അതിൽ കുറഞ്ഞത് രണ്ട് ദശലക്ഷത്തോളം വോട്ടർമാരുമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ സമൂഹമാണിത്. സമീപ വർഷങ്ങളിൽ അമേരിക്കയിലെ ഉന്നത സ്ഥാനങ്ങളിൽ നിയമിതരായ ഇന്ത്യൻ-അമേരിക്കൻ വംശദരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച അവസാനമാണ് ഇന്ത്യൻ-അമേരിക്കൻ വംശജനും എഞ്ചിനീയറുമായ ഹിർഷ് വർധൻ സിംഗ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ, 2024-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്ന് ഇന്ത്യൻ-അമേരിക്കൻ വംശജർ ഉണ്ടാകുമെന്ന് ഉറപ്പായി. ഈ മൂന്ന് സ്ഥാനാർത്ഥികൾ ആരാണെന്നും അവരുടെ രാഷ്ട്രീയപ്രവർത്തവും പ്രചാരണവും എങ്ങനെയാണെന്നും വിശദമായി മനസിലാക്കാം.
advertisement
1. ഹർഷ് വർധൻ സിംഗ് (Hirsh Vardhan Singh)
ഇന്ത്യൻ- അമേരിക്കൻ എഞ്ചിനീയറായ ഹിർഷ് വർധൻ സിംഗ് ജൂലൈ 28 നാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മുപ്പത്തെട്ടുകാരനായ സിംഗ് താനൊരു ‘ആജീവനാന്ത റിപ്പബ്ലിക്കൻ’ ആണെന്നും അമേരിക്ക എന്ന രാജ്യത്തിനു മുൻതൂക്കം നൽകുന്ന ‘യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിന്റെ ശക്തനായ വക്താവ്’ ആണെന്നുമാണ് സ്വയം വിശേഷിപ്പിക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ‘എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ പ്രസിഡന്റ്’ എന്നാണ് ഹിർഷ് വിശേഷിപ്പിച്ചത്. എന്നാൽ അമേരിക്കയ്ക്ക് അതിലും കൂടുതൽ ആവശ്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”അമേരിക്കയിലെ കുടുംബ മൂല്യങ്ങൾ, രക്ഷകർത്താക്കളുടെ അവകാശങ്ങൾ, ആശയങ്ങളുടെ സംവേദനം, തുറന്ന സംവാദങ്ങൾ എന്നിവയ്‌ക്കെതിരെയെല്ലാം വലിയ ആക്രമണങ്ങൾ നടന്നു വരികയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിച്ച മാറ്റങ്ങളെ പുന:സ്ഥാപിക്കാനും അമേരിക്കൻ മൂല്യങ്ങൾ തിരികെ കൊണ്ടുവരാനും ശക്തമായ നേതൃത്വം ആവശ്യമാണ്. അതുകൊണ്ടാണ് 2024 ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിയിൽ നിന്നും നോമിനേഷൻ തേടാൻ ഞാൻ തീരുമാനിച്ചത്”, എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹിർഷ് വർധൻ സിംഗിന്റെ മാതാപിതാക്കൾ. 2009-ൽ ന്യൂജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗിൽ അദ്ദേഹം ബിരുദം കരസ്ഥമാക്കി. മിസൈൽ പ്രതിരോധം, സാറ്റലൈറ്റ് നാവിഗേഷൻ, വ്യോമയാന സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബ ബിസിനസ് നടത്തുന്നതിൽ അദ്ദേഹം പിതാവിനെ സഹായിച്ചിരുന്നു എന്ന് ദ ഫെഡറൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എഞ്ചിനീയറായും കോൺട്രാക്ടറായും ഹിർഷ് വർധൻ സിംഗ് സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
യാഥാസ്ഥിതികർ, സ്വാതന്ത്ര്യവാദികൾ, ഇന്ത്യൻ, ഫിലിപ്പിനോ അംഗങ്ങൾ, കറുത്ത വംശജരായ അമേരിക്കക്കാർ എന്നിവർക്കെല്ലാം വേണ്ടി താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറയുന്നു. 2017ൽ ന്യൂജേഴ്‌സി ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ചാണ് ഹിർഷ് വർധൻ സിംഗ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അന്ന് വെറും 9.9 ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തുടർന്ന്, 2018 ൽ യുഎസ് സെനറ്റിലേക്കും കോൺഗ്രസിലേക്കും, 2020-ൽ യുഎസ് സെനറ്റിലേക്കും, 2021-ൽ ഗവർണർ സ്ഥാനത്തേക്കും ഹിർഷ് വർധൻ സിംഗ് മത്സരിച്ച് പരാജയപ്പെട്ടു. മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹത്തിന്റെ പ്രഖ്യാപനം വൈകിയാണ് എത്തിയത്.
