1. അമിത് ഷായുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 29ന് ചേര്‍ന്ന യോഗം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഓഗസ്റ്റ് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിണമെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു.
റെയ്ഡിനു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ നന്നായി തയ്യാറെടുക്കണമെന്നും നിര്‍ദേശം ലഭിച്ചിരുന്നു എന്നും ഓഗസ്റ്റ് 29 ന് നടന്ന യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
2.സെപ്റ്റംബര്‍ 22- മിന്നല്‍ പരിശോധന
സെപ്റ്റംബര്‍ 22 പുലര്‍ച്ചെ കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരിട്ടിരുന്ന പരിശോധന ദൗത്യത്തില്‍ രാജ്യവ്യാപകമായി 106 പേര്‍ അറസ്റ്റിലായി. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദേശീയ-സംസ്ഥാന നേതാക്കളടക്കം കസ്റ്റഡിയില്‍.
ഏറ്റവും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിടിയിലായത് കേരളത്തില്‍ നിന്നാണ്, 22 പേര്‍. കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും 20 പേര്‍ വീതവും പിടിയിലായി. തമിഴ്‌നാട് 10, ആസാം 9, ഉത്തര്‍പ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി, ഡല്‍ഹി- 3, രാജസ്ഥാന്‍ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ കസ്റ്റഡിയിലായ നേതാക്കളുടെ എണ്ണം.
Also Read-PFI Ban| പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനൊപ്പം നിയമവിരുദ്ധമായ സംഘടനകൾ ഏതൊക്കെ?
3.കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും എന്‍ഐഎ-ഇഡി പരിശോധനകളിലും പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്തെത്തി. ഹര്‍ത്താലില്‍ 58 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. 5.06 കോടി രൂപ നഷ്ടപരിഹാരം കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 1809 പേര്‍.
4.പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജൂലൈ 12ന് ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി പരിശീലനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
5.പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം ഇസ്ലാമിക രാജ്യം സ്ഥാപിക്കല്‍; എന്‍ഐഎ റിപ്പോര്‍ട്ട്
ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു
6.പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു
പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി.
7.പോപ്പുലര്‍ ഫ്രണ്ട് നിരോധനം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം.
