ഒക്‌ടോബർ 3 ന് ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ, ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. ചൈനീസ് പ്രൊപ്പഗാന്തയുടെ ഭാഗമായി, അമേരിക്കൻ ടെക് ഭീമനായ നെവിൽ റോയ് സിംഘത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ച സംഘടനകളിൽ ന്യൂസ്ക്ലിക്കും ഉണ്ടെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തു വന്നിരുന്നു.
ന്യൂസ്‌ക്ലിക്കിനെതിരെയുള്ള ആരോപണങ്ങൾ എന്തൊക്കെയാണ്? കമ്പനിയുടെ പ്രതികരണം എന്താണ്? വിശദമായി മനസിലാക്കാം.
advertisement
കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് പോലീസ്
കശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇവ തർക്കഭൂമിയാണെന്ന് പ്രചരിപ്പിക്കാനും വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്ക് ശ്രമിച്ചെന്ന് ഡൽഹി പോലീസ് പറയുന്നു. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർകയസ്ത, അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം, നെവിൽ റോയ് സിംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഷാങ്ഹായ് ആസ്ഥാനമായുള്ള സ്റ്റാർസ്ട്രീം കമ്പനിയിലെ മറ്റ് ചില ചൈനീസ് ജീവനക്കാർ എന്നിവർ തമ്മിൽ ഇതു സംബന്ധിച്ച് ഇമെയിലുകൾ കൈമാറിയതായും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ആരോപിച്ചു.
Also read-36 മണിക്കൂർ ചോദ്യം ചെയ്യല്‍; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ ഉള്‍പ്പടെ രണ്ട് പേർ അറസ്റ്റിൽ
പ്രബീർ പുർകയസ്ത, അമിത് ചക്രവർത്തി, നെവിൽ റോയ് സിംഘം എന്നിവർ പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരുന്നവർ ആണെന്നും കശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചും അരുണാചൽ പ്രദേശിനെ എങ്ങനെ തർക്കപ്രദേശമായി കാണിക്കണം എന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തിയെന്നും പോലീസ് പറയുന്നു. ഇതിനായി പ്രതികൾ 115 കോടി രൂപ വിദേശ ഫണ്ടായി കൈപ്പറ്റിയതായും പോലീസ് കൂട്ടിച്ചേർത്തു. കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തിയാണെന്നും റിമാൻഡ് ആപ്ലിക്കേഷനിൽ പറയുന്നു.
ചൈനയിൽ നിന്നുള്ള ഫണ്ടിങ്ങ്
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കുക എന്ന ഉദ്ദേശത്തോടെ ഇവർ ഗൂഢാലോചന നടത്തിയെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചിലരും ചില വിദേശ സ്ഥാപനങ്ങളും ഇതിനായി കോടികളുടെ വിദേശ ഫണ്ട് നിക്ഷേപിച്ചതായും ഡൽഹി പോലീസിന്റെ റിമാൻഡ് കോപ്പിയിൽ പറയുന്നു. ”2018 ഏപ്രിൽ മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ നിയമവിരുദ്ധമായി ന്യൂസ് ക്ലിക്കിന് ലഭിച്ചു. പ്രബീർ പുർകയസ്ത, അമിത് സെൻഗുപ്ത, ദൊരൈസ്വാമി രഘുനന്ദൻ, ബപ്പാടിത്യ സിൻഹ, ഗൗതം നവ്‌ലഖ, ഗീത ഹരിഹരൻ, അമിത് ചക്രവർത്തി, എം/എസ് വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ് എൽഎൽസി എന്നിവർക്കെല്ലാം പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോയിൽ ഓഹരിയുണ്ട്”, ഡൽഹി പോലീസ് പറഞ്ഞു.
”ന്യൂസ്‌ക്ലിക്കിന് ചൈനയിൽ നിന്ന് ഫണ്ട് ലഭിച്ചിരുന്നു. ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ബിസിനസുകാരനായ നെവിൽ റോയ് സിംഘത്തിൽ നിന്നാണ് ഇവർ പണം സ്വീകരിച്ചത്. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രക്ഷോഭങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള കഥകൾ അവർ പ്രസിദ്ധീകരിച്ചു”, ഡൽഹി പോലീസിലെ ഒരു വൃത്തം ദി പ്രിന്റിനോട് പറഞ്ഞു.
മറ്റ് ആരോപണങ്ങൾ
ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, ഭീമാ കൊറേഗാവ് കേസിൽ 2020 ൽ ജയിൽ വാസം അനുഭവിക്കുകയും ഇപ്പോൾ വീട്ടുതടങ്കലിൽ കഴിയുകയും ചെയ്യുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ ന്യൂസ്‌ക്ലിക്കിന്റെ ഓഹരിയുടമയാണ്. ഇയാൾ ഇന്ത്യ വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.