2. വിവേക് രാമസ്വാമി (Vivek Ramaswamy)
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 37 കാരനും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി ജനിച്ച രാമസ്വാമി തെക്കുപടിഞ്ഞാറൻ ഒഹായോ സ്വദേശിയാണ്. അദ്ദേഹത്തിന്റെ അമ്മ വയോജനങ്ങൾക്കായുള്ള മനോരോഗ വിദഗ്ദ്ധയായിരുന്നു (geriatric psychiatrist). അച്ഛൻ എഞ്ചിനീയറായും പേറ്റന്റ് അഭിഭാഷകനായും ജോലി ചെയ്തിട്ടുണ്ട്. ദ ന്യൂയോർക്കറിന്റെ റിപ്പോർട്ട് അനുസരിച്ച്, വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, രാമസ്വാമി 2014 ൽ ഫാർമസ്യൂട്ടിക്കൽ റിസർച്ച് കമ്പനിയായ റോവന്റ് സയൻസസ് സ്ഥാപിച്ചു. ഈ സ്ഥാപനത്തിൽ നിന്നും അദ്ദേഹം കോടിക്കണക്കിന് ഡോളർ സമ്പാദിച്ചു.
രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾ നേരിടാൻ കമ്പനികളെ സഹായിക്കുന്ന അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ സ്ട്രൈവിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് വിവേക് രാമസ്വാമി. ഫോർബ്‌സിന്റെ 2016ലെ റിപ്പോർട്ട് അനുസരിച്ച് രാമസ്വാമിയുടെ ആസ്തി 600 മില്യൺ ഡോളറാണ്. കോർപ്പറേറ്റ് അമേരിക്ക സോഷ്യൽ ജസ്റ്റിസ് സ്കാം (Corporate America’s Social Justice Scam) എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് വിവേക് രാമസ്വാമി. വ്യാവസായിക മുതലാളിത്തത്തിനെതിരെ ശബ്ദമുയർത്തുന്നയാളാണ് അദ്ദേഹം. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ, അദ്ദേഹം തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് 16 മില്യൺ ഡോളർ ഈ ലക്ഷ്യത്തിനായി ചെലവഴിച്ചു. മരുന്ന് ഉത്പാദനം, ആരോഗ്യപരിചരണം, മെറിറ്റോക്രസി പുനഃസ്ഥാപിക്കൽ, ചൈനയെ ആശ്രയിക്കുന്നത് കുറക്കൽ എന്നീ വിഷയങ്ങളിലെല്ലാമാണ് അദ്ദേഹത്തിന്റെ പ്രചാരണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
3. നിക്കി ഹേലി (Nikki Haley)
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ വംശജരിൽ നിക്കി ഹേലിയാണ് ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. 1972-ൽ സൗത്ത് കരോലിനയിലെ ബാംബർഗിൽ ജനിച്ച നിക്കി ഹേലി, സൗത്ത് കരോലിനയുടെ മുൻ ഗവർണറായും ട്രംപ് സർക്കാരിലെ ആദ്യ ഐക്യരാഷ്ട്ര സഭാ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു അമേരിക്കൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ എന്ന റെക്കോർഡും ആദ്യത്തെ വനിതാ ഗവർണർ എന്ന റെക്കോർഡും നിക്കി ഹേലിക്ക് സ്വന്തമാണ്. ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയിലെ അംബാസഡറായി തിരഞ്ഞെടുത്തതാണ് നിക്കി ഹേലിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത്. ‘പോളിസി ഗേൾ’ എന്നാണ് നിക്കി സ്വയം വിശേഷിപ്പിക്കുന്നത്.
യുഎന്നിലെ യുഎസ് അംബാസഡറായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത്, ഇസ്രായേൽ, ഉത്തര കൊറിയ, റഷ്യ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ പാലമായിരുന്നു നിക്കി. പലസ്തീനികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ ഐക്യരാഷ്ട്രസഭ ഇസ്രായേലിനെ ഭീഷണിപ്പെടുത്തുന്നു എന്ന് അവർ ആരോപിച്ചിരുന്നു. ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് ഇസ്രായേൽ എംബസി മാറ്റാനും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ആണവ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്‌ക്കെതിരായ ഉപരോധത്തെ നിക്കി ഹേലി പിന്തുണയ്ക്കുകയും ഇറാനുമായി ഒബാമ ഭരണകൂടം ഒപ്പിട്ട ആണവകരാറിൽ നിന്നും പിൻമാറാൻ ട്രംപ് ഭരണകൂടത്തെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 2018 അവസാനത്തോടെയാണ് നിക്കി ഹേലി യുഎന്നിലെ യുഎസ് അംബാസഡർ സ്ഥാനത്തു നിന്നും രാജി വെച്ചത്.