ചെലവ് ഏതു രാജ്യമാണ് വഹിച്ചത് എന്ന കാര്യം വ്യക്തമല്ല.
മുത്തുരാജ സമ്മാനമായി ലഭിച്ച ആനയാണെന്നും അതിനെ തിരികെ കൊണ്ടുപോയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീലങ്ക ആസ്ഥാനമായുള്ള വന്യജീവി പരിസ്ഥിതി പ്രവർത്തകൻ ജഗത് ഗുണവർദ്ധന പറഞ്ഞു.