853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ, കുടുങ്ങിക്കിടക്കുന്ന ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കപാതയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ അന്വേഷണം നടക്കുകയാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ പറഞ്ഞു.
ഈ 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ച് പേര്‍ ഒഡീഷ, നാല് പേര്‍ ബിഹാര്‍, മൂന്ന് പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളരാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അറിയിച്ചു.
advertisement
ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കി തീര്‍ഥാടകരുടെ യാത്രാസമയം ഒരു മണിക്കൂറോളം ലാഭിക്കാന്‍ തുരങ്ക പാതയ്ക്ക് കഴിയും. നിലവിലെ റോഡ് വീതി കൂട്ടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുരങ്ക പാതാ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച പുലര്‍ച്ച 5.30 അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാസേന ഇവിടേക്ക് എത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു പൈപ്പ് കടത്തി തൊഴിലാളികളുമായി സംസാരിക്കാനുള്ള സംവിധാനമൊരുക്കിയതായി അവര്‍ പറഞ്ഞു. വോക്കി ടോക്കി വഴി തൊഴിലാളികളുമായുള്ള ആശയവിനിമയം സാധ്യമാക്കിയതായി ഉത്തരകാശി മേഖല പോലീസ് സൂപ്രണ്ട് അര്‍പന്‍ യദുവനാശി പറഞ്ഞിരുന്നു. ”തുടക്കത്തില്‍ അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍, ഞങ്ങള്‍ നടത്തുന്ന രക്ഷാശ്രമങ്ങളെക്കുറിച്ച് അവരോട് വിവരിച്ചു. ഓക്‌സിജന്‍ കുറവുണ്ടെന്ന് അവര്‍ അവര്‍ പറഞ്ഞിരുന്നു. കടലപോലുള്ള ആഹാരസാധനങ്ങള്‍ അവര്‍ക്ക് നല്‍കികൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
75 പോലീസ് ഉദ്യോഗസ്ഥര്‍, 25 അഗ്നിരക്ഷാ സേനാംഗങ്ങള്‍, PAC യുടെ ഒരു പ്ലാറ്റൂണ്‍ (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി), SDRF-ല്‍ നിന്ന് 25 പേര്‍, NDRF-ല്‍ നിന്ന് 35 പേര്‍, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്ന് 25 പേര്‍ എന്നിവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തണുത്തകാലാവസ്ഥയിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളെ കുഴൽവഴി പുറത്തെത്തിക്കാനായി ആദ്യം ഉപയോഗിച്ച യന്ത്രം കേടായതിനെ തുടർന്ന് പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ചു. തുരങ്കത്തിൽ അടിഞ്ഞുകൂടിയ മണ്ണിനുള്ളിലൂടെ 900 എം.എം വ്യാസമുള്ള ഇരുമ്പു പൈപ്പുകൾ ഒന്നിനുപിറകെ ഒന്നായി കടത്തിവിട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് പദ്ധതി തയാറാക്കിയത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിദഗ്ധ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ 40 മീറ്റര്‍ നീളമുള്ള ഒരു പാത ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ 21 മീറ്റര്‍ സ്ഥലത്തെ സ്ലാബുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
തുരങ്കം തകര്‍ന്നതെങ്ങനെ?
ഉത്തരകാശി തുരങ്ക പാത തകര്‍ന്നതില്‍ അന്വേഷണം നടത്താല്‍ അഞ്ചംഗ വിദഗ്ധ സമിതിയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. എന്‍എച്ച്‌ഐഡിസിഎല്‍ തുരങ്കം തകരാനുള്ള കാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ലെങ്കിലും ഡൈനാമൈറ്റ്, വലിയ ഡ്രില്ലറുകള്‍ എന്നിവയുപയോഗിച്ചുള്ള തുരങ്ക നിര്‍മാണമാണ് അപകടത്തിന് വഴിവെച്ചതെന്ന് പരിസ്ഥിതിവാദിയായ രവി ചോപ്ര പറഞ്ഞു. ഹിമാലയന്‍ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി സംബന്ധിച്ച ആശങ്കകളാണ് ആദ്യം പരിഗണിക്കപ്പെടേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിശാസ്ത്രപരമായതും പാരിസ്ഥിതികമായതുമായ ഘടകങ്ങള്‍ പരിഗണിച്ച് വേണം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാര്‍ധാം ഓള്‍-വെതര്‍ റോഡിനെക്കുറിച്ച് പഠിക്കുന്നതിനുള്ള സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അധ്യക്ഷസ്ഥാനം കഴിഞ്ഞ വര്‍ഷം ചോപ്ര രാജിവച്ചിരുന്നു,. ചാര്‍ധാം ഓള്‍-വെതര്‍ ഹൈവേയുടെ, പ്രത്യേകിച്ച് റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നിര്‍മാണ രീതികള്‍ അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ആസൂത്രണ കമ്മിഷന്റെ മുന്‍ ഉപദേഷ്ടാവ് ഹര്‍ഷപതി യുനിയാലും പറഞ്ഞു. ”എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന ഇത്തരം റോഡുകൾ ഉത്തരാഖണ്ഡിന് ഒരു ദുരന്തമായി മാറും, പ്രത്യേകിച്ചും അവയുടെ വീതി കൂട്ടുന്നതിന് തെറ്റായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായതിനാല്‍. ”ഇവിടുത്തെ ചരിവുകക്ക് മാറ്റം വരുത്തിയാല്‍, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ ഉറപ്പായും സംഭവിക്കും”, യുനിയാല്‍ പറഞ്ഞു. തുരങ്കപാത കടന്നുപോകുന്ന മലയോര ടൗണിലെ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ടായതായും അദ്ദേഹം പറഞ്ഞു.
ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഹിമാലയന്‍ പ്രദേശത്തിന് സമീപമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തണമെന്ന് സാമൂഹികപ്രവര്‍ത്തകനായ ശിവാനന്ദ് ചമോലി ആവശ്യപ്പെട്ടു.