2019ലെ ദൗത്യം പരാജയപ്പെട്ടതിന് ശേഷം, ഇപ്പോഴിതാ ചന്ദ്രനിൽ പേടകം എത്തിച്ച് യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയും.
ബുധനാഴ്ച വൈകിട്ട് 6.04-ന് റോവർ പ്രഗ്യാനൊപ്പം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ഇറങ്ങിയ സമയം രാജ്യമെമ്പാടും വലിയ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ സ്‌പേസ് റിസെർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ബെംഗളൂരുവിലെ ശാസ്ത്രജ്ഞരും ഇതേ സമയം കൈയ്യടിച്ച് ആഹ്ളാദം പങ്കുവച്ചു.
എന്നാൽ അടുത്ത രണ്ടാഴ്ച ചന്ദ്രയാൻ-3യ്ക്ക് ഏറെ നിർണായകമാണ്. ചന്ദ്രോപരിതലത്തിലെ ധാതുസംയുക്തങ്ങൾ വിശകലനം ചെയ്യുന്നതുൾപ്പടെയുള്ള ഒരു കൂട്ടം പരീക്ഷണങ്ങളിൽ ചന്ദ്രയാൻ-3 ഏർപ്പെടും. എന്നാൽ, 14 ഭൗമദിനങ്ങൾക്ക് ശേഷം ചാന്ദ്ര ദൗത്യത്തിനും അതിന്റെ ഘടകങ്ങൾക്കും എന്താണ് സംഭവിക്കുക?
advertisement
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ്സ് എത്ര?
ചന്ദ്രയാൻ-3യുടെ ഭാഗങ്ങളായ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ചാന്ദ്രദിനം അഥവാ ഭൂമിയിലെ 14 ദിവസങ്ങളാണ് ഇതിന്റെ ആയുസ്സായി കണക്കാക്കുന്നത്. സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്ന ഈ പതിന്നാല് ദിവസങ്ങൾ ദൗത്യത്തിന് ഏറെ നിർണായകമാണ്. ചന്ദ്രനിൽ ഏറ്റവും നന്നായി സൂര്യപ്രകാശം ലഭിക്കുന്നത് ഓഗസ്റ്റ് 23 മുതലാണ്. അതിനാലാണ് സോഫ്റ്റ് ലാൻഡിങ്ങിന് ഐഎസ്ആർഒ ഈ ദിവസം തിരഞ്ഞെടുത്തത്.
Also Read- ചന്ദ്രയാൻ-3യുടെ വിജയം; ദൗത്യത്തിൽ പങ്കുവഹിച്ച സെന്റം ഇലക്‌ട്രോണിക്‌സ് ഓഹരി വില 10 ശതമാനം ഉയർന്നു
14 ദിവസത്തിന് ശേഷം ഒരു ചാന്ദ്രദിനം അവസാനിക്കും. ഈ സമയം ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസിൽ എത്തും. ഈ താപനിലയിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യാതൊന്നിനും പ്രവർത്തിക്കാൻ കഴിയാതെ വരും.
ചന്ദ്രയാൻ-3 ദൗത്യത്തിന് സൂര്യപ്രകാശത്തിൽ ഒരു തരിമ്പ് പോലും നഷ്ടമാകരുതെന്ന് കരുതിയാണ് അതിന്റെ സോഫ്റ്റ് ലാൻഡിങ് ഐഎസ്ആർഒ ഓഗസ്റ്റ് 23-ന് തന്നെ നിശ്ചയിച്ചത്. ബുധനാഴ്ചയിലെ ലാൻഡിങ് പരാജയപ്പെട്ടാൽ തൊട്ടടുത്ത ദിവസമാണ് ലാൻഡിങ്ങിനായി കരുതിയിരുന്നത്. ഇതുകൂടി പരാജയപ്പെട്ടാൽ അടുത്ത ചാന്ദ്രദിനം വരുന്ന 29 ദിവസങ്ങൾ വരെ ശാസ്ത്രജ്ഞർ കാത്തിരിക്കേണ്ടി വരുമായിരുന്നു.
14 ദിവസങ്ങൾക്കുശേഷം ചന്ദ്രയാൻ 3-യ്ക്ക് എന്ത് സംഭവിക്കും?
ഒരു ചാന്ദ്രദിനത്തിന്റെ ആയുസ്സ് ചന്ദ്രയാൻ-3-ന് ഉണ്ട്. എന്നാൽ, മറ്റൊരു ചാന്ദ്രദിനത്തിൽ ലാൻഡർ വിക്രവും റോവർ പ്രഗ്യാനും ജീവസ്സുറ്റതാകാനുള്ള സാധ്യത ഐഎസ്ആർഒ അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല. സൂര്യനുള്ളിടത്തോളം കാലം എല്ലാ സംവിധാനത്തിലും ആവശ്യമായ ഊർജമുണ്ടാകുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കിയിരിക്കുന്നത്. സൂര്യൻ അസ്തമിക്കുന്നതോടെ എല്ലാം കൂരിരിട്ടിലാകും. താപനില താഴ്ന്ന് മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെയെത്തും. അതിനാൽ, ഈ താപനിലയിൽ സംവിധാനത്തിന് പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ, പ്രവർത്തിക്കാൻ കഴിഞ്ഞാൽ നമുക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. വീണ്ടും പ്രവർത്തനം തുടങ്ങിയാൽ നമുക്ക് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ കഴിയും. അങ്ങനെ സംഭവിക്കട്ടെയെന്ന് പ്രതീക്ഷിക്കാം, എസ്. സോമനാഥ് പറഞ്ഞു.
ചന്ദ്രയാൻ-3 ഭൂമിയിലേക്ക് തിരികെയെത്തുമോ?
ചന്ദ്രയാൻ-3യുടെ ഒരു ഭാഗങ്ങളും ഒരിക്കലും ഭൂമിയിലേക്ക് തിരികെയത്തില്ല. അവ ചന്ദ്രനിൽ തന്നെ തുടരും. 600 കോടി രൂപ മുതൽ മുടക്കിൽ, ചന്ദ്രയാൻ-3 ജൂലൈ 14-നാണ് വിക്ഷേപിച്ചത്. 41 ദിവസത്തെ യാത്രയ്ക്ക് ശേഷം അത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തി.
റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുകയാണ് ചന്ദ്രയാൻ-3.
ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങിയ ലാൻഡറിനുള്ളിൽ നിന്ന് റോവർ പുറത്തിറങ്ങിയിരുന്നു. പാരിസ്ഥിതിക വ്യത്യാസങ്ങളും മറ്റു ബുദ്ധിമുട്ടുകളും കാരണം, ചന്ദ്രനിലെ ധ്രുവപ്രദേശങ്ങൾ വളരെ വ്യത്യസ്തമായ ഭൂപ്രദേശമാണ്. അതിനാൽ, അവ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുകയാണ്. മുമ്പ് ഭൂമധ്യരേഖാ പ്രദേശത്താണ് എല്ലാ പേടകങ്ങളും ചന്ദ്രനിലിറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയും കൂടുതലായി പര്യവേക്ഷണം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, സ്ഥിരമായി ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.