നിരോധിത നക്‌സൽ സംഘടനകളെ സജീവമായി പിന്തുണച്ചിരുന്നയാലാണ് ഗൗതം നവ്‌ലാഖയെന്നും പാക്കിസ്ഥാനിലെ ഐഎസ്ഐയുടെ ഏജന്റായ ഗുലാം നബി ഫൈയുമായി ഇയാൾ ദേശവിരുദ്ധ ബന്ധങ്ങൾ പുലർത്തിയിരുന്നതായും പോലീസ് പറയുന്നു. 1991 മുതൽ ഗൗതം നവ്‌ലാഖ പ്രബീർ പുർകയസ്തയുമായി ബന്ധം പുലർത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്ക് ആവശ്യമായ വിതരണണ സംവിധാനങ്ങളും സേവനങ്ങളും തടസപ്പെടുത്താനും കർഷക പ്രതിഷേധം ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോയി രാജ്യത്തെ സമ്പത്ത് ഇല്ലാതാക്കാനും നാശനഷ്ടം വരുത്താനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും ഇതിനെല്ലാം വിദേശത്തു നിന്നും ധനസഹായം ലഭിച്ചെന്നും ഡൽഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് ആരോപിച്ചു.
കോവിഡ്-19 നെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെ ഇല്ലാതാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങൾ ഇവർ നടത്തിയതായും 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (People’s Alliance for Democracy and Secularism (PADS)) എന്ന ഗ്രൂപ്പുമായി ചേർന്ന് പ്രബീർ പുർക്കയസ്ത ഗൂഢാലോചന നടത്തിയതായും ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ റിമാൻഡ് കോപ്പിയിൽ പറയുന്നു.
ഇഡി അന്വേഷണം
ന്യൂസ്‌ക്ലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട്, കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി 2021 ഫെബ്രുവരി 9-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കമ്പനിയിൽ എത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന തിരച്ചിലിൽ കമ്പനിയുടെ പ്രൊമോട്ടറായ പ്രബിർ പുർക്കയസ്തയുടെ വസതി ഉൾപ്പെടെ പത്തോളം സ്ഥലങ്ങൾ റെയ്ഡ് ചെയ്യുകയുമുണ്ടായി. സംശയാസ്പദമായി നടത്തിയ വിദേശ പണമിടപാടുകളിലൂടെ പിപികെക്ക് 38 കോടി രൂപ ലഭിച്ചതായും ഇഡി പറഞ്ഞിരുന്നു.
നാല് വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ കയറ്റുമതിക്കായി 2018 നും 2021 നും ഇടയിൽ ന്യൂസ്‌ക്ലിക്കിന് കോടിക്കണക്കിന് രൂപ ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. അമേരിക്കയിലെയും ബ്രസീലിലെയും അടക്കം കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നിന്നും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ ഗൗതം നവ്‌ലാഖയ്ക്ക് 20.53 ലക്ഷം രൂപ കൈമാറിയതായും സിപിഎം ഐടി സെൽ അംഗമായ ബപ്പാടിത്യ സിൻഹയ്ക്ക് 52.09 ലക്ഷം രൂപ നൽകിയതായും കണ്ടെത്തിയിരുന്നു. ഇതു കൂടാതെ, നിരവധി മാധ്യമപ്രവർത്തകർക്ക് ഇവർ വൻതുക നൽകിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ക്ലിക്കിന്റെ പ്രതികരണം
തങ്ങൾ ഏതെങ്കിലും പ്രൊപ്പഗാന്തയുടെ ഭാഗമായി പ്രചാരണങ്ങൾ നടത്തിയിട്ടില്ലെന്നും അനധികൃത രീതിയിൽ ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് പ്രതികരിച്ചു. ”ന്യൂസ്‌ക്ലിക്കിന് ലഭിച്ച എല്ലാ ഫണ്ടിംഗും നിയമപരമായ രീതിയിലൂടെയാണ്. നിയമം അനുശാസിക്കുന്നതനുസരിച്ച്, ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്”, ന്യൂസ്ക്ലിക്ക് ഒക്‌ടോബർ 4 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തങ്ങൾ ചൈനക്കു വേണ്ടി പ്രചാരണം നടത്തുന്നില്ലെന്നും ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെയോ അധികാരിയുടെയോ നിർദ്ദേശപ്രകാരം നേരിട്ടോ അല്ലാതെയോ ഒരു വാർത്തയോ വിവരമോ പ്രസിദ്ധീകരിക്കില്ലെന്നും കമ്പനി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. നെവിൽ റോയ് സിംഘത്തിൽ നിന്ന് ഇതു സംബന്ധിച്ച് യാതൊരു നിർദേശങ്ങളും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. നിർഭയമായി പ്രവർത്തിക്കുന്നവരെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ തങ്ങൾക്കു മേൽ യുഎപിഎ കുറ്റം ചുമത്തിയതെന്നും ന്യൂസ്ക്ലിക്ക് ആരോപിച്ചു.