ജൂൺ 14ന് ഇന്ത്യയുടെ 22ാം നിയമ കമ്മീഷൻ വിവിധ പൊതു സംഘടനകളോടും മതസംഘടനകളോടും ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞിരുന്നു. മതങ്ങൾക്കതീതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് ഒരു പോലെ ബാധകമായ ഏക സിവിൽ കോഡ് നിലവിൽ വരേണ്ടതുണ്ടെന്ന് 21ാം നിയമ കമ്മീഷനും നിരീക്ഷിച്ചിരുന്നു.
ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനതലത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്താൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തിനായി ഏകീകൃത സിവിൽ കോഡ് രൂപീകരിക്കാൻ സംഘടിപ്പിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ, വിഷയത്തിന്മേൽ ഒരു പൊതു ചർച്ച നടന്നിരുന്നു. ഇതും ഏക സിവിൽ കോഡ് വീണ്ടും പൊതുമണ്ഡലത്തിലേക്കുയർന്നു വരാൻ കാരണമായിട്ടുണ്ട്.
advertisement
എന്താണ് ഏകീകൃത സിവിൽ കോഡ്?
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്ത് എന്നിവയടക്കമുള്ള വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ കോഡ് ഉണ്ട്. എന്നാൽ, സിവിൽ നിയമങ്ങളിൽ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.
ഭരണഘടനാപരമായ സാധ്യത
ഇന്ത്യൻ ഭരണഘടനയുടെ 44ാം വകുപ്പിൽ പറയുന്നതിങ്ങനെയാണ്: ‘ഇന്ത്യയിലുടനീളം എല്ലാ പൗരന്മാർക്കും വേണ്ടിയുള്ള ഒരു ഏകീകൃത സിവിൽ കോഡ് രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.’ ഏറെ പ്രസിദ്ധമായ 1985ലെ ഷാബാനോ കേസിൽ വിധി പ്രസ്താവിക്കുന്നതിനിടെ പരമോന്നത നീതിപീഠം സമാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. 44ാം വകുപ്പ് നിഷ്ഫലമായി നിലനിൽക്കുകയാണെന്നും, ഏകീകൃത സിവിൽ കോഡ് നിലവിൽ വരേണ്ടതുണ്ടെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.
ഭരണഘടനാ നിർമാണ സഭയും ഏകീകൃത സിവിൽ കോഡും
ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റി അധ്യക്ഷനായിരുന്ന ഡോ. ബി ആർ അംബേദ്കർ പറഞ്ഞതിങ്ങനെ: ”രാജ്യത്തുടനീളം എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരു ഏകീകൃത, സമ്പൂർണ ക്രിമിനൽ കോഡ് നമുക്കുണ്ട്. പീനൽ കോഡിന്റെയും ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെയും ഭാഗമാണത്. വസ്തു കൈമാറ്റത്തിനായി നമുക്കൊരു നിയമമുണ്ട്. അതും രാജ്യത്തുടനീളം ബാധകമാണ്. നമുക്കൊരു നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടും ഉണ്ട്. നമ്മുടെ രാജ്യത്ത് ഫലത്തിൽ ഒരൊറ്റ സിവിൽ കോഡ് മാത്രമാണുള്ളതെന്നും അത് ഏകീകൃതവും എല്ലാവർക്കും ഒരു പോലെ ബാധകമായതുമാണെന്ന് തെളിയിക്കുന്ന എണ്ണമറ്റ ഉദാഹരണങ്ങൾ എനിക്ക് ചൂണ്ടിക്കാട്ടാനാകും. സിവിൽ നിയമത്തിന് ഇതുവരെ കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകൾ വിവാഹവും പിന്തുടർച്ചാവകാശവും മാത്രമാണ്”.
ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെട്ട കോടതിയുത്തരവുകൾ
ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിക്കാൻ ഏകീകൃത സിവിൽ കോഡിന് കഴിയുമെന്നായിരുന്നു ഷാബാനോ കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം. സരള മുദ്ഗാൾ കേസാണ് മറ്റൊരു പ്രധാന ഉദാഹരണം. ഈ കേസിൽ സുപ്രീം കോടതിയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: “എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ഏകീകൃത വ്യക്തിനിയമങ്ങൾ രൂപീകരിക്കാൻ ഇന്നുവരെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. ഹിന്ദു മതസ്ഥർ പിന്തുടർന്നിരുന്ന വിവിധ പരമ്പരാഗത നിയമങ്ങൾക്കു പകരം ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ് ആക്ട്, എന്നിങ്ങനെ പല നിയമങ്ങളും കൊണ്ടുവന്ന് ഏകീകരിച്ചത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ള മാറ്റം. എൺപതു ശതമാനത്തോളം പൗരന്മാർ ഇതിനോടകം തന്നെ ഏകീകൃത വ്യക്തിനിയമങ്ങൾ പിന്തുടരുകയാണെന്നിരിക്കേ, എല്ലാ പൗരന്മാരേയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കാലതാമസം ന്യായീകരിക്കാനാകില്ല”.
നിലവിൽ ഗോവയിൽ മാത്രമാണ് ഏകീകൃത സിവിൽ കോഡ് പിന്തുടരുന്നത്.