എന്താണ് ഹരിത പടക്കങ്ങൾ? അവ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ? ഹരിത പടക്കങ്ങൾ എങ്ങനെ തിരിച്ചറിയാം?
പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നവയും അപകടങ്ങൾ കുറവുള്ളതുമാണ് ഹരിത പടക്കങ്ങൾ. സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാർബൺ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഇവയിൽ ഉപയോഗിക്കുന്നില്ല. ഇവ സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം കുറവ് മലിനീകരണമേ ഉണ്ടാക്കൂ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
സാധാരണ പടക്കങ്ങൾ പൊട്ടുമ്പോൾ 160 ഡെസിബെൽ ശബ്ദം ഉണ്ടാകുമെങ്കിൽ ഹരിത പടക്കങ്ങൾക്ക് 110 ഡെസിബെൽ ശബ്ദം മാത്രമേ ഉണ്ടാകൂ. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലാണ് ആണ് ഇവ നിർമ്മിക്കുന്നത്.
advertisement
ഹരിത പടക്കങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം മറ്റു പടക്കങ്ങളെക്കാൾ കുറവാണെന്നും അവ പൊടി വലിച്ചെടുക്കുകയും ചെയ്യുന്നുവെന്ന്
ചണ്ഡീഗഡിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ പിജിഐ ഡോ.രവീന്ദ്ര ഖൈവാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വായുവിന്റെ ഗുണനിലവാരം മിതമായതോ മോശമായതോ ആയ നഗരങ്ങളിലും പട്ടണങ്ങളിലും ഹരിത പടക്കങ്ങൾ മാത്രമേ അനുവദിക്കൂ എന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ പടക്കങ്ങൾ പൊട്ടിക്കഴിയുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു അവശിഷ്ടം ഉണ്ടാകാറുണ്ട്. അലുമിനിയം, മഗ്നീഷ്യം, ടൈറ്റാനിയം, എന്നീ പദാർത്ഥങ്ങളാണ് അവ. ഓറഞ്ച് നിറത്തിൽ കാണുന്നത് കാർബണും ഇരുമ്പുമാണ്. മഞ്ഞ നിറമുള്ള അവശിഷ്ടങ്ങൾ സോഡിയം സംയുക്തങ്ങളാണ്. നീലയും ചുവപ്പും ചെമ്പ് സംയുക്തങ്ങളാണ്. പച്ച നിറം ബേരിയം മോണോ ക്ലോറൈഡ് ലവണങ്ങളോ ബേരിയം നൈട്രേറ്റോേ ബേരിയം ക്ലോറേറ്റോ ആകാം.
സാധാരണ പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന കട്ടിയുള്ള പുക ശ്വാസനാളത്തെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ ശ്വാസനാളികളെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കണ്ണ്, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളെയും ബാധിക്കാം. ഇതിന്റെ പുക ഗർഭിണികൾക്കും ഹാനികരമാണ്. ഇവ ഗർഭം അലസിപ്പോകാൻ പോലും കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നു.
പടക്കങ്ങളിലെ ലെഡ് നാഡീവ്യവസ്ഥയെ ബാധിക്കുമ്പോൾ ചെമ്പ് ശ്വാസകോശത്തെയാണ് ബാധിക്കുക. സോഡിയം ചർമപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. ഖൈവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പടക്കങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങളിൽ ഹാനികരമായ റേഡിയോ ആക്ടീവ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹരിത പടക്കങ്ങൾ എങ്ങനെ തിരിച്ചറിയാം?
CSIR-NEERI, PESO എന്നിങ്ങനെ പച്ച നിറത്തിൽ എഴുതിയ ലോഗോയിലൂടെയും ഒരു ക്യു ആർ കോഡിലൂടെയും ഹരിത പടക്കങ്ങൾ തിരിച്ചറിയാൻ കഴിയും. ഹരിത പടക്കങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. സേഫ് വാട്ടർ റിലീസർ, സേഫ് തെർമൈറ്റ് ക്രാക്കർ, സഫൽ എന്നിവയാണ് അവ.
