ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് അന്തർവാഹിനി വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് ടൈറ്റന്റെ അകത്ത് ഉണ്ടായിരുന്നത്. ഈ ദുരന്തസമയത്ത് തങ്ങളുടെ ഹൃദയങ്ങൾ ഈ അഞ്ചു പേരുടെ ആത്മാക്കൾക്കും അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒപ്പമാണെന്ന് ഓഷ്യൻഗേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാനായിരുന്നു യാത്ര. ടൈറ്റാനികിന് 1600 മീറ്റർ അകലെയാണ് തിരച്ചിൽ സംഘം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
advertisement
Also read-Titan | കടലിന്റെ ആഴങ്ങളിൽ അവർ മാഞ്ഞുപോയി; നോവിന്റെ തീരങ്ങളിൽ ടൈറ്റൻ ദൗത്യം
അപകടം സംഭവിച്ചതെങ്ങനെ ?
ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് (Implosion) അഞ്ച് യാത്രക്കാരും മരിച്ചത് എന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതാണ് എന്നാണ് നിഗമനം. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചത്.
കപ്പൽ എപ്പോൾ പൊട്ടിത്തെറിച്ചെന്നോ എങ്ങനെ ഇതു സംഭവിച്ചു എന്നതിനെക്കുറിച്ചോ കോസ്റ്റ് ഗാർഡിന് ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ജോൺ മൗഗർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മൃതശരീരങ്ങളും അന്തർവാഹിനിയും പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആളില്ലാ റോബോട്ടുകളെ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നും മൗഗർ കൂട്ടിച്ചേർത്തു.
Also read-ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി; തിരച്ചിൽ ശക്തം
ഞായറാഴ്ചയാണ് ടൈറ്റനെ കാണാതായത്. പേടകം പൊട്ടിത്തെറിച്ചിരിക്കാൻ സാധ്യതയുള്ളതായി വെള്ളത്തിനടിയിലുള്ള ശബ്ദം നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുഎസ് സൈന്യം കണ്ടെത്തിയത് എന്ന് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“യുഎസ് നാവികസേന ഇത്തരം ശബ്‌ദങ്ങൾ ശേഖരിച്ച് വിശകലനം നടത്തി. ടൈറ്റന് കരയിലേക്കുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതിനു ശേഷം, കടലിൽ സ്‌ഫോടനം നടന്നതു പോലുള്ള ഒരു ശബ്ദം കണ്ടെത്തി”, എന്ന് ഒരു മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥൻ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് ഈ യാത്രക്ക് 250,000 ഡോളറാണ് (രണ്ടുകോടി രൂപ) ഈടാക്കിയിരുന്നത്. ഓഷ്യൻഗേറ്റ് മുൻ മറൈൻ ഓപ്പറേഷൻസ് ഡയറക്ടർ ടൈറ്റൻ പരീക്ഷണം സംബന്ധിച്ച് ചില ആശങ്കകൾ ഉന്നിയിച്ചിരുന്നു.