SWAS (സേഫ് വാട്ടർ റിലീസർ): വായുവിലെ നീരാവി പുറത്തുവിടുന്നതിലൂടെ സേഫ് വാട്ടർ റിലീസർ പടക്കങ്ങൾ പൊടി ശമിപ്പിക്കുന്നു. ഇതിൽ പൊട്ടാസ്യം നൈട്രേറ്റും സൾഫറും ചേർത്തിട്ടില്ല. സാധാരണ പടക്കങ്ങളേക്കാൾ 30 ശതനമാനം കുറവ് അവശിഷ്ടമാണ് ഇവ പുറത്തുവിടുക.
STAR (സേഫ് തെർമൈറ്റ് ക്രാക്കർ): ഇതിൽ പൊട്ടാസ്യം നൈട്രേറ്റും സൾഫറും അടങ്ങിയിട്ടില്ല. ഇത്തരം പടക്കങ്ങൾ സാധാരണ പടക്കങ്ങളേക്കാൾ കുറഞ്ഞ അവശിഷ്ടങ്ങൾ പുറത്തുവിടുന്നു. ഇതിന്റെ ശബ്ദ തീവ്രതയും കുറവാണ്.
സഫൽ (SAFAL): ഈ പടക്കങ്ങളിൽ കുറഞ്ഞ അളവിലാണ് അലൂമിനിയം ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മഗ്നീഷ്യം കൂടുതലാണ്. സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് ഈ പടക്കം കുറവ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.
ഈ വർഷം ചില സംസ്ഥാനങ്ങൾ പടക്കങ്ങൾ പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താഴെപ്പറയുന്നവയാണ് ആ സംസ്ഥാനങ്ങൾ.
ഡൽഹി
സംസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും ഉത്പാദനം, സംഭരണം, വിതരണം, വാങ്ങൽ എന്നിവക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. 2023 ജനുവരി 1 വരെ ഓൺലൈൻ പടക്കം വിൽപ്പനയും വിതരണവും നിരോധിക്കുന്നതായി ഈ വർഷം ആദ്യം അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. പടക്കങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഡൽഹി സർക്കാരിന്റെ നിരോധനം സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ഈ നിരോധനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
പഞ്ചാബ്
പഞ്ചാബിൽ ദീപാവലി ദിനത്തിൽ രാത്രി 8 മുതൽ 10 വരെ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് പടക്കങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന, പടക്കങ്ങളുടെ ഒരുമിച്ചുള്ള ഉപയോഗം എന്നിവ നിരോധിച്ചുണ്ടെന്നും ഹരിത പടക്കങ്ങൾ മാത്രമേ അനുവദിക്കൂ എന്നും സർക്കാർ അറിയിച്ചു.
ഹരിയാന
ഹരിയാനയിൽ ഹരിത പടക്കങ്ങൾ മാത്രമേ നിർമിക്കാനും ഉപയോഗിക്കാനും വിൽക്കാനും അനുമതിയുള്ളൂവെന്ന് ദേശീയ ഹരിത ട്രൈബ്യൂണലും ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളിൽ ഹരിത പടക്കങ്ങളുടെ വിൽപനയും ഉപയോഗവും മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ക്യുആർ കോഡുകളുള്ള ഹരിത പടക്കങ്ങൾ മാത്രമേ ബംഗാളിൽ ഇറക്കുമതി ചെയ്ത് വിൽക്കാൻ അനുവദിക്കുകയുള്ളുവെന്ന് കൽക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഉത്സവ സീസണിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും പോലീസിനും നിർദേശം ലഭിച്ചിട്ടുണ്ട്
തമിഴ്‌നാട്
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് മലിനീകരണം കുറഞ്ഞതും ശബ്ദം കുറവുള്ളതുമായ പടക്കങ്ങൾ പൊട്ടിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ദീപാവലി ദിനത്തിൽ, ആളുകൾക്ക് രാവിലെ 6 മുതൽ 7 വരെയും, വൈകുന്നേരം 7 മുതൽ 8 വരെയും പടക്കങ്ങൾ പൊട്ടിക്കാമെന്നാണ് സർക്കാർ നിർദേശം. 125 ഡെസിബെലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ നിര്‍മിക്കാനോ ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ല. ചൈനീസ് നിര്‍മിത പടക്കങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.